ആലപ്പുഴ: ആലപ്പുഴ കലവൂര്‍ കോര്‍ത്തുശേരിയില്‍ കൊല്ലപ്പെട്ട സുഭദ്ര(73)യുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു.

സുഭദ്രയുടേത് ക്രൂര കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കഴുത്ത്, കൈ എന്നിവയും ഒടിഞ്ഞിട്ടുണ്ട്. കൊലപാതക ശേഷം കൈ ഒടിച്ചുവെന്നാണ് നിഗമനം. ഇടതു കൈ ഒടിച്ചു പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയില്‍ ആയിരുന്നു മൃതദേഹം.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കരിത്തല റോഡ് 'ശിവകൃപ'യില്‍ സുഭദ്രയുടെ (73) മൃതദേഹമാണു കലവൂരിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. കലവൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസും (നിധിന്‍) ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശി ശര്‍മിളയും ഒളിവിലാണ്. ഇവര്‍ ഉഡുപ്പിക്കടുത്തുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ക്കായി സുഭദ്രയെ കൊലപ്പെടുത്തിയെന്നാണു പ്രാഥമിക നിഗമനം.

കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്ര ശര്‍മിളയ്‌ക്കൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മാത്യുസ്, ശര്‍മിള ദമ്പതികള്‍ താമസിക്കുന്ന വീടിന്റെ ശുചിമുറിയോട് ചേര്‍ന്നായിരുന്നു മൃതദേഹം.

തീര്‍ത്ഥാടന യാത്രക്കിടെയാണ് ശര്‍മ്മിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീര്‍ത്ഥാടന യാത്രക്ക് വേണ്ടി ശര്‍മ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. സെപ്തംബര്‍ നാലിന് വീട്ടില്‍ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ സെപ്തംബര്‍ ഏഴിനാണ് മകന്‍ രാധാകൃഷ്ണന്‍ പൊലീസിന് പരാതി നല്‍കിയത്. ക്ഷേത്ര ദര്‍ശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതി. സുഭദ്രയെ സ്വര്‍ണവും പണവും കവര്‍ന്ന ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടില്‍ താമസിച്ചിരുന്നതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇവരെ കാണാന്‍ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവര്‍ക്കൊപ്പമാണ് കൊച്ചിയില്‍ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കല്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ഇത് കവര്‍ന്ന ശേഷമുളള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.