കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ട്രെയിനീ ഡോക്ടറെ അതക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതില്‍ പ്രതിഷേധം ഇരമ്പുന്നു. വിവിധ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സമരവും പ്രതിഷേധ പ്രകടനങ്ങളും കൊല്‍ക്കത്തയില്‍ നടന്നു. പൊതുസമൂഹത്തിലും വലിയ ഞെട്ടലാണ് സംഭവം ഉണ്ടാക്കിയത്. ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ച്ചയാണ് കൊലപാതകം നടന്നത്. ക്രൂരമായ പീഡനത്തിനിരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണുകളില്‍ നിന്നും വായില്‍ നിന്നും രക്തം വന്നിട്ടുണ്ട്. മുഖത്തും വിരലുകളിലും മുറിവുകള്‍ ഉണ്ട്. വയര്‍, ഇടതുകാല്‍, കഴുത്ത്, വലതു കൈ, മോതിരവിരല്‍, ചുണ്ട് എന്നീ ഭാഗങ്ങളിലും പരിക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വേഗത്തില്‍ കണ്ടെത്താന്‍ പൊലീസിന് തുണയായത് ക്രൈം സീനില്‍ നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഇയര്‍ ഫോണായിന്നു. സഞ്ജയ് റായ് എന്നയാളെയാണ് കൊല നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിനുള്ളിലാണ് 28കാരിയായ ഡോക്ടറുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്.

ബലാത്സംഗത്തിനു ശേഷം ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കൊല്‍ക്കത്ത പൊലീസ് സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ച് പ്രതിയാകാന്‍ സാധ്യതയുള്ള ആളുകളുടെ പട്ടിക പൊലീസ് തയാറാക്കി. പൊലീസ് ശേഖരിച്ച തെളിവുകളില്‍ ഒരു ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ ഉണ്ടായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തുനിന്നാണ് ഇത് ലഭിച്ചത്.

സംശയമുള്ളവരെയെല്ലാം വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോള്‍ എല്ലാവരും കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഇതോടെ പൊലീസ് എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ വാങ്ങി ബ്ലൂടൂത്ത് ഓണ്‍ ചെയ്തു. ഇതില്‍, സഞ്ജയ് റോയിയുടെ ഫോണുമായി ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ ഓട്ടോമാറ്റിക്കലി പെയര്‍ ആവുകയായിരുന്നു. ഇതോടെ, ഇയാളുടേതാണ് ഇയര്‍ ഫോണ്‍ എന്ന് വ്യക്തമായി. വെള്ളിയാഴ്ച അതിരാവിലെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു.

വിശദമായ ചോദ്യംചെയ്യലില്‍ പ്രതിക്ക് കുറ്റം സമ്മതിക്കേണ്ടിവന്നു. സഞ്ജയ് റോയ് ഒറ്റക്കാണോ, അതോ മറ്റാരെങ്കിലും ഒപ്പമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന സിവിക് പൊലീസ് വളണ്ടിയര്‍ ആണ് പ്രതി സഞ്ജയ് എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്ന പദവിയാണിത്. ആശുപത്രികളില്‍ പൊലീസുകാര്‍ അഡ്മിറ്റ് ആവുമ്പോള്‍ ഇത്തരക്കാരാണ് സഹായികളായി ഒപ്പമുണ്ടാവുക.

ഡോക്ടറുടെ കൊലപാതകത്തില്‍ ബംഗാളിലെങ്ങും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിക്ക് വധശിക്ഷ വാങ്ങിനല്‍കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റി എത്രയും വേഗം ശിക്ഷ പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.

'ജൂനിയര്‍ ഡോക്ടര്‍മാരുടെ രോഷം ന്യായീകരിക്കാനാവുന്നതാണ്. അവരെ ഞാന്‍ പിന്തുണയ്ക്കുന്നു. അവരുടെ ആവശ്യം പൊലീസ് അംഗീകരിച്ചിട്ടുമുണ്ട്. അതിവേ?ഗകോടതിയില്‍ കേസ് പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വേണ്ടിവന്നാല്‍, പ്രതികളെ തൂക്കിലേറ്റും. എന്തായാലും പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കും. സമരം ചെയ്യുന്നവരോട് പറയാനുള്ളത് അവര്‍ക്ക് സംസ്ഥാനസര്‍ക്കാരില്‍ വിശ്വാസമില്ലെങ്കില്‍ ഏത് നിയമസംവിധാനത്തെയും സമീപിക്കാമെന്നാണ്. അതിലെനിക്ക് യാതൊരു പ്രശ്‌നവുമില്ല. കൃത്യവും സമ?ഗ്രവുമായ അന്വേഷണവും കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയുമാണ് നമുക്കാവശ്യം'- മമതാ ബാനര്‍ജി പറഞ്ഞു.