വഡോദര: ബീജ കുറവ് മൂലം ഭർത്താവിന് കുഞ്ഞുങ്ങളുണ്ടാകാൻ സാധ്യത കുറവ്. പിന്നാലെ തന്നെ അമ്മായിഅച്ഛനും ഭർതൃസഹോദരിയുടെ ഭർത്താവും ചേർന്ന് ബലാത്സംഗം ചെയ്തതായി നാൽപ്പതുകാരിയുടെ പരാതി. ഭർത്താവിൻ്റെ അറിവോടെയും സമ്മതത്തോടെയുമാണ് ക്രൂരത നടന്നതെന്നും, എതിർത്താൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും ഗുജറാത്തിലെ വഡോദരയി നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നു.

2024 ഫെബ്രുവരിയിലായിരുന്നു യുവതിയുടെ വിവാഹം. ഏതാനും ആഴ്ചകൾക്കുള്ളിൽ ഭർതൃവീട്ടുകാരുടെ നിർബന്ധപ്രകാരം ദമ്പതികൾ വന്ധ്യതാ ചികിത്സ തേടി. പരിശോധനയിൽ യുവതിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഭർത്താവിന് ബീജങ്ങളുടെ എണ്ണം കുറവായതാണ് ഗർഭധാരണത്തിന് തടസ്സമെന്നും വ്യക്തമായി. തുടർന്ന് ഐവിഎഫ് അടക്കമുള്ള ചികിത്സകൾ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല.

കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദവും അപമാനവും സഹിക്കാനാവാതെ വന്നതോടെ, ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന് യുവതി നിർദ്ദേശിച്ചു. എന്നാൽ, ഭർതൃകുടുംബം ഈ ആവശ്യം നിരാകരിച്ചു. ഇതിന് പിന്നാലെ 2024 ജൂലൈയിൽ, ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ അമ്മായിഅച്ഛൻ മുറിയിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം ഭർത്താവിനെ അറിയിച്ചപ്പോൾ, തനിക്ക് ഒരു കുഞ്ഞ് വേണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

സംഭവം പുറത്തുപറഞ്ഞാൽ നഗ്നചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു. ഇതോടെ യുവതി നിശ്ശബ്ദയായി. അമ്മായിഅച്ഛൻ പിന്നീട് പലതവണ പീഡനം തുടർന്നു. എന്നിട്ടും ഗർഭിണിയാകാതെ വന്നതോടെ 2024 ഡിസംബറിൽ ഭർതൃസഹോദരിയുടെ ഭർത്താവും പീഡിപ്പിക്കാൻ തുടങ്ങിയെന്ന് പരാതിയിൽ പറയുന്നു.

തുടർന്നുണ്ടായ ഗർഭം അലസിയതോടെയാണ് യുവതി പോലീസിനെ സമീപിക്കാൻ തീരുമാനിച്ചത്. അമ്മായിഅച്ഛനും ഭർതൃസഹോദരിയുടെ ഭർത്താവിനുമെതിരെ ബലാത്സംഗത്തിനും ക്രൂരമായ പീഡനത്തിനും യുവതി പരാതി നൽകിയിട്ടുണ്ട്. ഭർത്താവിൻ്റെ ഭീഷണിയെയും ഗൂഢാലോചനയെയും കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.