കൊച്ചി: തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഇടക്കിടെ ഗുണ്ടകള്‍ തമ്മിലുള്ള പകപോക്കല്‍ പതിവായി നടക്കുകയാണ്. ഇവിടെ പോലീസ് നോക്കു കുത്തിയായി നില്‍ക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. ഇടക്കിടെ ഗുണ്ടാ നേതാക്കളുടെ ആവേശം മോഡല്‍ പിറന്നാള്‍ ആഘോഷങ്ങളും കേരളത്തില്‍ ഇപ്പോള്‍ പതിവാണ്. ഇതിനിടെയാണ് ഗുണ്ടകള്‍ ഇപ്പോള്‍ 'മീറ്റ് അപ്പ് പാര്‍ട്ടി'കളിലേക്കും കടക്കുന്നത്. കൊച്ചി നഗരത്തിലാണ് ഇത്തരത്തില്‍ ഗുണ്ടകളുടെ പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ് നടന്നത.സ

കൊച്ചി നഗരത്തിലെ രണ്ട് ഹോട്ടലുകളില്‍ പൊലീസ് പരിശോധന നടത്തി. നഗരത്തില്‍ ഗുണ്ടകളുടെ മീറ്റ് അപ്പ് പാര്‍ട്ടി നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. മരട് സ്റ്റാച്യൂ ജങ്ഷനിലെ രണ്ട് ഹോട്ടലുകളിലായിരുന്നു പരിശോധന. ഒരു സിനിമാ കമ്പനിയുടെ ലോഞ്ചിങ് പാര്‍ട്ടിയാണ് നടന്നതെന്നാണ് സംഘാടകര്‍ നല്‍കിയ മൊഴി. അതേസമയം തിരുവനന്തപുരം കളിയിക്കാവിള ഭാഗത്ത് നിന്നുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ഇതില്‍ ചിലര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും വ്യക്തമായി.

ഹോട്ടലില്‍ നിന്ന് സംശയാസ്പദമായ പശ്ചാത്തലമുള്ള ആറു പേരെ കസ്റ്റഡിയിലെടുത്തെന്ന് മരട് പൊലീസ് പറഞ്ഞു. ഇവരില്‍ മൂന്ന് പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ഇവരുടേത് കരുതല്‍ തടങ്കലാണെന്ന് പൊലീസ് അറിയിച്ചു. മുഖ്യ സംഘാടകനായ കളയിക്കാവിള സ്വദേശി ആഷ്ലി പൊലീസ് എത്തിയതറിഞ്ഞ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ കൊച്ചിയിലേക്ക് വരാനുണ്ടായ സാഹചര്യം, അതിന് അനുമതി ഉണ്ടായിരുന്നോ എന്നടക്കം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കസ്റ്റഡിയിലുള്ളവരെ വിശദമായ ചോദ്യംചെയ്തിന് ശേഷമേ വിവരങ്ങള്‍ പുറത്തുവിടാന്‍ ആകൂവെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ ഒരു ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് ഒരു തോക്കും പെപ്പര്‍ സ്‌പ്രേയും കത്തിയും പോലീസ് കണ്ടെടുത്തു.

സിനിമാ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട കൂട്ടായ്മയാണ് നടന്നതെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പറയുന്നത്. ഇവരില്‍ മൂന്ന് പേര്‍ക്ക് ഇതുവരെ ക്രിമിനല്‍ പശ്ചാത്തലമില്ല. മുഖ്യ സംഘാടകനായ ആഷ്ലിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇയാളെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്നും പൊലീസ് പറയുന്നു.