- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സര്‍ക്കാര്‍ തടി മുക്കി സ്വകാര്യ ഏലം ഡ്രയറുകള്‍! കട്ടപ്പനയില്‍ ലക്ഷങ്ങളുടെ മരക്കൊള്ള; പ്രതികളെ രക്ഷിക്കാന്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ 'ബ്ലൈന്‍ഡ്' കളി! പൊലീസിനെപ്പോലും വെട്ടിലാക്കി 'അവ്യക്ത' പരാതി; ഒത്തുകളി പൊളിയുന്നു
സര്‍ക്കാര്‍ തടി മുക്കി സ്വകാര്യ ഏലം ഡ്രയറുകള്‍!

കട്ടപ്പന: റോഡ് നവീകരണത്തിനായി മുറിച്ചുമാറ്റി ലേലം കാത്തു കിടന്ന ടണ്‍ കണക്കിന് സര്‍ക്കാര്‍ തടികള്‍ സ്വകാര്യ ഏലം ഡ്രയര്‍ ഉടമകള്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. സംഭവത്തില്‍ കേസെടുക്കാന്‍ തയ്യാറാണെന്ന് വണ്ടന്‍മേട് പൊലീസ് അറിയിച്ചെങ്കിലും അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള അവ്യക്തമായ പരാതിയാണ് വകുപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന് വന്‍ വരുമാനം ലഭിക്കേണ്ട മരങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി എട്ടാം മൈല്‍ ഭാഗത്തുനിന്ന് മുറിച്ചുനീക്കി പമ്പുപാറയില്‍ റോഡരികില്‍ സൂക്ഷിച്ചിരുന്ന തടികളാണ് കഴിഞ്ഞ ദിവസം ലോറികളുമായെത്തിയ സ്വകാര്യ ഏലം ഡ്രയര്‍ ഉടമകള്‍ കടത്തിയത്. നാല് ലോഡിലധികം വരുന്ന വിലപിടിപ്പുള്ള മരങ്ങള്‍ യാതൊരു അനുമതിയുമില്ലാതെ മാറ്റുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വകുപ്പിലെ ജീവനക്കാരന്‍ സ്ഥലത്തെത്തിയിട്ടും നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു. വിവാദമായതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഡ്രയര്‍ ഉടമയുമായി ബന്ധപ്പെടുകയും ഒരു ലോഡ് തടി മാത്രം തിരികെ എത്തിച്ച് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. അന്വേഷണം ആരംഭിക്കാനായി പൊലീസ് വിവരങ്ങള്‍ തേടിയെങ്കിലും, പൊതുമരാമത്ത് വകുപ്പ് നല്‍കിയ പരാതിയില്‍ പ്രതികളുടെ പേരോ മറ്റ് അനിവാര്യമായ വിവരങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
'ബ്ലൈന്‍ഡ്' ആയ പരാതി നല്‍കി പൊലീസിനെ വെട്ടിലാക്കുകയും പ്രതികളെ പിടികൂടുന്നത് വൈകിപ്പിക്കുകയുമാണ് വകുപ്പിന്റെ നീക്കം. കൃത്യമായ രേഖകളും വിവരങ്ങളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്കുമെന്നാണ് അറിയുന്നത്. മതിയായ വിവരങ്ങള്‍ ഹാജരാക്കുന്ന മുറയ്ക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വന്‍തോതിലുള്ള സര്‍ക്കാര്‍ സ്വത്ത് കടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളി പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.


