ഇരിങ്ങാലക്കുട: കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിഞ്ഞാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതി. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ബിജെപി നേതാക്കള്‍ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നു എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്. കൊടകരയില്‍ വെച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ട കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതില്‍ ബിജെപി നേതാക്കള്‍ സാക്ഷികള്‍ മാത്രമാണുണ്ടായിരുന്നത്.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഈ കേസില്‍ സാക്ഷികള്‍ മാത്രമാണ്. അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ബിജെപിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്ന തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍. ബിജെപിയുടെ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും, ബിജെപിയുടെ ഓഫീസിലേക്ക് ഇത്തരത്തില്‍ കുഴല്‍പ്പണ ഇടപാട് നടന്നിട്ടുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണ സാധ്യതക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്.പി വി.കെ രാജു പബ്ലിക് പ്രോസിക്യൂട്ടര്‍ എം.കെ. ഉണ്ണികൃഷ്ണന്‍ വഴി കോടതിയെ സമീപിച്ചത്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആറ് ചാക്കുകളിലാക്കിയായിരുന്നു കൊണ്ടുവന്നിരുന്നത്. കേസിലെ മുഖ്യസാക്ഷിയായ ധര്‍മരാജനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ വെളിപ്പെടുത്തലുകളായിരുന്നു വന്നത്.

കൊടകര കള്ളപ്പണക്കേസില്‍ പ്രധാന ആരോപണം നേരിടുന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുരേന്ദ്രനെ പ്രതിചേര്‍ക്കാതെ മൊഴിയെടുക്കുക മാത്രമായിരുന്നു ചെയ്തത്. പണം കൊണ്ടുവന്ന ധര്‍മരാജനുമായി സുരേന്ദ്രന് ബന്ധമുണ്ടായിരുന്നുവെന്ന് തിരൂര്‍ സതീഷ് മൊഴി നല്‍കിയിരുന്നു. തന്നില്‍ നിന്നും മതിയായ മൊഴിയെടുക്കലുകള്‍ അന്വേഷണസംഘം നടത്തിയിട്ടില്ല എന്ന് തിരൂര്‍ സതീഷ് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ വെളിപ്പെടുത്തലുകള്‍ വന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് ഉണ്ടായിരുന്നതെന്ന് തിരൂര്‍ സതീഷ് ആരോപിച്ചിരുന്നു.

സത്യമായിട്ടുള്ള കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും മൊഴി രേഖപ്പെടുത്താന്‍ ഇനി പോലീസ് വന്നാലും തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോടു പറയുമെന്നും ആശങ്കളും പേടികളും ഉണ്ടെങ്കിലും പറഞ്ഞ സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തിരൂര്‍ സതീഷ് പ്രതികരിച്ചിരുന്നു.