അമരാവതി: ആന്ധ്ര പ്രദേശിലെ എഞ്ചിനീയറിംഗ് കോളേജില്‍ വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്നും ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. ഒളിക്യാമറ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. പണം വാങ്ങി ഈ വിദ്യാര്‍ത്ഥി ദൃശ്യങ്ങള്‍ വിതരണം ചെയ്‌തെന്നും പൊലീസ് പറഞ്ഞു.

കൃഷ്ണന്‍ ജില്ലയിലെ ഗുഡ്ലവല്ലേരു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്. ഇന്നലെ വൈകുന്നേരമാണ് ശുചിമുറിയിലെ ഒളിക്യാമറ വിദ്യാര്‍ത്ഥിനികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച്ച വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം ഇന്ന് രാവിലെ വരെ നീണ്ടു. 'ഞങ്ങള്‍ക്ക് നീതി വേണം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

സംഭവവുമായി ബന്ധപ്പെട്ട് ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു, കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. വനിതാ ഹോസ്റ്റല്‍ വാഷ്റൂമില്‍ നിന്ന് 300ലധികം ഫോട്ടോകളും ദൃശ്യങ്ങളും റെക്കോര്‍ഡ് ചെയ്‌തെന്നും ചില വിദ്യാര്‍ത്ഥികള്‍ വിജയില്‍ നിന്ന് ഈ വീഡിയോകള്‍ വാങ്ങിയെന്നും ആരോപണമുണ്ട്.

ഈ സംഭവത്തിന് ശേഷം ഹോസ്റ്റലിലെ ശുചിമുറിയില്‍ പോവാന്‍ പോലും ഭയമാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. എങ്ങനെയാണ് വിദ്യാര്‍ത്ഥി വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ സ്ഥാപിച്ചത് എന്നതിനെ കുറിച്ചും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വിദ്യാര്‍ഥികളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പ്രതിഷേധവുമായി വിദ്യാര്‍ഥികളും നാട്ടുകാരും രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനികള്‍ വാഷ്റൂമിലെ ഒളിക്യാമറ കണ്ടെത്തിയത്.

രാത്രിയും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടര്‍ന്നതോടെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിക്കുന്ന ബിടെക് അവസാന വര്‍ഷ വിദ്യാര്‍ഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ക്യാമറ സ്ഥാപിച്ചതിലും വീഡിയോകള്‍ നല്‍കിയതിലും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്നുംപൊലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് വിദ്യാര്‍ഥിനികളുടെ ശുചിമുറിയിലെ ഒളിക്യാമറ അടര്‍ന്ന് വീണതോടെ ആണ് വിഷയം പുറത്തറിയുന്നത്. വ്യാഴാഴ്ച വൈകീട്ട് മുതല്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധത്തിലാണ്. പ്രദേശവാസികളും വിഷയത്തില്‍ രോഷാകുലരാണ്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയണമെന്നുമാണ് ഇവരുടെ ആവശ്യം.