കൊണ്ടോട്ടി: കരിപ്പൂരില്‍ വിവാഹ ദിവസം പ്രതിശ്രുത വരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടന്‍ മാറാതെ നാട്ടുകാര്‍. കുമ്മിണിപ്പറമ്പ് സ്വദേശി ജിബിനെ(30) ആണ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് ജോലിചെയ്യുന്ന ഇയാള്‍ വിവാഹത്തിനായിട്ടാണ് നാട്ടിലെത്തിയത്. ഷാര്‍ജയിലായിരുന്നു ജോലി. നാല് ദിവസം മുമ്പാണ് വിവാഹത്തിനായി എത്തിയത്.

ഇന്ന് രാവിലെ 7.30നാണ് സംഭവം. വിവാഹ മണ്ഡപത്തിലേക്കു പോവുന്നതിനു മുമ്പ് കുളിക്കാന്‍ ശുചിമുറിയില്‍ കയറിയ ജിബിന്‍ പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഞ്ചേരി സ്വദേശിനിയായ യുവതിയുമായാണ് ജിബിന്റെ വിവാഹം നടത്തുന്നത്. രാവിലെ കുളിക്കാന്‍ വേണ്ടി ശുചിമുറിയില്‍ കയറിയതിന് ശേഷമാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജിബിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അടക്കം പോലിസ് പരിശോധിക്കുന്നുണ്ട്.

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി അവസാന നിമിഷം വരന്‍ ജീവനൊടുക്കിയത് ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം നടുക്ക. വധുവാകാനിരുന്ന യുവതിയും വലിയ ആഘാതത്തിലാണ്. മരണകാരണം എന്തെന്ന് വ്യക്തല്ല. ആത്മഹത്യാ കുറിപ്പോ മറ്റ് സൂചനകളോ ലഭിച്ചിട്ടില്ലെന്നും കരിപ്പൂര്‍ പോലീസ് പറഞ്ഞു.

വിദേശത്തു ജോലി ചെയ്യുന്ന ജിബിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായാട്ടില്ല. ബന്ധുക്കളില്‍ നിന്നടക്കം പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.