കൊച്ചി: തൊഴില്‍ വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തി യുവാവിനെ ചൈനീസ് സൈബര്‍ തട്ടിപ്പു കമ്പനിക്ക് നാലു ലക്ഷം രൂപയ്ക്ക് വിറ്റ കേസില്‍ ഒരാളെ തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി അഫ്സര്‍ അഷ്റഫ് ആണ് അറസ്റ്റിലായത്. തോപ്പുംപടി പോളകണ്ടം മാര്‍ക്കറ്റ് രാമേശ്വരം കനാല്‍ റോഡില്‍ താമസിക്കുന്ന യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.

അഫസ്ര് അഷ്റഫും മറ്റ് മൂന്ന് റിക്രൂട്ടിങ് ഏജന്റുമാരും ചേര്‍ന്ന് ഇയാള്‍ക്ക് ലാവോസില്‍ ഇന്‍വെസ്റ്റ്മെന്റ് സ്‌കീമില്‍ ജോലിവാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്. മേയ് 14 ന് ഇയാളില്‍ നിന്നും അരലക്ഷം രൂപ ഗൂഗിള്‍ പേ വഴിയാണ് വാങ്ങിയത്. ലാേവസിലുള്ള യിങ് ലോങ് എന്ന കമ്പനിയിലാണ് ജോലിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. അതിന് ശേഷം ഇയാളെയും മറ്റ് അഞ്ചു പേരെയും ലാവോസിലെ കമ്പനിയിലേക്ക് മനുഷ്യ കടത്ത് നടത്തുകയായിരുന്നു. ഒരാള്‍ക്ക് നാലു ലക്ഷം വീതം കമ്പനിയില്‍ നിന്ന് ഇയാള്‍ കൈപ്പറ്റിയിരുന്നുവത്രേ. ഓഗസ്റ്റ് മൂന്നു വരെ അവിടെ അടിമേവല ചെയ്യേണ്ടി വന്നു. സൈബര്‍ തട്ടിപ്പു സംഘത്തിന് വേണ്ടി നിയമവിരുദ്ധമായ ജോലിയാണ് ചെയ്തിരുന്നത്. മാനസിക, ശാരീരിക പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നു. തിരികെ നാട്ടിലേക്ക് വന്ന യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഓണ്‍ അറൈവല്‍ വിസയില്‍ ബാങ്കോക്കില്‍ എത്തിച്ച ശേഷം അവിടെ നിന്നും വിസ നല്‍കി ലാവോസില്‍ കൊണ്ടു പോയി. അവിടെ ചെന്ന് കഴിഞ്ഞപ്പോള്‍ പാസ്പോര്‍ട്ട് വാങ്ങിയ ശേഷം ചൈനീസ് ഭാഷയിലുള്ള നിരവധി പേപ്പറുകളില്‍ ഒപ്പിടുവിച്ചു. യു.കെ, യു.എസ്.എ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള ഇന്ത്യാക്കാരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ചാറ്റിങ്ങിലൂടെ ഇന്ത്യാക്കാരായ ആള്‍ക്കാരെ ബന്ധപ്പെടുകയും ഇവരെ കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് ട്രേഡിങ് ഇന്‍വെസ്റ്റ്മെന്റ് നടത്തുകയുമാണ് ചെയ്യുന്നത്. ക്രാകെന്‍ എന്ന ട്രേഡിങ് ആപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. ആപ്പില്‍ ആദ്യം പണം നിക്ഷേപിക്കുമ്പോള്‍ ലാഭം കൂടുതലായി കാണിക്കും. ഇതു കണ്ട് വലിയ തുക നിക്ഷേപിക്കുന്ന നിമിഷം തന്നെ പണം നഷ്ടമാകും. ആ അക്കൗണ്ട് ബ്ലോക്ക് ആവുകയും ചെയ്യും.

ഇന്ത്യയില്‍ നിന്ന് നിരവധി പേരുടെ പണം ഈ ആപ്പിലൂടെ ഇവര്‍ തട്ടിയെടുത്തു. തട്ടിപ്പിന് ഇരയായവരുടെ പരാതിയില്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ സുദര്‍ശനന്‍, മട്ടാഞ്ചേരി എസിപി കെ.ആര്‍. മനോജ്, തോപ്പുംപടി എസ്എച്ച്ഓ സിടി സഞ്ജയ്, എസ്ഐ ജിന്‍സന്‍ ഡൊമിനിക്, എഎസ്ഐ രൂപേഷ്, സിപിഓ ബിബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

യിങ് ലോങ് കമ്പനിയിലെ സോങ്, ബോണി, മറ്റു ഏതാനും സ്റ്റാഫുകള്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇന്ത്യയില്‍ നടക്കുന്ന സകല സൈബര്‍ തട്ടിപ്പുകളും ലാവോസിലെ ഈ കമ്പനി കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് പോലീസ് മുന്‍പ് മുന്നറിയിപ്പ്് നല്‍കിയിരുന്നു.