തിരുവനന്തപുരം: ജുവല്ലറി തട്ടിപ്പു കേസിലെ സ്ഥിരം പ്രതികളുടെ ഇരയായത് തലസ്ഥാനത്തെ പ്രമുഖ ജുവല്ലറി. തിരുവനന്തപുരത്തെ ജൂവലറിയില്‍നിന്ന് രണ്ടുകോടിയോളം രൂപയുടെ സ്വര്‍ണം വാങ്ങിയ ശേഷം ചെക്ക് നല്‍കി കബളിപ്പിച്ച് മുങ്ങിയ ദമ്പതിമാരാണ് അറസ്റ്റിലായത്. ഹരിപ്പാട് പിലാപ്പുഴ കൃഷ്ണകൃപയില്‍ ശര്‍മിള രാജീവ്(40), ഭര്‍ത്താവ് എറണാകുളം നെടുമ്പാശ്ശേരി പുതുവാശ്ശേരി സ്വദേശി ടി.പി.രാജീവ്(42) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

സെപ്റ്റംബര്‍ 17-ന് ജൂവലറിയുടെ പുളിമൂട്ടിലുള്ള ശാഖയിലെത്തിയ പ്രതികള്‍, 1,84,97,100 രൂപയുടെ ആഭരണങ്ങള്‍ വാങ്ങി. വിവിധ ഡിസൈനുകളിലുള്ള മാലകളും വളകളും വാങ്ങിയ ശേഷം ഫെഡറല്‍ ബാങ്കിന്റെ തൃപ്പൂണിത്തുറ ബ്രാഞ്ചിന്റെ ചെക്ക് നല്‍കി. പിന്നീട് ഇവര്‍ ജൂവലറിയില്‍ വിളിച്ച് ചെക്ക് ഉടനേ ബാങ്കില്‍ കൊടുക്കരുതെന്ന് ആവശ്യപ്പെടുകയും പല കാരണങ്ങള്‍ പറഞ്ഞ് ചെക്ക് കൊടുക്കുന്നതു വൈകിപ്പിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം ഇവരെ ഫോണില്‍ കിട്ടാതായി. തുടര്‍ന്ന് ജൂവലറി ഉടമ ചെക്ക് ബാങ്കില്‍ നല്‍കിയപ്പോഴാണ് 'സ്റ്റോപ്പ് പെയ്മെന്റ്' ആയതിനാല്‍ പണം ലഭിക്കില്ലെന്ന് ബാങ്കില്‍നിന്ന് അറിഞ്ഞത്. തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന പ്രതികള്‍ ഇതിനിടെ മുങ്ങിയിരുന്നു. ഒളിവില്‍പ്പോയ ഇവരെ വഞ്ചിയൂര്‍ പോലീസ് തമിഴ്നാട്ടിലെ കുംഭകോണത്തുനിന്നാണ് പിടികൂടിയത്. ഇവര്‍ മുന്‍പും സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വഞ്ചിയൂര്‍ എസ്.ഐ. അലക്‌സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്ടിലെത്തി ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ആഢംബര കാറുകളില്‍ കറങ്ങി നടന്ന് തട്ടിപ്പു നടത്തുന്നതാണ് ഇവരുടെ പതിവുശൈലി. വിലകൂടിയ ആഡംബര കാറുകളിലാണ് ഈ ദമ്പതിമാര്‍ സ്വര്‍ണക്കടകളിലെത്തുന്നത്. ആദ്യം വലിയ തുകയ്ക്കുള്ള ആഭരണങ്ങള്‍ പണം നല്‍കി വാങ്ങി വിശ്വാസ്യത നേടും. പിന്നീട് ഇടക്കിടെ പണം നല്‍കി ആഭണം വാങ്ങും. ഇതിനെല്ലാം ശേഷമാണ് പകുതി പണവും ബാക്കി തുകയ്ക്ക് ചെക്കും നല്‍കും. തുടര്‍ന്ന് ചെക്ക് നല്‍കി ആഭരണങ്ങള്‍ വാങ്ങി കൃത്യമായ ഇടപാട് നടത്തും. പിന്നീടെത്തുമ്പോള്‍ കോടികളുടെ ആഭരണങ്ങള്‍ വാങ്ങിയിട്ട് ചെക്ക് നല്‍കും. അടുത്ത ദിവസത്തെ തീയതി വെച്ചായിരിക്കും ചെക്കെഴുതുക. പല കാരണങ്ങള്‍ പറഞ്ഞ് ചെക്ക് ബാങ്കില്‍ കൊടുക്കുന്നതു വൈകിപ്പിക്കും. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കേരളം വിടുകയും ചെയ്യും.

ഹരിപ്പാട്ടെ സ്വര്‍ണക്കടകളിലാണ് ആദ്യം ഈ തട്ടിപ്പു നടത്തിയത്. ഇവിടത്തെ മൂന്നു കടകളിലും കായംകുളത്തെ ഒരു കടയിലും സമാനമായ തട്ടിപ്പു നടത്തി. തൃശ്ശൂരിലെ വന്‍കിട ജൂവലറി ഗ്രൂപ്പിന്റെ കടയിലും ഇതേ തട്ടിപ്പു നടത്തി. ഹരിപ്പാട്ടെയും കായംകുളത്തെയും കേസുകള്‍ പണം നല്‍കി ഒഴിവാക്കി. തൃശ്ശൂരിലെ കേസില്‍ ശര്‍മിള അറസ്റ്റിലായിരുന്നു. ഒന്നാം പ്രതി ശര്‍മിള ഇത്തരത്തില്‍ പത്തോളം തട്ടിപ്പുകേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പുതിയ ജൂവലറി തുടങ്ങാന്‍ വിലക്കിഴിവില്‍ സ്വര്‍ണം ആവശ്യമുണ്ടെന്നറിയിച്ചാണ് ഇവര്‍ ജൂവലറി ഉടമകളുമായി സൗഹൃദത്തിലാവുന്നതെന്നും പോലീസ് പറഞ്ഞു.