തിരുവനന്തപുരം: തൊടുപുഴ പീഡനത്തില്‍ സൂപ്പര്‍ നടനെതിരെ കേസ് വരും. സെക്രട്ടറിയേറ്റിന്റെ ഇടനാഴിയിലെ പീഡനത്തില്‍ ജയസൂര്യയ്‌ക്കെതിരെ കേസ് ഉറപ്പായിരുന്നു. ഇതിനിടെയാണ് തൊടുപുഴ പീഡനത്തിലും സൂപ്പര്‍ താരത്തിനെതിരെ പരാതി കിട്ടുന്നത്. തിരുവനന്തപുരം സ്വദേശിയായ യുവനടിയാണ് പരാതി കൈമാറിയത്. പരാതിപ്പെടില്ലെന്നായിരുന്നു ഈ യുവതിയുടെ നിലപാട്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ പൂങ്കുഴലി അവരെ ബന്ധപ്പെട്ടു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതി നല്‍കാനും ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതി നല്‍കിയത്. നടന്റെ പേരു സഹിതമാണ് പരാതി. എന്നാല്‍ പരാതിയിലെ പേര് ആരുടേതാണെന്ന് അവര്‍ പുറത്തു പറഞ്ഞിട്ടില്ല.

ഈ പരാതിയും ജയസൂര്യയ്‌ക്കെതിരെയാണെന്ന് പ്രചരണമുണ്ടായിരുന്നു. ഇതിനിടെ ആ വാദം നടി നിഷേധിച്ചുവെന്ന സൂചനകളുമെത്തി. എന്നാല്‍ പോലീസിന് നല്‍കിയ പരാതിയില്‍ ജയസൂര്യയുടെ പേരാണുള്ളതെന്നാണ് മീഡിയാ വണ്‍ വാര്‍ത്ത. ഇപ്പോള്‍ പേരു പറയില്ലെന്നാണ് നടി മറുനാടനോട് പ്രതികരിച്ചത്. പോലീസും ഈ ഘട്ടത്തില്‍ പേര് വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ജയസൂര്യ തന്നെയാണ് ഈ കേസിലെ പ്രതിയെന്നാണ് പുറത്തു വരുന്ന വിവരം. ഇതോടെ ജയസൂര്യയ്‌ക്കെതിരെ രണ്ട് കേസുകള്‍ വരുമെന്ന് ഉറപ്പായി. സെക്രട്ടറിയേറ്റ് പീഡനത്തില്‍ പരാതി കിട്ടി കഴിഞ്ഞു. ഈ പരാതിക്കാരിയുടെ മൊഴി കൊച്ചിയിലെത്തി അന്വേഷണ സംഘം രേഖപ്പെടുത്തും. അതിന് ശേഷം എഫ് ഐ ആറും വരും. ആരോപണങ്ങളില്‍ ജയസൂര്യ പ്രതികരിച്ചിട്ടില്ല.

പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും നിയമപരമായ നടപടികള്‍ ഈ വിഷയത്തില്‍ ഇനി വരികയാണെങ്കില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ആ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞിരുന്നു. 'എന്റെ വെളിപ്പെടുത്തല്‍ കാരണം പല ആര്‍ടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നു കേട്ടു. ലാലേട്ടന്‍ (മോഹന്‍ലാല്‍), ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ അടക്കം പലരുടെയും പേരുകള്‍ പറഞ്ഞു. അതൊക്കെ കേള്‍ക്കുമ്പോള്‍ ഭയങ്കര വിഷമമുണ്ട്. അവരുടെ വീട്ടുകാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ നമുക്കൊന്നും ചെയ്യാനില്ല. പൊതുജനം പല ഊഹാപോഹങ്ങളും സൃഷ്ടിക്കും.' -ഇതായിരുന്നു അവരുടെ വെളിപ്പെടുത്തല്‍.

ഞാന്‍ ആരെയും ഭയക്കുന്നില്ല. എനിക്കൊരു മെന്റല്‍ ട്രോമയിലേക്ക് കടന്നുപോകാന്‍ ആഗ്രഹമില്ല.. ഞാന്‍ വിധവയാണ്. എനിക്ക് മക്കളുണ്ട്, ഉത്തരവാദിത്തമുണ്ട്. ഒരു തമിഴ് സിനിമ വരാനുണ്ട്. ഒരാളുടെ പേര് പറഞ്ഞ്, അയാളെ ജനങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്താന്‍ താല്‍പര്യമില്ല. ദയവ് ചെയ്ത് ജയസൂര്യയടക്കമുള്ള ആളുകളെ എന്റെ പേരില്‍ ബന്ധപ്പെടുത്തി വാര്‍ത്ത പ്രചരിപ്പിക്കരുത്. എന്റെ വെളിപ്പെടുത്തലില്‍ ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ പരാതി കൊടുക്കുക. അപ്പോള്‍ അതിനു മറുപടി ഞാന്‍ നല്‍കാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ തീര്‍ച്ചയായും എന്നെ ഉപദ്രവിച്ച ആളുകളുടെ പേര് പറയും-ഇതായിരുന്നു നടി മുമ്പ് പറഞ്ഞത്.

2013-ല്‍ തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍ വെച്ച് മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചുവെന്ന് ഈ നടി വെളിപ്പെടുത്തിയിരുന്നു.'ഹാസ്യനടന്റെ ഭാഗത്തുംനിന്നും യുവ നടന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിയിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. ശമ്പളം കുറവായിരുന്നുവെങ്കിലും സിനിമയോടുള്ള താല്‍പര്യം കാരണമാണ് അഭിനയിക്കാന്‍ പോയത്.

ഞാന്‍ പല സിനിമലൊക്കേഷനിലും എതിര്‍ത്ത് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സിനിമകള്‍ കിട്ടാതെ പോയതെന്നും എനിക്കറിയാം. നോ പറഞ്ഞതിനെ തുടര്‍ന്ന് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രശ്‌നങ്ങളില്ലാത്ത ലൊക്കേഷനില്‍ സുഖമായി അഭിനയിച്ച് തിരിച്ച് പോരാം. എന്നാല്‍ സിനിമയില്‍ ഞാന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടുണ്ട്'.- ഇതായിരുന്നു ആ വെളിപ്പെടുത്തല്‍.