കോഴിക്കോട്: യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ കൊടിയത്തൂരില്‍ യുവാവിന് നേരേ സദാചാര ഗുണ്ടാ ആക്രമണമെന്ന് പരാതി. അക്ഷയ സെന്റര്‍ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടിക്ക് സമീപം ചുള്ളിക്കാപറമ്പ് അക്ഷയ സെന്റര്‍ നടത്തിപ്പുകാരനായ ചാത്തമംഗലം പാഴൂര്‍ സ്വദേശി ആബിദിനെയാണ് ഒരുസംഘം ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ആബിദ് അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ചയാണ് രണ്ട് കാറുകളിലായി എത്തിയ അക്രമിസംഘം ആബിദിനെ സ്വന്തം സ്ഥാപനത്തില്‍നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്. ബലമായി പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം അജ്ഞാതകേന്ദ്രത്തില്‍വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. ആക്രമണത്തില്‍ തലയോട്ടിക്ക് പൊട്ടലുണ്ടായെന്നും വാരിയെല്ലിനടക്കം പരിക്കുണ്ടെന്നും ആബിദിന്റെ ബന്ധു പറഞ്ഞു.

രണ്ട് കാറുകളിലായി എത്തിയ സംഘം ആദ്യം യുവതിയെ കാറിലേക്ക് ബലമായി പിടിച്ചുകയറ്റി. പിന്നാലെയാണ് സ്ഥാപനത്തിലുണ്ടായിരുന്ന ആബിദിനെ മറ്റൊരു കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കാറില്‍വെച്ചും അജ്ഞാത കേന്ദ്രത്തില്‍വെച്ചും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സദാചാര ആക്രമണത്തിന് പിന്നില്‍ യുവതിയുടെ ബന്ധുക്കളാണെന്നാണ് ആരോപണം. സംഭവത്തില്‍ ആബിദിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ മുക്കം പോലീസ് കേസെടുത്തു. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുക്കം പോലീസ് കേസെടുത്തത്.

മലപ്പുറം അരീക്കോട് വെച്ചാണ് ആബിദ് അക്രമി സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും അന്വേഷണം നടത്തുന്ന മുക്കം പൊലീസ് അറിയിച്ചു.

അക്ഷയ സെന്റര്‍ ജീവനക്കാരനെതിരെ നടന്ന അതിക്രമത്തില്‍ ചുള്ളിക്കാപറമ്പിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു. അടിയന്തരമായി പ്രതികളെ പിടികൂടണമെന്ന് സര്‍വ്വകക്ഷിയോഗം പൊലീസിനോട് ആവശ്യപ്പെട്ടു.