തിരുപ്പൂര്‍: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. തിരുപ്പൂര്‍ ജില്ലയിലെ പരുവായ് ഗ്രാമത്തില്‍ ഇതരജാതിക്കാരനെ പ്രണയിച്ചതിന് സഹോദരന്‍ 22കാരിയായ സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സഹോദരന്‍ ശരവണനെ പൊലീസ് അറസ്റ്റ് ചെയ്തു.

22 കാരിയായ കോളജ് വിദ്യാര്‍ഥിനി വിദ്യയാണ് ക്രൂര കൊലപാതകത്തിനിരയായത്. കോയമ്പത്തൂരിലെ സര്‍ക്കാര്‍ കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്നു വിദ്യ. ഇതരജാതിക്കാരനായ സഹപാഠിയെ പ്രണയിച്ചതിനാണ് യുവതിയെ സഹോദരന്‍ കൊലപ്പെടുത്തിയതും അപകട മരണമെന്ന നാട്ടുകാരെ അറിയിച്ച് സംസ്‌കാരമടക്കം നടത്തിയതും. എന്നാല്‍ കാമുകന്‍ വെണ്‍മണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യയുടെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചത്.




മാര്‍ച്ച് 30 നാണ് പരുവൈയിലെ വീട്ടില്‍ വിദ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ അലമാര തലയില്‍ വീണാണ് വിദ്യയുടെ മരണമെന്നായിരുന്നു കുടുംബത്തിന്റെ അവകാശവാദം. മരണവിവരം പൊലീസിനെ അറിയിക്കാതെ വീട്ടുകാര്‍ സംസ്‌കാരവും നടത്തി. എന്നാല്‍ വിദ്യയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് സഹപാഠിയും ആണ്‍സുഹൃത്തുമായ വെണ്‍മണി കാമനായകന്‍പാളയം പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തുവരുന്നത്. വിദ്യയുടെ മരണം കുടുംബം അവകാശപ്പെടുന്നത് പോലെ ഒരു അപകടമരണമല്ലെന്നായിരുന്നു വെണ്‍മണിയുടെ പരാതി.

വെണ്‍മണിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വിദ്യയെ സംസ്‌കരിച്ച സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് പിന്നാലെ തലയ്‌ക്കേറ്റ ശക്തമായ ആഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് കുടുംബത്തെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ സഹോദരന്‍ ശരവണന്‍ ഇരുമ്പ് വടി കൊണ്ട് വിദ്യയുടെ തലയില്‍ അടിച്ചതായി സമ്മതിച്ചു. താഴ്ന്ന സമുദായത്തില്‍പ്പെട്ട വെണ്‍മണിയുമായി വിദ്യയ്ക്ക് ബന്ധമുണ്ടായിരുന്നതിനാലാണ് താന്‍ സഹോദരിയെ കൊലപ്പെടുത്തിയതെന്ന് ശരവണന്‍ പൊലീസിന് മൊഴിനല്‍കി. പൊലീസ് ശരവണന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യാന്‍ കുടുംബത്തെയും കസ്റ്റഡിയിലെടുത്തു.