കാസര്‍കോട്: പൈവളിഗെയില്‍ 15കാരിയെയും അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇ.അനൂപ് കുമാറാണ് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തിയത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ. ഫെബ്രുവരി 12നാണ് ഇവരെ കാണാതാകുന്നത്. അന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പരിസര പ്രദശേങ്ങള്‍ അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാളും ഫോണ്‍ ഉപേക്ഷിച്ച് കര്‍ണാടകയോ മറ്റോ പോയിട്ടുണ്ടാകാം എന്നാണ് വീട്ടുകാരും ബന്ധുക്കളും പറഞ്ഞത്.

തുടര്‍ന്ന് ആ വഴിയും അന്വേഷണം നടത്തി. എന്നാല്‍ അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ കാട്ടിലേക്കോ മറ്റോ പോയിട്ടുണ്ടാകും എന്ന് കരുതിയാണ് അവിടെയും പരിശോധന നടത്തിയത്. ഈ പ്രദേശത്ത് ഒരു കോഴി ഫാം ഉണ്ട്. അതിന്റെ മണം ഉള്ളതിനാല്‍ മൃതദേഹം അഴുകിയതിന്റെ മണം വന്നതുമില്ല. പരിസരത്തെ വീടുകളില്‍ എന്തെങ്കിലും മണം വന്നിരുന്നോ എന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊന്നും ഇല്ലെന്നാണ് വീട്ടുകാരും പറഞ്ഞത്. തുടര്‍ന്ന് കാട്ടിലേക്ക് അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവര്‍ പരിസരത്ത് തന്നെയുണ്ടെന്ന് പോലീസ് സംശയിക്കുമ്പോള്‍ അവര്‍ ഇവിടെ ഉണ്ടാകില്ലെന്നാണ് നാട്ടുകാരും വീട്ടുകാരും പറഞ്ഞത്. അതാണു മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വൈകിയത്. കര്‍ണാടകയിലേക്ക് ഇരുവരും പോയിട്ടില്ലെന്ന് ഉറപ്പായതോടെയാണ് വീട്ടുപരിസരം കേന്ദ്രീകരിച്ചുള്ള പരിശോധന പൊലീസ് കര്‍ശനമാക്കിയത്. ഡോഗ് സ്‌ക്വാഡും ഡ്രോണും ഉപയോഗിച്ചായിരുന്നു പരിശോധന. ഈ പരിശോധനയിലാണു രണ്ടുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കടുത്ത് രണ്ടു ഫോണുകള്‍ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. ഒരു സാധനങ്ങളും പണവും കയ്യിലെടുക്കാതെയാണു ഇരുവരും പോയത്. '' പോലീസ് വ്യക്തമാക്കി.

അതേസമയം, ഇരുവരും തമ്മില്‍ നാളുകളായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരസ്പരം വിളിക്കാറും ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ടൊയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ഇവരുടെ ബന്ധം ചൈല്‍ഡ് ലൈനില്‍ പരാതി എത്തിയിരുന്നു. ഇത് അന്വേഷിച്ചപ്പോള്‍ സഹോദര സ്‌നേഹം എന്നാണ് പറഞ്ഞിരുന്നത്. വീട്ടുകാരും ഇത് അംഗീകരിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും ഇയാള്‍ക്ക് വരാം. തിരിച്ചും അങ്ങനെതന്നെയായിരുന്നു. വീട്ടുകാരുമായും നല്ല അടുപ്പത്തിലായിരുന്നു.

ഇയാള്‍ക്കൊപ്പം ക്ഷേത്രത്തില്‍ ഒക്കെ പോകുമായിരുന്നു പെണ്‍കുട്ടി. നേരത്തെ ഓട്ടോ ഓടിക്കുന്നതായിരുന്നു ജോലി. കാറ് എടുത്തപ്പോള്‍ ഡ്രൈവറായി ജോലിക്ക് പോയിരുന്നു എന്നും പോലീസ് പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണത്തെപ്പറ്റി വ്യക്തത വരൂ. സംഭവത്തില്‍ സ്വാഭാവിക മരണത്തിന് കേസെടുത്തതായും ഇ.അനൂപ് കുമാര്‍ പറഞ്ഞു.