കൊച്ചി: പുതുവര്‍ഷലഹരി പാര്‍ട്ടികള്‍ക്കായി നഗരത്തില്‍ കൊക്കെയ്ന്‍ വിതരണം ചെയ്തിരുന്ന പ്രധാനിയായ ഡെയ്‌സണ്‍ ജോസഫ് (49) ലഹരിമാഫിയയിലെ വന്‍സ്രാവുകളുടെ കങ്കാണി. ഗൂണ്ടാത്തലവന്‍ ചോക്ലേറ്റ് ബിനുവിന്റെ മുഖ്യ വിതരണക്കാരനാണ് ഇയാള്‍. പ്രമുഖ യുവ സിനിമാ താരങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും ടിവി ആങ്കര്‍മാര്‍ക്കും ഇയാള്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി.

'ചോക്ലേറ്റ് ബിനു' എന്ന് വിളിക്കപ്പെടുന്ന ഗൂണ്ടാത്തലവന്‍ ബിനു എന്നയാളാണ് കൊച്ചിയിലേക്ക് കൊക്കെയ്ന്‍ എത്തിക്കുന്നത്. ബിനുവില്‍ നിന്ന് കൊക്കെയ്ന്‍ വാങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തിരുന്നത് ഡെയ്സണ്‍ ആയിരുന്നു. മലയാള സിനിമയിലെ യുവനടനും നടിയും അടക്കം താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ഡെയ്സണ്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായാണ് വിവരം.

കടവന്ത്രയിലെ സിലിക്കണ്‍ സൂപ്പര്‍മാര്‍ക്കറ്റ് പാര്‍ക്കിംഗ് ഗ്രൗണ്ട് പോലുള്ള സ്ഥലങ്ങളില്‍ വെച്ചാണ് യുവനടിക്കായി ഇടപാടുകള്‍ നടന്നിരുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് യുവനടനും ലഹരി എത്തിച്ചിരുന്നു. ഗൂഗിള്‍ പേ വഴിയോ മറ്റ് ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ വഴിയോ പണമിടപാടുകള്‍ നടത്താതെ, നേരിട്ട് പണം വാങ്ങിയായിരുന്നു ഡെയ്സണ്‍ മയക്കുമരുന്ന് കൈമാറിയിരുന്നത്. ഒരു മധ്യവയസ്‌കനായതിനാലും കാഴ്ചയില്‍ സംശയം തോന്നാത്ത രീതിയിലുള്ള രൂപമായതിനാലും ഇയാളെ ആരും സംശയിക്കാറില്ല എന്നും പൊലീസ് പറയുന്നു.

ഡോക്ടര്‍മാര്‍, ടിവി ഷോ ആങ്കര്‍മാര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ഇയാളുടെ ഇടപാടുകാരുടെ പട്ടികയിലുണ്ടെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും മറ്റ് പ്രമുഖര്‍ക്കും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

തിരുവനന്തപുരത്തെ ഗൂണ്ടാത്തലവന്‍ ഓംപ്രകാശിന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ രാസലഹരി കൈമാറിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ചോക്ലേറ്റ് ബിനു. 2025 ജൂണ്‍ രണ്ടാം വാരം, മുപ്പതോളം കേസുകളില്‍ പ്രതിയായ തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും തമ്മില്‍ ഏറ്റുമുട്ടിയത് വാര്‍ത്തയായിരുന്നു.

ഡെയ്‌സണ് ലഹരി മരുന്ന് എത്തിച്ചു നല്‍കിയ 'ചോക്ലേറ്റ് ബിനു'വിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

വില കേട്ടാല്‍ ഞെട്ടും! ബിനുവാണ് താരം

ഗ്രാമിന് 13,000 രൂപയ്ക്കാണ് ഡെയ്സണ്‍ കൊക്കെയ്ന്‍ വിറ്റിരുന്നത്. ഇതില്‍ 1000 രൂപ ഡെയ്സണ്‍ കമ്മീഷനായി എടുക്കും. ബാക്കി തുക ലഹരി എത്തിക്കുന്ന ബിനുവിന് നല്‍കും. ക്രിസ്മസ് ദിനത്തില്‍ ബിനു വന്‍തോതില്‍ ലഹരി വില്‍പ്പന നടത്തിയെന്നാണ് പിടിയിലായ ഡെയ്സണ്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

കൊച്ചി സിറ്റി പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സായ ഡാന്‍സാഫ് -4 ആണ് ഡെയ്‌സണെ പിടി കൂടിയത്. നിലവില്‍ കടവന്ത്രയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാള്‍. ചൊവ്വാഴ്ച ഉച്ചയോടുകൂടിയാണ് ഡാന്‍സാഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കടവന്ത്ര ദേവി ക്ഷേത്രത്തിന് സമീപം വെച്ച് ഇരുചക്ര വാഹനത്തില്‍ കൊക്കെയ്ന്‍ വില്‍പനയ്ക്കായി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. ക്ഷേത്രത്തിന് സമീപം വെച്ച് ഇയാളെ തടഞ്ഞുവെച്ച് ദേഹപരിശോധന നടത്തിയപ്പോള്‍ ഇയാളുടെ പക്കല്‍ നിന്നും 8 ഗ്രാം കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു.

ഡാന്‍സാഫ് സംഘം പിടികൂടിയ പ്രതിയെയും തൊണ്ടിമുതലും കൂടുതല്‍ നിയമനടപടികള്‍ക്കായി എറണാകുളം സൗത്ത് പോലീസിന് കൈമാറി. ഇയാള്‍ക്ക് ലഹരിമരുന്ന് നല്‍കിയ ചോക്ലേറ്റ് ബിനുവിനേയും പ്രതി ചേര്‍ത്തിട്ടുണ്ട്.