തിരുവനന്തപുരം: മുണ്ടക്കയത്ത് നിന്നും കാണാതായ ജെസ്‌ന മരിയ, തിരോധാനത്തിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ലോഡ്ജിലെത്തിയിരുന്നുവെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. എന്നാല്‍ ആരോപണം കഴമ്പില്ലെന്നാണ് പ്രാഥമിക നിഗമനം. ലോഡ്ജിനോട് സ്ത്രീയ്ക്ക് വ്യക്തി വൈരാഗ്യമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോഡ്ജില്‍ നിന്നും ഇവരെ പുറത്താക്കിയതാണെന്നും കണ്ടെത്തി. ഏതായാലും ഇത്തരം വ്യാജ മൊഴിഖല്‍ നല്‍കാന്‍ ഇനി ആരേയും അനുവദിക്കാത്ത തരത്തിലെ നിയമ നടപടികള്‍ സിബിഐ ആലോചിക്കുന്നുണ്ട്.

നേരത്തെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മുണ്ടക്കയത്തെ ലോഡ്ജുടമ ബിജു രംഗത്ത് വന്നിരുന്നു. ജെസ്‌നയെ കണ്ടെന്ന് അവകാശപ്പെടുന്ന സ്ത്രീ 10 വര്‍ഷത്തോളം ലോഡ്ജിലെ താമസക്കാരിയായിരുന്നുവെന്നും അവരെ ലോഡ്ജില്‍ നിന്നും പറഞ്ഞുവിട്ടതിന്റെ വൈരാഗ്യത്തിലാണ് ആരോപണങ്ങളെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ വിവരങ്ങളുടെ യാഥാര്‍ത്ഥ്യം സിബിഐയ്ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍ ജീവനക്കാരിയെ സിബിഐ ചോദ്യം ചെയ്യും. അന്വേഷണം വഴി തെറ്റിക്കുന്നുവെന്ന് ഉറപ്പിച്ചാല്‍ ഇവര്‍ക്കെതിരെ കേസും എടുക്കും.

ജെസ്‌നയെ കാണാതാകുന്നതിന് രണ്ട് മാസം മുന്‍പ് ആ രൂപ സാദൃശ്യമുള്ള ആരും ലോഡ്ജില്‍ വന്നിട്ടില്ല. സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ ജെസ്‌ന പതിഞ്ഞത് എങ്ങനെയെന്ന് അറിയില്ല. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ വിളിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സിബിഐ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി അന്വേഷിച്ചിരുന്നുവെന്നും ബിജു പറയുന്നു.

ലോഡ്ജിലെത്തുന്നവരുടെ എല്ലാം വിവരങ്ങള്‍ കൃത്യമായ രേഖകള്‍ സഹിതം റജിസ്റ്ററില്‍ സൂക്ഷിക്കാറുണ്ടെന്നും ജെസ്‌ന വന്നിട്ടില്ലെന്നും ബിജു ആവര്‍ത്തിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നിലവില്‍ ആരോപണമുന്നയിച്ച സ്ത്രീയെയും ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നുവെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
അതേസമയം, കാണാതെയാകുന്നതിന് രണ്ട് മാസം മുന്‍പ് ജസ്‌നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ ഒരു യുവാവിനൊപ്പം കണ്ടെന്നും ടെസ്റ്റെഴുതാന്‍ വന്നതാണെന്നാണ് പറഞ്ഞിരുന്നതെന്നുമായിരുന്നു ലോഡ്ജിലെ താമസക്കാരിയായിരുന്ന സ്ത്രീയുടെ വെളിപ്പെടുത്തല്‍.

പത്രത്തില്‍ അടുത്ത ദിവസം പടം കണ്ടാണ് ജസ്‌നയാണെന്ന് തിരിച്ചറിഞ്ഞതെന്നും ഉടന്‍ തന്നെ ലോഡ്ജുടമയെ വിവരമറിയിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീ പറയുന്നു. വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരനാണ് ജസ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നതെന്നും അവര്‍ പറയുന്നു. അതേസമയം ചെറുപ്പക്കാരനെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാലം ലോഡ്ജിലെ താമസക്കാരിയായിരുന്ന സ്ത്രീയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ.. ആദ്യമായിട്ടാ ആ കൊച്ചിനെ അന്നവിടെ കണ്ടത്. അപ്പോള്‍ തന്നെ ലോഡ്ജുടമയോട് ഈ കൊച്ചെന്നാ അവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചു. അതിന് പുള്ളി എന്നോട് വഴക്കുണ്ടാക്കി. 'ലോഡ്ജാണ് പലരും വരും, പോകും.. നിനക്ക് ഇതിന്റെയകത്തൊന്നും ഇടപെടേണ്ട കാര്യമില്ല. ഇവിടെ നടക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ടൗണില്‍ പറഞ്ഞാല്‍ നിന്നെ തീര്‍ത്തുകളഞ്ഞാലും ചൊവ്വിനൊള്ള ആരും ചോദിക്കാനില്ല' എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി.

'വെളുത്ത് മെലിഞ്ഞൊരു ചെറുപ്പക്കാരനാണ് ജസ്‌നയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ടെസ്റ്റെഴുതാന്‍ എറണാകുളത്ത് പോവുകയാണെന്നാണ് പറഞ്ഞത്. മൂന്നാല് മണിക്കൂര്‍ ലോഡ്ജില്‍ ഉണ്ടായിരുന്നു. പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഇടയിലാണ് ആ കുട്ടിയെ ഞാന്‍ കണ്ടത്. തിരിച്ച് അഞ്ചുമണിക്ക് മുന്‍പ് ഇറങ്ങിപ്പോവുകയും ചെയ്തു. ജസ്‌നയെ കാണുമ്പോള്‍ ഫോണില്‍ നോക്കി നില്‍ക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ ചിരിച്ചു. അന്നേരമാണ് പല്ലേലെ കെട്ടുകമ്പി കണ്ടത്.' ഒരു കൊച്ച് പെണ്ണല്ലേ വന്ന് നില്‍ക്കുന്നതെന്ന് കണ്ട് ശ്രദ്ധിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി തവണ അന്വേഷണത്തെ വഴി തെറ്റിക്കുന്ന പലതും ഉണ്ടായിട്ടുണ്ട്. ഇനി ഇതും ഗൗരവത്തിലെടുക്കാനാണു സി.ബി.ഐ തീരുമാനം.
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ തള്ളി പിതാവ് ജെയിംസും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സി.ബി.ഐ. വിശദാംശങ്ങള്‍ പരിശോധിക്കുന്നത്. സ്ത്രീയുടെ പ്രതികരണം അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേസില്‍ സി.ബി.ഐ. കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ജെസ്നയുടെ പിതാവ് ജെയിംസ് പ്രതികരിച്ചിരുന്നു. അതുകൊണ്ടാണു ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ തുടക്കത്തിലേ പാളിയത്. ഇല്ലാത്ത പക്ഷം ഇതിനു പിന്നാലെ സി.ബി ഐയ്ക്ക് സഞ്ചരിക്കേണ്ടി വരുമായിരുന്നു. ഇത് അന്വേഷണത്തെ ബാധിക്കുകയും ചെയ്യുമായിരുന്നു.

ലോഡ്ജ് ജീവനക്കാരിക്കെതിരേ പലവിധ കേസുകള്‍ ഉണ്ടെന്നും അതിന്റെ പ്രതികാരമായാണു ജസ്നയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമെന്നാണ് ലോഡ്ജ് ഉടമ ബിജു പറയുന്നത്. 'ജാതിപ്പേര്‍ വിളിച്ചെന്നുപറഞ്ഞ് എനിക്കെതിരേ കഴിഞ്ഞദിവസം കേസ് കൊടുത്തിരുന്നു. അത് ജാമ്യമില്ലാ കേസാണ്. അത് പിന്‍വലിക്കണമെങ്കില്‍ അഞ്ചുലക്ഷം രൂപയും വീടും നല്‍കണമെന്ന് പറഞ്ഞു. അതിന്റെ വൈരാഗ്യമാണ് വെളിപ്പെടുത്തലിന് പിന്നില്‍ എന്നും ബിജു വിശദീകരിച്ചിട്ടുണ്ട്.