- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശ്രവണ-സംസാരപരിമിതിയുള്ള യുവാവ് സഫീനയുമായി പരിചയത്തിലാകുന്നത് ഇന്‍സ്റ്റാഗ്രാം ചാറ്റ് വഴി; ആണ്‍സുഹൃത്തായ അമല്‍ വേണുഗോപാലും വിവരം അറിഞ്ഞതോടെ യുവാവിനെ കെണിയിലാക്കി പണം തട്ടാന്‍ പദ്ധതികള്‍ തുടങ്ങി; തഞ്ചത്തില്‍ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി 'ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം' എന്നു പറഞ്ഞു ക്രൂരമര്‍ദനം; ഹണിട്രാപ്പ് കേസില്‍ പിടിയിലായിട്ടും ചരിച്ചുകളിച്ചു പ്രതി
ഹണിട്രാപ്പ് കേസില്‍ പിടിയിലായിട്ടും ചരിച്ചുകളിച്ചു പ്രതി

കൊച്ചി: ഭിന്നശേഷിക്കാരനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചു പണം തട്ടിയ സംഭവത്തില്‍ നടന്നത് വന്‍ ആസൂത്രണം. യുവതിയും സംഘവും ലക്ഷ്യമിട്ടത് ഹണിട്രാപ്പില്‍ കുരുക്കി പണംതട്ടാനായിരുന്നു. കഴിഞ്ഞദിവസം കൊച്ചിയില്‍ പിടിയിലായ നോര്‍ത്ത് പറവൂര്‍ കുത്തിയതോട് ചാലക്ക കടവില്‍ സഫീന (സഫീന ഷുക്കൂര്‍-27), തൃപ്പൂണിത്തുറ ഇരുമ്പനം മനയില്‍മഠം അമല്‍ വേണുഗോപാല്‍ (32), വൈറ്റില ഷൈന്‍ റോഡില്‍ കോയിത്തറ വീട്ടില്‍ ജോണ്‍ രാഹുല്‍ (23), മരട് കുറുവാനിപ്പാടം ആനന്ദ് മുരുകന്‍ (29) എന്നിവരാണ് ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.
യുവാവിനെ ഹണിട്രാപ്പില്‍ കുരുക്കാനുള്ള ശ്രമം പാളിയതോടെയായിരുന്നു പ്രതികളുടെ അതിക്രമം. കേസില്‍ ആകെ അഞ്ച് പ്രതികളുണ്ടെന്നും ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു. കൊല്ലം നല്ലിള സ്വദേശിയായ 30-കാരനെയാണ് പ്രതികള്‍ ആക്രമിച്ചത്. ശ്രവണ-സംസാരപരിമിതിയുള്ള യുവാവ് കൊച്ചിയില്‍ ഫുഡ് ഡെലിവറി ബോയ് ആയി ജോലിചെയ്തുവരികയാണ്. ഒരുമാസം മുന്‍പാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി സഫീനയുമായി പരിചയത്തിലാകുന്നത്. ഇത് പിന്നീട് വഴിവിട്ട ചാറ്റിങ്ങിലേക്കെത്തി.
ഇങ്ങനെ ഫീന യുവാവുമായി ചാറ്റുചെയ്യുന്നത് ആണ്‍സുഹൃത്തായ അമല്‍ വേണുഗോപാലും അറിഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് യുവാവിനെ കെണിയിലാക്കി പണം തട്ടാനുള്ള പദ്ധതികള്‍ ആസൂത്രണംചെയ്തത്. ഇതിനായി സഫീനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് യുവാവിനെ പ്രലോഭിപ്പിക്കുന്നരീതിയിലുള്ള സന്ദേശങ്ങളും അയച്ചുവെന്നാണ് പോലീസ് പറയുന്നത്.
ദിവസങ്ങളോളം ചാറ്റിങ് തുടര്‍ന്നതോടെ സഫീനയും അമലും യുവാവിനെ പനമ്പിള്ളിനഗറിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. ഇന്‍സ്റ്റഗ്രാം വഴി സഫീനയുടെ ലോഡ്ജിലേക്കുള്ള ക്ഷണം യുവാവ് സ്വീകരിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഫെബ്രുവരി 22-ന് വൈകീട്ട് ലോഡ്ജിലെത്തി. എന്നാല്‍, ലോഡ്ജ്മുറിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അമലും മറ്റുള്ളവരും ഇതേ മുറിയിലേക്ക് അതിക്രമിച്ചുകയറിയെത്തിയത്.
ഇതോടെ സംഭവം കെണിയാണെന്ന് യുവാവിന് ബോധ്യപ്പെട്ടു. പുറത്തുകടക്കാനായി യുവാവ് ശ്രമിച്ചെങ്കിലും പ്രതികള്‍ അതിന് അനുവദിച്ചില്ല. അമലും സംഘവും യുവാവിനെ ക്രൂരമായി മര്‍ദിച്ചു. സഫീനയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും നിര്‍ബന്ധിച്ചു. യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ പകര്‍ത്തി ഇതുവെച്ച് ഭീഷണിപ്പെടുത്താനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍, യുവാവ് ഇതിന് കൂട്ടാക്കാതിരുന്നതോടെ മര്‍ദനം തുടര്‍ന്നു.
ക്രൂരമായ മര്‍ദനത്തില്‍ യുവാവിന്റെ വാരിയെല്ലൊടിഞ്ഞു. തുടര്‍ന്ന് യുവാവിനെ വിവസ്ത്രനാക്കിയ സംഘം, കൈയിലുണ്ടായിരുന്ന പേഴ്സും പണവും എടിഎം കാര്‍ഡും അടക്കം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിന് പിന്നാലെ താമസസ്ഥലത്ത് എത്തിയ യുവാവിനെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസിലെ പ്രധാനപ്രതികളായ സഫീനയെയും അമല്‍ വേണുഗോപാലിനെയും വാഴക്കാലയിലെ ലോഡ്ജില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാഹുലിനെ വൈറ്റിലയിലെ വീട്ടില്‍നിന്നും ആനന്ദ് മുരുകനെ ചോറ്റാനിക്കരയിലെ വാടകവീട്ടില്‍നിന്നും പിടികൂടി. യുവതിയൊഴികെ മറ്റ് പ്രതികളെല്ലാം മുന്‍പ് നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. യുവാവിനെ മര്‍ദിച്ച കേസ് ചൂണ്ടിക്കാട്ടി പ്രതികളുടെ മറ്റ് കേസുകളിലെ ജാമ്യം റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഹണിട്രാപ്പ്, ആക്രമണക്കേസില്‍ പോലീസ് പിടിയിലായിട്ടും യാതൊരു കൂസലുമില്ലാതെയായിരുന്നു സഫീനയുടെ പെരുമാറ്റം. പോലീസ് അറസ്റ്റ്ചെയ്ത് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരും വിവരമറിഞ്ഞ് ഇവിടെയെത്തിയിരുന്നു. എന്നാല്‍, ക്യാമറകള്‍ക്ക് മുന്നില്‍ ചിരിച്ചുകൊണ്ടാണ് സഫീന നിന്നത്. മാത്രമല്ല, നല്ല ഫോട്ടോ എടുക്കണേയെന്ന് ചിരിച്ചുകൊണ്ട് പറയുകയുംചെയ്തു. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥന്‍ കേസിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കുന്നതിനിടെയും ഇതിന്റെ തൊട്ടുപിറകില്‍ പുഞ്ചിരിച്ചുകൊണ്ടാണ് സഫീന നില്‍പ്പുണ്ടായിരുന്നത്.


