തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ ഏജന്റ് ധര്‍മരാജന്റെ കോള്‍ പട്ടികയിലുണ്ട് ബിജെപി നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍. എന്നാല്‍, ഈ പട്ടിക കേരള പൊലീസ് കൈ മാറിയിട്ടും ഇഡി പരിശോധിച്ചില്ലെന്ന് ദേശാഭിമാനി. കൊടകരയില്‍ 2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കുഴല്‍പ്പണം കവര്‍ച്ച ചെയ്യപ്പെട്ടയുടന്‍ ധര്‍മരാജന്‍ ആദ്യം വിളിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ സുരേന്ദ്രനെ. പൊലീസ് സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളില്‍ ഏറെ പ്രധാനമാണ് ഈ വിവരം.

കുഴല്‍പ്പണ ഇടപാടിനെക്കുറിച്ച് സുരേന്ദ്രന് എല്ലാം അറിയാം എന്നതിനാലാണ് അദ്ദേഹത്തെ ആദ്യം വിളിച്ചതെന്ന് ധര്‍മരാജന്റെ പോലീസിന് നല്‍കിയ മൊഴിയുണ്ട്. ഇവയെല്ലാം ഇഡി മുക്കി. ധര്‍മരാജന്‍ ഉപയോഗിച്ചിരുന്ന നമ്പറില്‍ നിന്നാണ് സുരേന്ദ്രന്റെ നമ്പറിലേക്ക് വിളിച്ചത്. അപ്പോള്‍ ഫോണ്‍ എടുത്തില്ലെങ്കിലും സുരേന്ദ്രന്‍ തിരിച്ചുവിളിച്ചു. 2021 ഏപ്രില്‍ രണ്ടിനും മൂന്നിന് പുലര്‍ച്ചെ അഞ്ചിനുമിടയിലാണ് ധര്‍മരാജന്‍ ബിജെപി നേതാക്കളെ ബന്ധപ്പെട്ടത്. ധര്‍മരാജന്റെ ബിജെപി നേതാക്കളെ വിളിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകളും കുറ്റപ്പത്രത്തോടൊപ്പം അന്വേഷകസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ദേശാഭിമാനി പറുന്നു. ഇതോടെ ഇഡിക്കെതിരെ ആരോപണം സജീവമാക്കുകയാണ് സിപിഎം.

ഇഡിക്ക് പോലീസ് നല്‍കിയ കോള്‍ലിസ്റ്റ് ഇങ്ങനെ

സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണനെ - വിളിച്ചത്10 തവണ

ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായരെ- രണ്ട് തവണ.

ബിജെപി തൃശൂര്‍ ജില്ലാ ട്രഷറര്‍ സുജയ്സേനനെ- 15 തവണ

ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ഗോപാലകൃഷ്ണന്‍ കര്‍ത്തയെ- ഏഴ് തവണ

കര്‍ത്തയുടെ മറ്റൊരു നമ്പറില്‍-രണ്ടുതവണ

കെ സുരേന്ദ്രന്റെ ഡ്രൈവര്‍ ലിബീഷിനെ-ആറ് തവണ

സുരേന്ദ്രന്റെ പിഎ ആയ ബി ഡിബിനെ- മൂന്ന് തവണ.

ബിജെപി നേതാവ് എം എസ് അനില്‍കുമാറിനെ -അഞ്ച് തവണ.

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഇ.ഡി കുറ്റപത്രം പാര്‍ലമെന്റിനെയും പ്രക്ഷുബ്ധമാക്കി. കള്ളപ്പണമിടപാടുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയുടെ വിശ്വാസ്യതയാണ് കോണ്‍ഗ്രസ് ആവര്‍ത്തിച്ച് ചോദ്യം ചെയ്തത്. ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണമുയര്‍ന്ന ഇടപാട് ഇ.ഡി അലക്കി വെളുപ്പിച്ചെന്നാണ് ആരോപണം. പ്രതിപക്ഷ നേതാക്കളെ നിരന്തരം വേട്ടയാടുന്ന അന്വേഷണ ഏജന്‍സി പണം ബിജെപിയുടേതെങ്കില്‍ കണ്ട ഭാവം നടിക്കില്ല എന്ന് കോണ്‍ഗ്രസ്. അതേസമയം കരുവന്നൂര്‍ കേസ് അടക്കം അന്വേഷിക്കുന്ന ഇഡിയുടെ നീക്കം സിപിഎമ്മിന്റെ ഇഡി വിരുദ്ധ പ്രചാരണത്തിനും ശക്തി പകരുന്നതാണ് കൊടകരയിലെ കുറ്റമില്ലാത്ത കുറ്റപത്രം.

കൊടകരയിലെ അനധികൃത പണമിടപാടു സംബന്ധിച്ച ആരോപണങ്ങള്‍ക്കു കേരള പൊലീസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തികച്ചും വ്യത്യസ്തമായ ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളുമാണു നല്‍കിയിരിക്കുന്നത്. കുറ്റപത്രത്തിലെ ഭിന്നസ്വരങ്ങളെ പ്രതികള്‍ ആയുധമാക്കിയേക്കാം. ഒരു ക്രിമിനല്‍ കേസിന്റെ രത്‌നച്ചുരുക്കമാണു കുറ്റപത്രം. അതു സംക്ഷിപ്തവും സുവ്യക്തവും ആകണം. ഒരു കുറ്റകൃത്യത്തെ കുറിച്ച് സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സിയും രണ്ടു ഘട്ടങ്ങളിലായി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഇതൊന്നും ഇവിടെ ഉണ്ടായിട്ടില്ല. സംസ്ഥാന പൊലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുക്കുകയോ, കേസിന്റെ ഏതെങ്കിലും ഭാഗം പ്രത്യേകമായി എടുത്ത് അന്വേഷിക്കുകയോ ചെയ്യുമ്പോള്‍ ഇരു ഏജന്‍സികളും തമ്മില്‍ മതിയായ ആശയവിനിമയവും ഏകോപനവും വേണം. ഇതിന് വിരുദ്ധമാണ് ഇഡി കുറ്റപത്രം.

അധികാരത്തിലിരിക്കുന്നവര്‍ അന്വേഷണ ഏജന്‍സികളെ തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാനുള്ള ഉപകരണങ്ങളാക്കുന്നതിനെതിരെ 'പ്രകാശ് സിങ് കേസി'ല്‍ (2006) സുപ്രീംകോടതി ശക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും കേന്ദ്രമോ സംസ്ഥാനങ്ങളോ ഈ നിര്‍ദേശങ്ങള്‍ യഥാവിധി നടപ്പിലാക്കിയിട്ടില്ല. അതിന്റെ ബാക്കി പത്രമാണ് ഈ സംഭവമെന്ന വിലയിരുത്തലും സജീവമാണ്.