കണ്ണൂര്‍: വളപട്ടണത്ത് അരി മൊത്തവ്യാപാരിയുടെ വീട്ടില്‍ നടന്ന വന്‍കവര്‍ച്ചയില്‍ അന്വേഷണം ഊര്‍ജ്ജിതം. വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരിയായ കെ.പി. അഷ്റഫിന്റെ വീട്ടില്‍നിന്നാണ് ഒരുകോടി രൂപയും 300 പവനോളം സ്വര്‍ണവും കവര്‍ന്നത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് നഷ്ടമായത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം.

നവംബര്‍ 19-ാം തീയതി അഷ്റഫും കുടുംബവും വീട് പൂട്ടി മധുരയില്‍ ഒരു കല്യാണത്തിന് പോയതായിരുന്നു. ഞായറാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നതറിയുന്നത്. മൂന്ന് മോഷ്ടാക്കള്‍ മതില്‍ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് വീട്ടിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അടുക്കളഭാഗത്തെ ജനലിന്റെ ഗ്രില്ല് തകര്‍ത്താണ് ഇവര്‍ വീടിനകത്ത് കയറിയത്.

മതില്‍ ചാടിക്കടന്ന് അടുക്കളഭാഗത്തെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയിരിക്കുന്നത്. കിടപ്പുമുറിയിലേക്ക് എത്തിയതിങ്ങനെയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വീടിന്റെ മതില്‍ചാടി കടന്ന മോഷണസംഘം ആദ്യം വാതിലുകള്‍ തകര്‍ത്ത് അകത്തുകയറാനാണ് ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെയാണ് അടുക്കള ഭാഗത്തെ ജനല്‍ ലക്ഷ്യമിട്ടത്. ജനലിന്റെ ഗ്രില്ല് തകര്‍ത്ത് വീടിനകത്തുകടന്ന സംഘം ലോക്കര്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്കാണ് പോയത്. വീടും പരിസരവും കൃത്യമായി മനസിലാക്കിയവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

19-ാം തീയതി മധുരയിലേക്ക് പോയ വീട്ടുകാര്‍ കഴിഞ്ഞദിവസം രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിനകം മുഴുവന്‍ അലങ്കോലമായി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തിയതോടെയാണ് ലോക്കറിലെ പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

വന്‍കവര്‍ച്ചയുടെ വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് സ്ഥലത്തെത്തിയ റൂറല്‍ എസ്.പി. മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ, സ്ഥലത്തെത്തിയ പോലീസ് നായ വീട്ടില്‍നിന്ന് മണംപിടിച്ച ശേഷം നേരേ ഓടിയത് സമീപത്തെ റെയില്‍വേ ട്രാക്കിലേക്കായിരുന്നു. തുടര്‍ന്ന് വളപട്ടണം റെയില്‍വേ സ്റ്റേഷനിലാണ് പോലീസ് നായ ഓട്ടംനിര്‍ത്തിയത്. അതിനാല്‍തന്നെ മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്ക് ശേഷം റെയില്‍മാര്‍ഗം രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ സംശയം.