ആലപ്പുഴ: പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. ചികിത്സാ പിഴവാണ് മരണത്തിലേക്ക് വഴിവെച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം ഡോക്ടര്‍മാര്‍ക്ക് പണം നല്‍കിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

തേവലക്കര പാലയ്ക്കല്‍ വടക്ക് കോട്ടപ്പുറത്ത് വീട്ടില്‍ നൗഫലിന്റെ ഭാര്യ ജെ.ജാരിയത്ത് (22) ആണു മരിച്ചത്. ചികിത്സപ്പിഴവാണു മരണകാരണമെന്ന് ആരോപിച്ച ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സീസേറിയനു ശേഷം ഗുരുതരാവസ്ഥയിലായ ജാരിയത്ത് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഞായാഴ്ച്ച് പുലര്‍ച്ചെയാണ് മരിച്ചത്.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതിക്ക് വ്യാഴം രാത്രി അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അനസ്തീസിയ നല്‍കിയതിലുണ്ടായ പിഴവാണ് മരണത്തിനു കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

3 വര്‍ഷം മുന്‍പ് സാധാരണ പ്രസവത്തിലൂടെ പെണ്‍കുഞ്ഞിനു ജാരിയത്ത് ജന്മം നല്‍കിയതാണ്. രണ്ടാമത്തെ പ്രസവം നോര്‍മല്‍ ആയി നടത്താതെ ശസ്ത്രക്രിയ നടത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

ബന്ധുക്കള്‍ പറയുന്നത്: 14ന് പ്രസവവുമായി ബന്ധപ്പെട്ട് ജാരിയത്തിനെ കരുനാഗപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17ന് സീസേറിയന്‍ നടത്തി. അവിടെ അനസ്തീസിയ ഡോക്ടര്‍ക്ക് 2500 രൂപയും ഗൈനക്കോളജി ഡോക്ടര്‍ക്ക് 3000 രൂപയും നല്‍കി. ഐസിയു സൗകര്യം ഉള്ള ആംബുലന്‍സില്‍ അയയ്ക്കാതെ സാധാരണ 108 ആംബുലന്‍സില്‍ ഡോക്ടറുടെ സേവനം പോലും ഇല്ലാതെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

ജാരിയത്തിനെ എത്തിക്കുമ്പോള്‍ ഹൃദയത്തിലേക്കുള്ള പമ്പിങ്ങും രക്തസമ്മര്‍ദവും, ഹൃദയമിടിപ്പും കുറവായിരുന്നെന്നും തുടര്‍ന്നു വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പ്രതികരിച്ചു. എന്നാല്‍, ബന്ധുക്കളുടെ ആരോപണങ്ങള്‍ തള്ളുകയാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരും.

ജാരിയത്തിന് സാധ്യമായ എല്ലാ സേവനവും പിഴവു കൂടാതെ നല്‍കിയിട്ടുണ്ടെന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പന്മന പറമ്പിമുക്ക് വഴുതന തറ തെക്കേതില്‍ (പള്ളിവേലില്‍) ജമാലുദ്ദീന്‍ റസിയ ബീവി ദമ്പതികളുടെ മകളാണ് ജാരിയത്ത്. മകള്‍: സൈറ മറിയം. തെക്കുംഭാഗം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.