കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും വന്‍ ലഹരി വേട്ട. എളംകുളത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് വന്‍ ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എംഡിഎംഎയുടെ പില്‍സ്, രണ്ട് ഗ്രാം കഞ്ചാവ്, കഞ്ചാവ് കൃഷിചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ എന്നിവയുമായി ഒരു യുവതിയടക്കം നാല് പേരാണ് പിടിയിലായത്. പോലീസ് അന്വേഷിച്ചെത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ബല പ്രയോഗം നടത്തുകയും ചെയ്തിരുന്നതായാണ് വിവരം.

കൊച്ചി നഗരത്തില്‍ സംശയമുള്ളവരുടെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന രഹസ്യപരിശോധനയുടെ ഭാഗമായാണ് ഇവരുടെ ഫ്‌ലാറ്റും പരിശോധിച്ചത്. മലപ്പുറം സ്വദേശി ഫിജാസ് മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി ഷാമില്‍, കോഴിക്കോട് സ്വദേശികളായ സി.പി.അബു ഷാമില്‍, ദിയ എസ്.കെ എന്നിവരെയാണ് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. വൈറ്റിലയ്ക്കും കടവന്ത്രയ്ക്കും ഇടയിലുള്ള എളംകുളം മെട്രോ സ്റ്റേഷനു സമീപം ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്നാണ് ലഹരി പിടികൂടിയത്.

ലഹരി വിതരണത്തിന്റെയും വലിയൊരു ശൃംഖലയിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമികമായ നിഗമനം. പിടിയിലായ ദിയ എംബിഎ കഴിഞ്ഞ് ജോലി ചെയ്യുകയാണ്. മറ്റൊരാള്‍ അക്കൗണ്ടന്റാണ്. പ്രതികളില്‍ ഒരാള്‍ വിദ്യാഭ്യാസ ആവശ്യത്തിനായി നഗരത്തിലെത്തിയതാണെന്ന് പൊലീസ് പറയുന്നു. ഇവിടെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതിനു പിന്നാലെ മറ്റുള്ളവരും വന്നുചേരുകയായിരുന്നു.

ഇരുപതിനായിരം രൂപക്ക് ഫ്ലാറ്റ് വാടകക്കെടുത്താണ് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരി പിടികൂടുന്നതിനായി ഫ്ലാറ്റില്‍ എത്തിയപ്പോള്‍ ബലപ്രയോഗത്തിലൂടെ വാതില്‍ അടയക്കാന്‍ ശ്രമിക്കുകയും പോലീസ് ആ നീക്കം തകര്‍ക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഇവര്‍ ലഹരി വസ്തുക്കള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എംഡിഎംഎയുടെ പില്‍സ് അടക്കമുള്ളവ ശുചിമുറിയില്‍ എറിഞ്ഞ് നശിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പോലീസ് ഇത് തന്ത്രപരമായി വീണ്ടെടുക്കുകയായിരുന്നു. ലഹരിവസ്തുക്കള്‍ കൂടാതെ ഒന്നര ലക്ഷം രൂപയും പോലീസ് ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ലഹരിക്കെതിരെയുള്ള പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് ഡാന്‍സാഫ് സംഘം പരിശോധനകള്‍ ശക്തമാക്കിയിരുന്നു. സംശയമുള്ളവരെ നിരീക്ഷിച്ചതിനു ശേഷമായിരുന്നു പരിശോധനകള്‍. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സിനിമ പിആര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിന്‍സി മുംതാസ് അടുത്തിടെ എംഡിഎംഎ കേസില്‍ ഫ്‌ലാറ്റില്‍നിന്ന് അറസ്റ്റിലായത്.