- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെത്തിച്ച ലൈംഗിക തൊഴിലാളിയുമായി ഒരുമിച്ചു മദ്യപിച്ചു; സെക്സിന് ശേഷം 500 രൂപയ്ക്ക് പകരം 2000 ആവശ്യപ്പെട്ടതോടെ തര്‍ക്കമായി; പണമില്ലാതെ വീട്ടില്‍ നിന്ന് പോവില്ലെന്ന് സ്ത്രീ പറഞ്ഞതോടെ ജോര്‍ജ്ജിന് നിയന്ത്രണം വിട്ടു; കമ്പിപ്പാരയെടുത്ത് തലയ്ക്കടിച്ചു; രണ്ടാമത്തെ അടിയില്‍ മരണം; വഴിയില്‍ തളര്‍ന്ന് ഉറങ്ങിയതോടെ മൃതദേഹം ആരോ ഇവിടെ കൊണ്ടിട്ടെന്ന് പറഞ്ഞ് തടിതപ്പല്‍ ശ്രമവും
വീട്ടിലെത്തിച്ച ലൈംഗിക തൊഴിലാളിയുമായി ഒരുമിച്ചു മദ്യപിച്ചു
കൊച്ചി: ഭാര്യയും മക്കളും സ്ഥലത്തില്ലാത്തതിനാല്‍ ലൈംഗികതൊഴിലാളിയായ സ്ത്രീയെയും കൂട്ടി വീട്ടിലെത്തിയ ജോര്‍ജ് കൊല നടത്തിയത് പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലായിരുന്നു. ഈ സമയം ഇരുവരും മദ്യപിച്ചിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. ജോര്‍ജ്ജിന്റെ മൊഴിയും ഇങ്ങനെയാണ്. ജോര്‍ജിന്റെ ഭാര്യ മകളുടെ കുട്ടിയുടെ പിറന്നാളാഘോഷത്തിന് പോയതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല.
ആ തക്കം നോക്കിയാണ് രാത്രി എറണാകുളം സൗത്തില്‍ നിന്ന് ലൈംഗിക തൊഴിലാളിയായ ബിന്ദുവിനെ ഓട്ടോറിക്ഷയില്‍ കയറ്റി ജോര്‍ജ് വീട്ടിലെത്തിച്ചത്. വില പേശലിനൊടുവില്‍, 500 രൂപ തരാമെന്ന് വാക്കുപറഞ്ഞാണ് ബിന്ദുവിനെ ജോര്‍ജ് വീട്ടില്‍ കൊണ്ടുവന്നത്. ഭക്ഷണം വാങ്ങിച്ച് വീട്ടിലെത്തിയ ശേഷം ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു, പിന്നാലെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. എന്നാല്‍ പിന്നീട് സ്ത്രീ പണം ചോദിച്ചതോടെ ജോര്‍ജിന്റെ മട്ടുമാറി.
പണമില്ലാതെ വീട്ടില്‍ നിന്നും തിരിച്ചുപോവില്ലെന്നു പറഞ്ഞ സ്ത്രീയെ ജോര്‍ജ് കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയാണ് ഉണ്ടയത്. മദ്യപിച്ച് ലെക്കുകെട്ട അവസ്ഥയിലായിരുന്ന ജോര്‍ജ് പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കമ്പിപ്പാരയെടുത്ത് ബിന്ദുവിന്റെ തലയ്ക്കടിച്ചു. രണ്ടാമത്തെയടിയിലാണ് ബിന്ദു മരണത്തിന് കീഴടങ്ങിയത്. മൃതദേഹം പുറത്തെ ഡ്രെയിനേജില്‍ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. പുലര്‍ച്ചെ നാലരയോടെ സമീപത്തെത്തി ചാക്ക് ചോദിച്ചു, പട്ടിയെ മറവുചെയ്യാനാണെന്നാണ് പറഞ്ഞത്. ശേഷം വീട്ടിലെത്തി കിടപ്പുമുറിയില്‍ നിന്നും സ്ത്രീയുടെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചു. എന്നാല്‍ പാതിവഴിയിലെത്തിയതോടെ ഇയാള്‍ തളര്‍ന്നു പാതി മയക്കത്തിലായി. അങ്ങനെ മതിലിനോട് ചേര്‍ന്ന് ചാരിയിരുന്നു.
അര്‍ധനഗ്‌നമായ മൃതദേഹത്തിനടുത്ത് തളര്‍ന്നുറങ്ങുന്ന ജോര്‍ജിനെ ഹരിതകര്‍മസേന അംഗങ്ങളാണ് ആദ്യം കണ്ടത്. സ്ത്രീയുടെ തലയില്‍ അടിയേറ്റ ലക്ഷണമുണ്ട്. ശരീരത്തില്‍ പലയിടത്തും മുറിവുകളുമുണ്ട്. ചാക്കിലാക്കിയ മൃതദേഹം വീട്ടിനുള്ളില്‍നിന്ന് പുറത്തേക്ക് വലിച്ചുകൊണ്ടുപോകാനും ശ്രമം നടത്തി. മദ്യലഹരിയിലാണെന്ന് പറയുമ്പോഴും പ്രതി ജോര്‍ജ് ആദ്യം കുറ്റം സമ്മതിച്ചില്ല. മൃതദേഹം മറ്റാരോ കൊണ്ടുവന്നിട്ടതാണെന്നും ഇതുകണ്ട് താന്‍ തലകറങ്ങി ഇരുന്നുപോയതാണെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ സാഹചര്യത്തെളിവുകളും നാട്ടുകാരുടെ മൊഴികളും ജോര്‍ജാണ് പ്രതിയെന്ന കാര്യം ഉറപ്പിച്ചിരുന്നു.
പുലര്‍ച്ചെ മൂന്നോടെ സമീപത്തെ വീടുകളില്‍ ജോര്‍ജ് ചാക്ക് അന്വേഷിച്ചെത്തിയിരുന്നു. വീടിനടുത്ത് ആരോ ചത്ത പട്ടിയെ ഉപേക്ഷിച്ചിട്ടുണ്ടെന്നും അതിനെ കൊണ്ടുപോയി കളയാനാണ് ചാക്കെന്നുമാണ് ജോര്‍ജ് പറഞ്ഞത്. പിന്നീട് ചാക്കുവാങ്ങിയ കാര്യം അപ്പക്കട നടത്തുന്ന സന്തോഷ് സ്ഥിരീകരിച്ചു. തന്റെ കൈയില്‍ നിന്നും വാങ്ങിയ ചാക്കിലാണ് മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചതെന്നും സന്തോഷ് വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും ചോദ്യം ചെയ്തതോടെ ജോര്‍ജ് കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് ജോര്‍ജിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തുകയും ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ ഫോണും പേഴ്‌സും ഇവിടെനിന്നും കിട്ടി. ഇതുവഴിയാണ് കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശിനിയാണെന്ന് പോലീസ് ഉറപ്പിച്ചത്.
61വയസുകാരനായ ജോര്‍ജ് പ്രായമായ രോഗികളെ ശുശ്രൂഷിക്കാനായി പോകുന്നയാളാണ്. മകന്‍ യുകെയിലാണ്. മകള്‍ക്കൊപ്പമാണ് ഭാര്യ നിലവില്‍ താമസിക്കുന്നത്. അതേസമയം ജോര്‍ജിന്റെ പേരില്‍ മറ്റു ക്രിമിനല്‍ കേസുകളൊന്നുമില്ലെന്നും പൊലീസ് പറയുന്നു. സംഭവം കണ്ട് ഞെട്ടിത്തരിച്ച ഷോക്കിലാണ് ഹരിതകര്‍മസേനാംഗം മണി.
കോന്തുരുത്തി മേഖലയില്‍ മാലിന്യം ശേഖരിക്കാന്‍ വരുന്നയാളാണ് മണി. പുലര്‍ച്ചെ ആറുമണിയോടെ ഇവര്‍ ജോര്‍ജിന്റെ വീട്ടിലേക്ക് വരുമ്പോഴാണ് ഈ കാഴ്ച കണ്ടത്. മുഖം മറച്ചിരുന്നതുകൊണ്ട് ആളെ മനസ്സിലായില്ല. തന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഇതിനിടെ ജോര്‍ജ് പറഞ്ഞു. മൃതദേഹം ആരോ ഇവിടെ കൊണ്ടിട്ടുപോയതാണെന്നാണ് അപ്പോള്‍ ജോര്‍ജ് പറഞ്ഞതെന്നും മണി മൊഴി നല്‍കിയത്.
വെളുപ്പിന് നാലരയോടെ അര കിലോമീറ്ററിലധികം അകലെയുള്ള അപ്പം വില്‍ക്കുന്ന കടയില്‍ ചാക്ക് വാങ്ങാനെത്തിയതായി കട നടത്തുന്ന ടി.കെ. സന്തോഷ് പറയുന്നു. ''വെളുപ്പിന് ഒന്നരയോടെയാണ് അപ്പക്കട തുറക്കുക. വെള്ളയപ്പം കച്ചവടമാണ്. ഇതിനിടെ നാലരയോടെ ഒരാള്‍ കടയിലെത്തി. മുന്‍പ് ഒന്നുരണ്ടുതവണ കണ്ടുപരിചയമുണ്ട്. ആളുകള്‍ കടയില്‍നിന്നും അരിയും മറ്റും കൊണ്ടുവരുന്ന ചാക്ക് വാങ്ങാറുണ്ട്. വന്നയാള്‍ ഒരു ചാക്ക് വേണമെന്ന് പറഞ്ഞു, പിന്നെ ഒരെണ്ണം കൂടി ആവശ്യപ്പെട്ടു. 14 രൂപയാണ് രണ്ടുചാക്കിനും കൂടി വാങ്ങിയത്. ചാക്കുമായി ആള്‍ പോവുകയും ചെയ്തു. പിന്നെ രാവിലെ ഓര്‍ഡറുണ്ടായിരുന്ന അപ്പം നല്‍കി തിരികെ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്''-സന്തോഷ് പറയുന്നു. സന്തോഷിന്റെ ഭാര്യ ഷീലയും ഈ സമയം കടയിലുണ്ടായിരുന്നു.
15 വര്‍ഷമായി ജോര്‍ജ് താമസിക്കുന്ന വീടിന്റെ ഒരുഭാഗം മറുനാട്ടുകാരായ കുടുംബത്തിന് വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇവര്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ സംഭവം കണ്ടിട്ടില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ സമീപവാസികളുടെയടക്കം മൊഴികള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒരു ഫ്ലാറ്റിന്റെയും ഹോസ്റ്റലിന്റെയും ഇടയ്ക്ക് കഷ്ടിച്ച് ഒരു ബൈക്കിന് കടന്നുപോകാവുന്ന 20 മീറ്ററോളം നീളംവരുന്ന വഴിയാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ളത്. ഇതിന്റെ പകുതി ദൂരം വരെ ഇയാള്‍ മൃതദേഹം വലിച്ചിഴച്ചു കൊണ്ടുവന്നിരുന്നു.




