തിരുവനന്തപുരം: സിനിമാമേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങള്‍ അന്വേഷിക്കുന്നതിന് രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്ന് തുടരന്വേഷണത്തിന് മാര്‍ഗ്ഗരേഖ തയ്യാറാക്കി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ വനിതാ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി.

ഇതുമായിബന്ധപ്പെട്ട് ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസര്‍മാരെ കൂടാതെ മറ്റ് മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ഇന്റലിജന്‍സ് എഡിജിപിയും യോഗത്തിനെത്തി. അതിനിടെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നീ നടന്‍മാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ നടി പരാതി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.

നടന്‍മാര്‍ കൂടാതെ രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍ക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തര്‍ക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണവുമായി നടി രംഗത്തെത്തിയത്. മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ വന്ന ശേഷം പ്രത്യേക അന്വേഷണസംഘം ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പരാതി നല്‍കിയത്.

സംഭവമുണ്ടായ സമയത്ത് പരാതി നല്‍കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. പരാതിയുമായി മുന്നോട്ടുപോകുമെന്നും ഇനിയൊരാള്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും അവര്‍ പ്രതികരിച്ചു. പ്രത്യേക അന്വേഷണസംഘത്തിനു മുന്നിലാണ് പരാതി നല്‍കിയത് എന്നതിനാല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്താകും കേസ് രജിസ്റ്റര്‍ ചെയ്യുക. വരും ദിവസങ്ങളില്‍ അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും.

ഇതിനൊപ്പം സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക പോലീസ് സംഘം വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ ചിലരില്‍നിന്ന് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥര്‍ ഫോണില്‍ പ്രാഥമിക വിവരങ്ങള്‍ ആരാഞ്ഞു. ഡി.ഐ.ജി. ഉള്‍പ്പെടെയുള്ള വനിതാ ഉദ്യോഗസ്ഥര്‍തന്നെ പൂര്‍ണമായും അന്വേഷണം നടത്താനാണ് തീരുമാനം. ആരോപണമായി എത്തിയവര്‍ മൊഴി നല്‍കാന്‍ തയ്യാറാണെങ്കില്‍ അത് രേഖപ്പെടുത്തും.

ഒരു സംവിധായകനെതിരേ ആരോപണവുമായി രംഗത്തെത്തിയ വനിതാ കഥാകൃത്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്തിനെതിരേ ആരോപണം ഉന്നയിച്ച ബംഗാളി നടി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി. നടന്‍ ബാബുരാജും സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനും പീഡിപ്പിച്ചെന്ന് കോട്ടയം സ്വദേശിനിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആരോപിച്ചു. രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്ന് അവരും അറിയിച്ചിട്ടുണ്ട്.