- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രണയബന്ധം വീട്ടുകാർ എതിർത്തു; ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകാൻ ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കി; 'ജീവന് ഭീഷണിയുണ്ടെന്ന്' അവസാന ഫോൺവിളി; പിന്നാലെ 19കാരി തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കാണാൻ പോലും അനുവദിക്കാതെ തിടുക്കപ്പെട്ട് ദഹിപ്പിച്ചു; വീണ്ടും ദുരഭിമാനക്കൊല?

തിരുനെൽവേലി: തിരുനെൽവേലിയിൽ രജിസ്റ്റർ വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ 19 വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിസംഭവം ദുരഭിമാനക്കൊലയെന്ന് സംശയം. ഇത് പ്രതിശ്രുത വരൻ ഇത് ദുരഭിമാനക്കൊലയാണെന്നാണ് ആരോപിക്കുന്നത്. എന്നാൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് കുടുംബത്തിന്റെ വിശദീകരണം. സംഭവം തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല സംബന്ധിച്ച ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
പേട്ട സ്വദേശിയായ 25 വയസ്സുകാരൻ അനന്തകൃഷ്ണനും മരിച്ച ശിവമതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. പട്ടികജാതിക്കാരനായ അനന്തകൃഷ്ണനുമായി മകൾക്ക് ബന്ധമുള്ളതിനെ എതിർത്ത ശിവമതിയുടെ കുടുംബം, ഒരു വർഷം മുൻപ് വിവാഹാലോചനയുമായി അനന്തകൃഷ്ണൻ എത്തിയപ്പോൾ മടക്കിയയച്ചിരുന്നു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും പ്രണയബന്ധം തുടർന്നു. കഴിഞ്ഞ മാസം ഇവർ രജിസ്റ്റർ വിവാഹത്തിനുള്ള നടപടികൾ ആരംഭിച്ചു. ഈ മാസം ആറാം തീയതി ചെങ്കോട്ടയിലെ ശിവകാമി അമ്മൻ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാൻ തീരുമാനിക്കുകയും, അതിനു മുന്നോടിയായി റവന്യു വകുപ്പിൽ നിന്ന് അവിവാഹിതരാണെന്ന സർട്ടിഫിക്കറ്റ് നേടുകയും ചെയ്തിരുന്നു.
വിവാഹ വിവരം അറിഞ്ഞതോടെ ശിവമതിയുടെ വീട്ടുകാർ പെൺകുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങുകയും അവളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മുത്തശ്ശിയുടെ ഫോണിൽ നിന്ന് അനന്തകൃഷ്ണനെ വിളിച്ച ശിവമതി, വീട്ടുകാർ തന്നെ മർദ്ദിച്ചതായും ജീവന് ഭീഷണിയുണ്ടെന്നും അറിയിച്ചിരുന്നു. ഈ ഫോൺ വിളി കഴിഞ്ഞ് ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ ശിവമതി വീടിനുള്ളിൽ ആത്മഹത്യ ചെയ്തു എന്ന വിവരമാണ് അനന്തകൃഷ്ണന് ലഭിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് ശിവമതിയെ കണ്ടെത്തിയതെന്നാണ് കുടുംബം ഡോക്ടർമാരോട് പറഞ്ഞത്.
വിവരമറിഞ്ഞ് ശിവമതിയുടെ വീട്ടിലെത്തിയ അനന്തകൃഷ്ണനെ മൃതദേഹം കാണാൻ പോലും അനുവദിച്ചില്ലെന്ന് പരാതിയുണ്ട്. പ്രബലജാതിക്കാരായ വീട്ടുകാർ ശിവമതിയെ കൊലപ്പെടുത്തിയെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നതിന് മുൻപ് തിടുക്കത്തിൽ മൃതദേഹം ദഹിപ്പിച്ചെന്നും അനന്തകൃഷ്ണൻ ആരോപിച്ചു. തുടർന്ന് അനന്തകൃഷ്ണൻ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, ദുരഭിമാനക്കൊലയാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.
തിരുനെൽവേലി പോലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശിവമതിയുടെ മരണം ആത്മഹത്യയാണെന്നാണ് വീട്ടുകാർ ആവർത്തിക്കുന്നത്. എന്നാൽ, മരണത്തിന് തൊട്ടുമുമ്പ് താൻ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് ശിവമതി കാമുകനോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ, ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടോ എന്നും മരണകാരണം ശ്വാസംമുട്ടിച്ചതാണോ എന്നും കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
2025 ജൂലൈയിൽ തൂത്തുക്കുടിയിൽ ദുരഭിമാനകൊല നടന്നിരുന്നു. കവിൻ സെൽവഗണേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ദളിത് വിഭാഗത്തിൽപ്പെട്ട സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്ന കവിനെ, കാമുകി സുഭാഷിണിയുടെ സഹോദരൻ വെട്ടിക്കൊല്ലുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ കൂടി അറസ്റ്റിലായ ആ കേസ് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. ജാതിയുടെ പേരിലുള്ള ഇത്തരം 'ദുരഭിമാന' കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക നിയമം വേണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.


