- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നുവെന്ന് ഡബ്ല്യുസിസി; നോഡല്‍ ഓഫീസറെ നിയമിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി; സിനിമ കോണ്‍ക്ലേവ് ജനുവരിയില്‍ നടത്തുമെന്ന് സര്‍ക്കാര്‍
ഹേമ കമ്മിറ്റി: നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നതായുള്ള പരാതിക്ക് പിന്നാലെ ആക്ഷേപങ്ങള്‍ അറിയിക്കാന്‍ നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി. പ്രത്യേകാന്വേഷണ സംഘത്തിനാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരുടെ പ്രത്യേക ബെഞ്ച് നിര്‍ദേശം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി പ്രത്യേക അന്വേഷണ സംഘം നേരിട്ടു ഹാജരായി കോടതിയില്‍ സമര്‍പ്പിച്ചു. അതേ സമയം സിനിമ കോണ്‍ക്ലേവ് ജനുവരിയില്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. മൊഴി നല്‍കിയവരും മറ്റ് വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് ഇന്ന് ഡബ്ല്യുസിസി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പരാതിക്കാര്‍ക്ക് എല്ലായ്പ്പോഴും എസ്‌ഐടി അംഗങ്ങളെ ബന്ധപ്പെടാന്‍ സാധിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ ഇവരുടെ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗമുണ്ടാകണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് എസ്‌ഐടിയോട് നോഡല്‍ ഓഫിസറെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചാല്‍ പരാതിക്കാര്‍ക്ക് നോഡല്‍ ഓഫിസറെ അറിയിക്കാം. ലഭിക്കുന്ന പരാതികള്‍ നോഡല്‍ ഓഫിസര്‍ അന്വേഷണ സംഘത്തിനു കൈമാറും. കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി അന്വേഷണ സംഘം നേരിട്ടു ഹാജരായി കോടതിയില്‍ സമര്‍പ്പിച്ചു. അടച്ചിട്ട കോടതിയിലാണ് വിശദാംശങ്ങള്‍ കൈമാറിയത്.
അതേസമയം, സിനിമ കോണ്‍ക്ലേവ് ജനുവരിയില്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഷാജി എന്‍.കരുണ്‍ സമിതി കരട് റിപ്പോര്‍ട്ട് കോണ്‍ക്ലേവില്‍ അവതരിപ്പിക്കും. ഈ കരട് തയാറാക്കുന്നതിനായി 75ഓളം സംഘടനകളുമായും 500ലേറെ വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി. കരട് സിനിമ കോണ്‍ക്ലേവില്‍ സമര്‍പ്പിക്കും. അവിടെയുണ്ടാകുന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കുക. സര്‍ക്കാരായിരിക്കും നയരൂപീകരണത്തില്‍ അന്തിമ തീരുമാനമെടുക്കുക.