നെയ്യാറ്റിന്‍കര: പിതാവിനെ മക്കള്‍ സമാധി ഇരുത്തിയെന്ന ദുരൂഹ സംഭവത്തിന്റെ ചുരുളക്കാന്‍ പോലീസ്. മൃതദേഹം പുറത്തെടുത്തു തിരുവനന്തപുരം മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോകുകയാണ്. കല്ലറയില്‍ കണ്ടെത്തിയ മൃതദേഹം ഗോപന്‍ സ്വാമിയുടേത് തന്നെയാണെന്നാണ് സൂചന. പത്മാസനത്തില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കല്ലറയില്‍ അടക്കം ചെയ്തത്. കല്ലറയില്‍ മണ്ണിന് പകരം കര്‍പ്പൂരവും കളഭവും അടക്കമമുള്ള പൂജാദ്രവ്യങ്ങളാണ് നിറച്ചിരുന്നത്. നെഞ്ചു വരെ കര്‍പ്പൂരവും ഭസ്മവും പൂജാവസ്തുക്കളും നിറച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

തുടര്‍ നടപടികള്‍ക്കായി മൃതദേഹം പുറത്തെടുത്തു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുന്നത്. തിരുവനന്തപുരം സബ്കലക്ടര്‍ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണു നടപടികള്‍ പുരോഗമിക്കുന്നത്.

ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയാണെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരിക്കുന്നത്. മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാനുള്ള ഫൊറന്‍സിക് പരിശോധനയാണു പൊലീസ് നടത്തുക.

കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലാണ്. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്. കല്ലറയിലെ മൃതദേഹത്തിന്, കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗോപന്‍ സ്വാമിയുമായി സാദൃശ്യമുണ്ടെന്നു പൊലീസ് അനൗദ്യോഗികമായി വ്യക്തമാക്കുന്നു. ഇതു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തും. മരണകാരണവും കണ്ടെത്താനുണ്ട്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പുലര്‍ച്ചെതന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഭരണകൂടമാണു കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി രാവിലെത്തന്നെ അടച്ചു; ഇവിടെ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല. ടാര്‍പോളിന്‍ ഉപയോഗിച്ച് കല്ലറ മറച്ചതിനു ശേഷമാണു മേല്‍മൂടി തുറന്നത്. ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ആര്‍ഡിഒയും ഡിവൈഎസ്പിയും മറ്റുമെത്തി കല്ലറ തുറക്കാന്‍ ശ്രമിച്ചിരുന്നു. ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനകളുടെ നേതാക്കളും കുടുംബവും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. കല്ലറ പരിശോധിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഇന്നു പുലര്‍ച്ചെതന്നെ വന്‍ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്.

സമാധിയായി എന്നു പറയപ്പെടുന്ന ഗോപന്റെ ഭാര്യ സുലോചന ആര്‍ഡിഒ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നു ഹൈക്കോടതി ആരാഞ്ഞു. മരണസര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരും. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണ്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്.

സ്വാഭാവിക മരണമാണോ അസ്വാഭാവിക മരണമാണോയെന്നു തിരിച്ചറിയണം. എങ്ങനെയാണു മരിച്ചതെന്ന് അറിയിക്കാന്‍ കുടുംബത്തോടും ആവശ്യപ്പെട്ടിരുന്നു.