- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിയുടെ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ
കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന സിറ്റി പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അനുപ് ദത്തയെ നുണ പരിശോധനയ്ക്ക് വിധേയനാക്കും. പ്രതിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. കൊലപാതകത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സാധ്യത തള്ളിക്കളയാന്‍ എയിംസിലെ വിദഗ്ധരുമായി സിബിഐ കൂടിയാലോചനയും നടത്തും. കുറ്റകൃത്യം മറച്ചുവെക്കാന്‍ ദത്ത പ്രതിയെ സഹായിച്ചിരിക്കാനുള്ള സാധ്യത പരിഗണിച്ചാണ് സിബിഐ നടപടി. അനുമതിക്കായി സിബിഐ […]
കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന സിറ്റി പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അനുപ് ദത്തയെ നുണ പരിശോധനയ്ക്ക് വിധേയനാക്കും. പ്രതിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. കൊലപാതകത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സാധ്യത തള്ളിക്കളയാന്‍ എയിംസിലെ വിദഗ്ധരുമായി സിബിഐ കൂടിയാലോചനയും നടത്തും.
കുറ്റകൃത്യം മറച്ചുവെക്കാന്‍ ദത്ത പ്രതിയെ സഹായിച്ചിരിക്കാനുള്ള സാധ്യത പരിഗണിച്ചാണ് സിബിഐ നടപടി. അനുമതിക്കായി സിബിഐ സംഘം കൊല്‍ക്കത്ത കോടതിയെ സമീപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതി, അനൂപ് ദത്തയോട് കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോയെന്നും എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും കണ്ടെത്താനാണ് ശ്രമം. അതേസമയം, മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ നുണപരിശോധന സിബിഐ പൂര്‍ത്തിയാക്കി. മുഖ്യപ്രതി സഞ്ജയ് റോയിയെയും നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. ആറുപേരുടെ നുണപരിശോധനയാണ് ഇതുവരെ നടന്നത്.
ഓഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍, സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മരണത്തിന് പിന്നാലെ, സംസ്ഥാനത്ത് പ്രതിഷേധമിരമ്പി. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് ആര്‍.ജി. കറിലെയും മറ്റു മെഡിക്കല്‍ കോളേജുകളിലെയും ഡോക്ടര്‍മാര്‍ പണിമുടക്കുകയും ചെയ്തിരുന്നു.
എയിംസിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കുറ്റകൃത്യം ചെയ്തത് സഞ്ജയ് റോയി തനിച്ചാണോയെന്ന് കണ്ടെത്താന്‍ സിബിഐയെ സഹായിക്കുമെന്നാണ് വിവരം. ഇതിനായി ഡിഎന്‍എ, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവ സിബിഐ കൈമാറി. ആര്‍.ജി.കാര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വച്ചാണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആശുപത്രിയിലെ 36 മണിക്കൂര്‍ നീണ്ട ഷിഫ്റ്റ് കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകം.
അതേസമയം, സംഭവത്തില്‍ കൊല്‍ക്കത്തയിലെ തെരുവില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ടു നടന്ന പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്. സെക്രട്ടേറിയറ്റ് ലക്ഷ്യം വച്ച് നീങ്ങിയ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും, ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. പ്രതിഷേധക്കാരില്‍ ചിലര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്ത ഏതാനും വിദ്യാര്‍ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.