- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
600 കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് സെര്‍വര്‍ ഹാക്ക് ചെയ്ത് പണം തട്ടി; റഷ്യന്‍ കൂട്ടാളിക്കൊപ്പം തുടങ്ങിയ സ്ഥാപനത്തിന്റെ ആസ്തി 1.60 ലക്ഷം കോടി; ബിബിസി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഭാര്യയും മകനും മടങ്ങി; കേരളാ പോലീസ് എത്തിപ്പോള്‍ നോട്ടുകെട്ട് നീട്ടി രക്ഷപെടാനും അലക്സേജിന്റെ ശ്രമം
600 കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് സെര്‍വര്‍ ഹാക്ക് ചെയ്ത് പണം തട്ടി
തിരുവനന്തപുരം: ഇന്റര്‍പോള്‍ തേടുന്ന കുറ്റവാളിയെ വര്‍ക്കലയില്‍ നിന്നും പിടികൂടിയത് കേരളാ പോലീസിന്റെ നേട്ടമായി മാറുകയാണ്. ഇന്റര്‍പോള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വര്‍ക്കലയില്‍ പൊലീസ് അറസ്റ്റ് ചെയ്ത അലക്‌സേജ് ബെസിക്കോവ് ലോകത്തെ 600 പ്രധാന കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് സെര്‍വര്‍ ഹാക്ക് ചെയ്ത് പണം തട്ടിയ പ്രതിയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും കമ്പനികളെ കബളിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്.
യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും ശുദ്ധജല, വൈദ്യുതി വിതരണ കമ്പനികളെയാണ് ഏറ്റവും അവസാനം കഴിഞ്ഞവര്‍ഷം തട്ടിപ്പിന് ഇരയാക്കിയത്. ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് പോലീസിന് വെല്ലുവിളിയായി തുടരുകയാണ്. പിടിച്ചെടുത്ത ലാപ്‌ടോപ് തുറക്കാന്‍ പാസ്വേഡ് നല്‍കില്ലെന്ന പിടിവാശിയിലാണ് അലക്‌സേജ്.
ഇയാളുടെയും ബിസിനസ് പാര്‍ട്‌നറായ റഷ്യന്‍ പൗരന്‍ അലക്‌സാണ്ടര്‍ മിറ സെര്‍ദയുടെയും ആകെ ആസ്തി 1.60 ലക്ഷം കോടി രൂപയാണെന്നു പൊലീസ് പറയുന്നു. ലഹരി, കുട്ടികളുടെ അശ്ലീല വിഡിയോ, ഹാക്കിങ് വഴി ലഭിക്കുന്ന ബിറ്റ്‌കോയിന്‍ എന്നിവയുടെ ഇടപാട് നടത്തുന്ന ഗാരന്റെക്‌സ് എന്ന ക്രിപ്റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് ഇവര്‍ രണ്ടുപേരുടെയും ഉടമസ്ഥതയിലാണ്.
ലിത്വാനിയന്‍ പൗരനായ അലക്‌സേജ് മോസ്‌കോ യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ്. നാലു ദിവസം മുന്‍പ് കമ്പനിയുടെ ഡാര്‍ക്ക് വെബ് ഇടപാടുകള്‍ തന്റെ ചിത്രം സഹിതം ബിബിസി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വര്‍ക്കലയില്‍നിന്നു റഷ്യയിലേക്കു മടങ്ങാന്‍ അലക്‌സേജ് തിടുക്കം കൂട്ടിയത്. വാര്‍ത്ത വന്നയുടന്‍ തന്നെ ഭാര്യ യൂലിയെയും മകനെയും റഷ്യയിലേക്കു മടക്കി.
കേരളാ പോലീസ് അറസ്റ്റു ചെയ്യാന്‍ എത്തിയപ്പോള്‍ കൈക്കൂലി നല്കി രക്ഷപെടാനും ശ്രമിച്ചു. ഒരു കെട്ട് നോട്ട് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനാണ് ഇയാള്‍ ശ്രമം നടത്തിയത്. സാധാരണ ഫീച്ചര്‍ ഫോണ്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍നിന്നു ലഭിച്ച 3 മലയാളികളുടെ വിവരങ്ങള്‍ പൊലീസ് തേടുന്നുണ്ട്.
ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കോടിക്കണക്കിനു ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാന്‍ വര്‍ക്കലയിലെത്തിയ അലക്സേജ് ബെസിയോകോവിനെ ഹോംസ്റ്റേയില്‍നിന്നാണു കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം വര്‍ക്കല ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തില്‍ വര്‍ക്കല എസ് എച്ച് ഒ ദിപിനും ബീച്ച് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്ന ഇയാളെ സിബിഐയുടെ ഇന്റര്‍പോള്‍ യൂണിറ്റിന്റെ സഹായത്തോടെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അലക്സേജ് ബെസിയോകോവിനെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജി) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഗാരന്റക്സിന്റെ സഹസ്ഥാപകരിലൊരാളായ അലക്സാണ്ടര്‍ മിറ സെര്‍ദ (40) എന്ന റഷ്യന്‍ പൗരനെതിരെയും സമാന കുറ്റത്തിനു കേസുണ്ട്. ഇയാള്‍ യുഎഇയിലാണെന്നാണു സൂചന.
യുഎസിന്റെ അപേക്ഷപ്രകാരം വിദേശകാര്യ മന്ത്രാലയം കേസില്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്സേജിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്റര്‍പോള്‍, സിബിഐ, കേരള പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണു ഇയാള്‍ വലയിലായത്. പ്രതിയെ കേരള പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയശേഷം യുഎസിനു കൈമാറാനാണു നീക്കം.