- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ നേതാക്കളും സംഘടനകളുമടക്കം 'പ്രതി'സ്ഥാനത്ത്; പരാതിക്കാരുടെ എണ്ണം പെരുകിയിട്ടും പൊലീസിന് മെല്ലെപ്പോക്ക്; പാതിവില തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിഞ്ഞതോടെ ജില്ലകള്‍ തോറും അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം; എസ്പി സോജന് മേല്‍നോട്ട ചുമതല
പാതിവില തട്ടിപ്പ്: ജില്ലകള്‍ തോറും അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാനമാകെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങള്‍. ആവശ്യമെങ്കില്‍ ലോക്കല്‍ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഓരോ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെയും മേല്‍നോട്ട ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സോജനാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. ജില്ലകളിലാകെയുള്ള കേസുകള്‍ ക്രൈം ബ്രാഞ്ച് എഡിജിപി പരിശോധിക്കും.
ഡിവൈഎസ്പിമാരും സി.ഐമാരും ഉള്‍പ്പടെ 81 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെയും സൈബര്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ആദ്യം രജിസ്റ്റര്‍ ചെയ്ത 34 കേസുകളിലായി മാത്രം 37 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
എറണാകുളം 11, ഇടുക്കി 11, ആലപുഴ 8, കോട്ടയം 3, കണ്ണൂര്‍ 1 എന്നിങ്ങനെ 34 കേസുകളാണ് ക്രൈം ബ്രാഞ്ച് ആദ്യം അന്വേഷിക്കുക. അനന്ദു കൃഷ്ണന്‍, കെ.എന്‍ ആനന്ദകുമാര്‍ തുടങ്ങിയവരെ ചോദ്യം ചെയ്യുകയായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. അന്വേഷണം ആരംഭിച്ച ശേഷം ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകള്‍ കൂടി ക്രൈം സംഘത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.
അതിനിടെ പാലക്കാട് ഒറ്റപ്പാലത്ത് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സോഷ്യോ ഇകണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റിക്കെതിരെയാണ് കേസ്. സൊസൈറ്റിയുടെ ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീജ ദേവദാസും ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ അനിതയുമാണ് പ്രതികള്‍. മനിശ്ശേരി, കണ്ണിയംപുറം സ്വദേശികളുടെ പരാതികളിലാണ് നടപടി. പാതി വിലക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് ഇരുവരില്‍ നിന്നുമായി പണം തട്ടിയെന്നാണു കേസുകള്‍.
പ്രതിദിനം പരാതിക്കാരുടെ എണ്ണം ഏറുകയാണെങ്കിലും കേസെടുക്കുന്നതില്‍ പൊലീസിന് മെല്ലെപ്പോക്കെന്ന് ആക്ഷേപം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നു കൂടിയാണ് അന്വേഷണം ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഏറണാകുളത്ത് മാത്രം ആയിരത്തോളം പരാതികളുണ്ടെങ്കിലും ആകെ രജിസ്റ്റര്‍ ചെയ്തത് പത്തില്‍ താഴെ കേസ് മാത്രമാണ്. രാഷ്ട്രീയ നേതാക്കളും സംഘടനകളും പണം കൈപ്പറ്റിയ സാഹചര്യമാണ് മെല്ലെപോക്കിന് കാരണമെന്നാണ് ആക്ഷേപം.
കേസുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. തിരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തിരഞ്ഞെടുപ്പ് ഫണ്ടിനായി നല്‍കിയെന്നും അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎല്‍എ 7 ലക്ഷം രൂപ കയ്യില്‍ വാങ്ങി. തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് വഴി സിപിഎം നേതാവിന് 25 ലക്ഷം രൂപ നല്‍കി. മൂവാറ്റുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് 5 ലക്ഷം രൂപ വായ്പ വാങ്ങി. മലയോര ജില്ലയിലെ യുഡിഎഫ് എംപിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിനായി 9 ലക്ഷം രൂപ നല്‍കിയെന്നും അനന്തു കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അനന്തുകൃഷ്ണനെ ഇന്നലെ എറണാകുളത്തെ വിവിധയിടങ്ങളില്‍ എത്തിച്ച് മൂവാറ്റുപുഴ പൊലീസ് തെളിവെടുത്തിരുന്നു. പൊന്നുരുന്നിയിലെ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പ്രോജക്ട് ഓഫീസ്, പനമ്പിള്ളിനഗറിലെ വില്ല, മറൈന്‍ഡ്രൈവിലെ അശോക ഫ്‌ളാറ്റ്, പാലാരിവട്ടത്തെയും കളമശേരിയിലെയും ഓഫീസുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എല്ലാ സ്ഥലവും പൊലീസ് സീല്‍ ചെയ്തു. ഇലക്ട്രോണിക് വസ്തുക്കളും മറ്റും പരിശോധിക്കേണ്ടതിനാല്‍ വീണ്ടും പരിശോധന നടത്തും.