കൊച്ചി: കൊച്ചിയില്‍ യുവതിയെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തി ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ മുമ്പും നിരവധി പേരെ ചൂഷണം ചെയ്തതായി സൂചന. പരാതിക്കാരില്ലാതെ പോയതിനാല്‍ ഇവര്‍ രക്ഷപെട്ടു പോകുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പുതിയ കേസിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ്.

നോര്‍ത്ത് പറവൂര്‍ കുത്തിയതോട് ചാലക്കക്കടവില്‍ വീട്ടില്‍ സഫീന (27), ഇരുമ്പനം മനയില്‍ അമല്‍ (32), വൈറ്റില ഷൈന്റോഡില്‍ കോയിത്താരവീട്ടില്‍ ജോണ്‍ രാഹുല്‍ (23), മരട് കുറുവാനിപ്പാടം ആനന്ദ് മുരുകന്‍ (29) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ സഫ്‌നയെ പരിചയപ്പെട്ട കൊല്ലം നല്ലില സ്വദേശിയായ യുവാവാണ് അക്രമിക്കപ്പെട്ടത്. സംഭവദിവസം വൈകിട്ട് യുവതി പനമ്പിള്ളി നഗര്‍ സൗത്ത് പാലത്തിനടുത്തുള്ള ലോഡ്ജിലേക്ക് യുവാവിനെ ക്ഷണിച്ചു.

വൈകീട്ട് ആറരയോടെ യുവാവ് ഹോട്ടലിലെത്തി. ഈ സമയം ശുചിമുറിയില്‍ ഒളിച്ചിരുന്ന രണ്ടു പേരും പുറത്തു നിന്നെത്തിയ രണ്ടു പേരും കൂടി മാരകായുധങ്ങളുമായി യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിനെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി സഫ്‌നയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനു വിസമ്മതിച്ചതോടെ പ്രതികള്‍ മാറിമാറി യുവാവിന്റെ മുഖത്തടിക്കുകയും മുതുകില്‍ ചവിട്ടുകയും ചെയ്തു.

ഇതിനിടെ കൂട്ടത്തിലൊരാള്‍ ടോര്‍ച്ച് ഉപയോഗിച്ച് യുവാവിന്റെ വലതുകൈപ്പത്തിയില്‍ അടിച്ചു. തലയ്ക്ക് അടിക്കാന്‍ ശ്രമിച്ചെങ്കിലും ഇടതുകൈ കൊണ്ട് യുവാവ് തടഞ്ഞു. യുവാവിന്റെ നഗ്‌നചിത്രങ്ങളും പ്രതികള്‍ പകര്‍ത്തിയതായി എഫ്‌ഐആറില്‍ പറയുന്നു. 24ന് വൈകിട്ടാണ് യുവാവ് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ആംഗ്യഭാഷാ വിദഗ്ധയുടെ സഹായത്തോടെയാണ് പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ് 92 (എ) പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഘം നേരത്തെയും സ്ത്രീകളെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ കടവന്ത്ര പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. പ്രതികളില്‍ അമല്‍, ജോണ്‍ രാഹുല്‍, ജോണ്‍ രാഹുല്‍ എന്നിവര്‍ ലഹരിക്കടത്തിലും മര്‍ദനക്കേസുകളിലും പ്രതികളാണ്. ഇവരുടെ പേരിലുള്ള കേസുകളുടെ വിവരങ്ങള്‍ പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്. സ്ഥിരം കുറ്റവാളികളാണെങ്കില്‍ കാപ്പ ചുമത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിഗണിക്കും.