കൊച്ചി: കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസുകളിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂര്‍ കേസിലെ പ്രതികളായ സതീഷ് കുമാര്‍, കിരണ്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കണ്ടല കേസിലെ പ്രതി അഖില്‍ ജിത്തിനും ജാമ്യം അനുവദിച്ചു. രണ്ട് കേസുകളിലും വിചാരണ നടപടികള്‍ തുടങ്ങിയിട്ടില്ല. ഇതോടയാണ് കേസില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

കരുവന്നൂര്‍ തട്ടിപ്പുകേസില്‍ രണ്ടാംഘട്ട കുറ്റപത്രം ഇഡി സമര്‍പ്പിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. കെ രാധാകൃഷ്ണന്‍ എംപിയെ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിലും ഇഡിയുടെ തുടരന്വേഷണം നടക്കുകയാണ്. അതിനാല്‍ ഒന്നര വര്‍ഷമായി ജാമ്യമില്ലാതെ പ്രതികള്‍ റിമാന്‍ഡിലാണ്. ഇതു പരിഗണിച്ചാണ്, ഇനിയും റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കേരളം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്. 300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യനിഗമനം. വിശദ പരിശോധനക്ക് ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. 219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തി. 2011-12 മുതല്‍ തട്ടിപ്പ് നടന്നെന്നാണ് പരാതി. വ്യാജരേഖകള്‍ ചമച്ചും മൂല്യം ഉയര്‍ത്തിക്കാണിച്ചും ക്രമരഹിതമായി വായ്പ അനുവദിച്ചും ചിട്ടി, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങല്‍ എന്നിവയില്‍ ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തിയത്. 55 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരന്‍ പി സതീഷ് കുമാര്‍, ഇടനിലക്കാരന്‍ പി പി കിരണ്‍, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പി ആര്‍ അരവിന്ദാക്ഷന്‍, കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റെ സി കെ ജില്‍സ് എന്നിവര്‍ക്കെതിരായിരുന്നു ആദ്യ കുറ്റപത്രം. തട്ടിപ്പിന്റെ പിന്നിലെ സൂത്രധാരര്‍ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നും ഇ ഡി കണ്ടെത്തി. കേസ് അന്വേഷണത്തിനിടെ 87.75 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.

കണ്ടല ബാങ്കില്‍ നിന്ന് കോടികള്‍ എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് മുന്‍ പ്രസിഡന്റ് എന്‍ ബാസുരാംഗനും കുടുംബവും കരുവന്നൂര്‍ മാതൃകയില്‍ നടത്തിയ വഴിവിട്ട ഇടപെടലിന്റെ വിവരം ഇഡിയ്ക്ക് ലഭിച്ചത്. ബാങ്കില്‍ നിന്ന് ലോണ്‍ തട്ടാന്‍ ഭാസുരാംഗന് ബെനാമി അക്കൗണ്ടുകളുണ്ടായിരുന്നു. ശ്രീജിത്, അജിത് എന്നീ പേരിലുള്ളത് ബെനാമി അക്കൗണ്ടുകളിലൂടെയാണ് പണം തട്ടിയത്. കണ്ടല ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്‍ ഭാസുരാംഗന്‍ ബെനാമി പേരില്‍ 51 കോടി രൂപ വായ്പ തട്ടിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

മില്‍മ അഡ്മിനിസ്‌ട്രേറ്ററും 30 വര്‍ഷത്തിലേറെ മാറനല്ലൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റുമായിരുന്ന സിപിഐ നേതാവ് എന്‍.ഭാസുരാംഗന്‍ ക്ഷീര കര്‍ഷകനല്ലെന്ന് ഒടുവില്‍ ക്ഷീരവികസന വകുപ്പ് സമ്മതിച്ചത് അടുത്തിടെയാണ്. സംഘത്തില്‍ അയോഗ്യത കല്‍പിച്ചതിനെതിരെ ഭാസുരാംഗന്‍ നല്‍കിയ അപ്പീല്‍ വകുപ്പ് തള്ളി. ക്ഷീരസംഘങ്ങളില്‍ തുടരാന്‍ ഒരു പശുവിനെയോ എരുമയെയോ എങ്കിലും സംഘത്തിന്റെ പരിധിയില്‍ വളര്‍ത്തണമെന്ന നിയമം പാലിക്കപ്പെട്ടിട്ടില്ലെന്ന് ഭാസുരാംഗനെതിരെയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

വിശദീകരണം ബോധിപ്പിക്കാനുള്ള ഹിയറിങില്‍ ഭാസുരാംഗന്‍ പങ്കെടുത്തതുമില്ല. വന്‍ നിക്ഷേപത്തട്ടിപ്പു നടന്ന കണ്ടല സര്‍വീസ് സഹകരണബാങ്കിന്റെ മുന്‍ പ്രസിഡന്റായ ഭാസുരാംഗനെ ബാങ്ക് ക്രമക്കേടില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ക്ഷീര കര്‍ഷകനല്ലാത്ത ഭാസുരാംഗനെ മില്‍മ അഡ്മിനിസ്‌ട്രേറ്ററാക്കിയത് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയാണ്.