മെല്‍ബണ്‍: ലോകത്തെ നടുക്കിയ ഓസ്‌ട്രേലിയയിലെ ഭീകരാക്രമണത്തില്‍ പങ്കാളികളായ ആ നീചകുടുംബം പാക്കിസ്ഥാനികളല്ല, ഇന്ത്യക്കാരാണ് എന്നറിഞ്ഞ ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹം. ബോണ്ടി ബീച്ചിലുണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ട പ്രതികളിലൊരാളായ സാജിദ് അക്രമിന്റെ സ്വദേശം ഹൈദരാബാദാണെന്നാണ് സ്ഥിരീകരണം. 27 വര്‍ഷം മുന്‍പ് ഇയാള്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണെന്നും, ഹൈദരാബാദിലെ കുടുംബവുമായി ഇദ്ദേഹത്തിന് പരിമിതമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും തെലങ്കാന ഡിജിപി ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹൈദരാബാദില്‍ ബി കോം ബിരുദം പൂര്‍ത്തിയാക്കിയ അക്രം 1998 നവംബറിലാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. തുടര്‍ന്ന് യൂറോപ്യന്‍ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കി. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. അതേസമയം ഓസ്‌ട്രേലിയയില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അവര്‍ സറണ്ടര്‍ ചെയ്തില്ല. സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ട്.

മകന്‍ നവീദ് അക്രവും മകളും ഓസ്ട്രേലിയയിലാണ് ജനിച്ചത്. ഇരുവരും ഓസ്ട്രേലിയന്‍ പൗരന്മാരാണ്. ഇന്ത്യയിലെ ബന്ധുക്കളില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, കഴിഞ്ഞ 27 വര്‍ഷമായി ഹൈദരാബാദിലുള്ള തന്റെ കുടുംബവുമായി സാജിദ് അക്രത്തിന് പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ശേഷം 6 തവണയാണ് ഇന്ത്യയിലെത്തിയത്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പ്രായമായ മാതാപിതാക്കളെ സന്ദര്‍ശിക്കല്‍ തുടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു സന്ദര്‍ശനങ്ങള്‍. പിതാവിന്റെ മരണസമയത്ത് പോലും സാജിദ് ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല.




ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനു മുന്‍പ് സാജിദിന്റെ പേരില്‍ കേസോ സംശയാസ്പദനമായ സംഭവങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് തെലങ്കാന പൊലീസ് പറയുന്നത്. സാജിദിനെ സംശയിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ തീവ്ര ചിന്താഗതികളെപ്പറ്റി അറിയില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കു നേരെയാണു അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. വെടിവയ്പില്‍ മൂന്നാമതൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തീവ്രവാദ ആക്രമണമാണ് സാദിതും മകന്‍ നവീദ് അക്രമും നടത്തിയത്. അതേസമയം സാജിത് ആരും ശ്രദ്ധിക്കാതെ വളരെ ഒതുങ്ങി ജീവിക്കുകയും, രഹസ്യമായി തോക്കുകള്‍ ശേഖരിക്കുകയും, സൈനിക പരിശീലനത്തിന് സമാനമായ പരിശീലനം നേടുകയും ചെയ്തിരുന്നു. വെടിവെപ്പിന് പരിശീലനം ലഭിച്ചത് അടക്കം ദുരൂഹമായി തുടരുന്ന കാര്യങ്ങളാണ്. ഓസ്‌ട്രേലിയന്‍ ജീവിതത്തില്‍ യാതൊരു ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഒരു നിയമം അനുസരിക്കുന്ന പൗരനായിരുന്നു അദ്ദേഹം.

സാജിദ് ഓസ്ട്രേലിയയില്‍ ബിസിനസ് നടത്തിയിരുന്ന ആളാണിന്നു. സാജിദ് ലൈസന്‍സുള്ള തോക്ക് ഉടമയായിരുന്നു. അദ്ദേഹത്തിന്റെ കൈവശം ആറ് തോക്കുകള്‍ ഉണ്ടായിരുന്നു, കൂടാതെ ഒരു ഗണ്‍ ക്ലബ്ബിലെ അംഗവുമായിരുന്നു. ബോണിറിഗ്ഗിലെ പ്രാന്തപ്രദേശത്തുള്ള ഒരു മൂന്ന് കിടപ്പുമുറി വീട്ടില്‍, തന്റെ ഭാര്യ വെരേന അക്രമിനോടൊപ്പമാണ് അവര്‍ താമസിച്ചിരുന്നത്. ഭാര്യ വെരേനക്ക് ഈ കൊലപാതക പദ്ധതിയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. തെക്കന്‍ തീരത്തുള്ള ജെര്‍വിസ് ബേയില്‍ അവര്‍ മീന്‍പിടിക്കാന്‍ പോയതാണെന്നാണ് അവര്‍ കരുതിയിരുന്നത്.

നവീദ് ഞായറാഴ്ച്ച എന്നെ വിളിച്ചു പറഞ്ഞു, 'അമ്മേ, ഞാന്‍ ഒന്ന് നീന്താന്‍ പോയിരുന്നു. ഞാന്‍ സ്‌കൂബ ഡൈവിംഗിന് പോയി. ഞങ്ങള്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോകുകയാണ് എന്നും വിളിച്ചു പറഞ്ഞിരുന്നു എന്നാണ് വെരേന സിഡ്നി മോണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞത്. എന്നാല്‍, ഇത് നുണയായിരുന്നു. അവര്‍ ജെര്‍വിസ് ബേയില്‍ ആയിരുന്നില്ല, തോക്കുകളും സ്‌ഫോടകവസ്തുക്കളുമായി സിഡ്നിയിലെ പടിഞ്ഞാറന്‍ ഭാഗത്തുള്ള കാംപ്സിയിലെ ഒരു വാടക വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു.




പോലീസ് ബോണ്ടിയിലെ സംഭവസ്ഥലത്ത് നിന്ന് നാല് ആയുധങ്ങളും, ഹ്രസ്വകാല വാടക വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. അതേസമയം, പോലീസിന്റെ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവീദ് കോമയില്‍ നിന്ന് ഉണര്‍ന്നിട്ടുണ്ട്. നവീദിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ അക്രമണത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാകുകയുള്ളൂ.

അതിനിടെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിലെ ആക്രമണത്തില്‍ പരിക്കേറ്റ 40 പേരില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ ചികിത്സയിലാണ്. അവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അക്രമികള്‍ ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചപ്പോള്‍ അവരില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടായിരുന്നു. അങ്ങനെയാണ് ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞത്. മൂന്നു പതിറ്റാണ്ടിനിടെ ആസ്‌ട്രേലിയയിലുണ്ടായ ഏറ്റവും വലിയ വെടിവെപ്പാണിതെന്നാണ് അധികൃതര്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. 10 വയസുള്ള കുട്ടിയുള്‍പ്പെടെ 16 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.

സാജിദ് അക്രത്തെയും മകന്‍ നവീദ് അക്രത്തെയും തീവ്രവാദത്തിലേക്ക് നയിച്ച ഘടകങ്ങള്‍ക്ക് ഇന്ത്യയുമായോ തെലങ്കാനയിലെ ഏതെങ്കിലും പ്രാദേശിക സ്വാധീനവുമായോ ബന്ധമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. 27 വര്‍ഷത്തിനിടെ അയാള്‍ ഇന്ത്യ സന്ദര്‍ശിച്ചത് ആറ് തവണ മാത്രമാണെന്നും തെലുങ്കാന പൊലീസ് വ്യക്തമാക്കി. സാജിദ് അക്രത്തെ സംഭവസ്ഥലത്തുവെച്ച് ഒരാള്‍ ധീരമായി കീഴ്‌പ്പെടുത്തി വധിച്ചിരുന്നു. മകന്‍ നവീദ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.