കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ യുവാവിനെ കാറിനുള്ളില്‍ ബന്ദിയാക്കിയ നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി ദേശീയപാതയിലെ കാട്ടിലെപീടികയില്‍ കാറിനുള്ളിലാണ് യുവാവിനെ ബന്ദിയാക്കിയ നിലയില്‍ കണ്ടെത്തിയത്. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറില്‍ കെട്ടിയിട്ടത്. തന്നെ ബന്ദികളാക്കിയ സംഘം കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തു എന്നാണ് യുവാവ് പറയുന്നത്.

സ്വകാര്യ എടിഎമ്മില്‍ നിറക്കാനുള്ള പണമാണ് നഷ്ടമായത്. കാറില്‍ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവര്‍ന്നതെന്നും യുവാവ് പറഞ്ഞു. ഇന്ന് വൈകിട്ടോടെയാണ് റോഡരികില്‍ നിര്‍ത്തിയ കാറിനുള്ളില്‍ യുവാവിനെ കയറുകൊണ്ട് ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്താകെ മുളക് പൊടി വിതറിയിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ കാറിനുള്ളിലേക്ക് നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പണവുമായി കോഴിക്കോട് ഭാഗത്തേക്ക് വരുമ്പോള്‍ അരിക്കുളം കുരുടി മുക്കില്‍ നിന്നും പര്‍ദ്ദയിട്ട സ്ത്രീയാമ് എത്തിയത്. വണ്ടി നിര്‍ത്തിയയുടന്‍ സ്ത്രീ അതിക്രമിച്ച് കാറിലേക്ക് കയറിയെന്നും സ്‌പ്രേ അടിച്ച് ബോധം കെടുത്തുകയായിരുന്നുവെന്നും സുഹൈല്‍ പറഞ്ഞു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

ബോധം തെളിഞ്ഞപ്പോള്‍ തിരുവങ്ങൂര്‍ ഭാഗത്തായിരുന്നുവെന്നാണ് സുഹൈല്‍ പറഞ്ഞത്. യുവതിക്ക് പുറമെ, കാറില്‍ വേറെയും ആളുകള്‍ ഉണ്ടായിരുവെന്നും കാട്ടില്‍ പീടികയില്‍ കാര്‍ നിര്‍ത്തിയ ശേഷം ഈ സംഘം കടന്നുകളഞ്ഞുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി സുഹൈലിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

യുവാവിന്റെ മൊഴിയും ആക്രമണ സ്വഭാവവും കൂടുതല്‍ ദുരൂഹതകള്‍ ഉയര്‍ത്തുന്നതാണ്. നാട്ടുകാരില്‍ ചിലരാണ് സംഭവം പോലീസില്‍ അറിയിച്ചത്. കാറില്‍ നിന്നും ഒരാള്‍ നിലവിളിക്കുന്നത് കേട്ടാണ് കാറിനടുത്തേക്ക് പോയതെന്ന് ദൃക്ഷാക്ഷി വെളിപ്പെടുത്തി. കാറിനകത്ത് യുവാവിനെ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടത്.

മുഖത്തും കാറിനകത്തും മുളക്‌പൊടി വിതറിയിരുന്നു. കാറിന്റെ ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. ഒരു വശത്തെ ഗ്ലാസ് താഴ്ത്തി വച്ചിരുന്നു. റോഡിനോട് ചേര്‍ന്നായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്. പൊലീസിനെ അറിയിച്ചു യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.