കൊല്‍ക്കത്ത: മെഡിസിനില്‍ സ്വര്‍ണ്ണ മെഡലോടെ വിജയിക്കണം എന്നതായിരുന്നു കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ആഗ്രഹം. ആ സ്വപ്‌നത്തിലേക്കുള്ള യാത്രക്കിടെയാണ് നരിധമന്‍മാരാല്‍ പിച്ചിചീന്തപ്പെട്ട് അവര്‍ കൊല്ലപ്പെടുന്നത്. അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ അവസാനമായി ഡയറിയില്‍ കുറിച്ച ഹൃദയഭേദക കുറിപ്പ് പുറത്തുവരുമ്പോള്‍ വേദന ഇരട്ടിയാകുകയാണ്.

മകളുടെ ആഗ്രഹം വിവരിച്ചു കൊണ്ട് കുട്ടിയുടെ പിതാവും രംഗത്തുവന്നു. അവളുടെ സ്വപ്നത്തിലേക്കുള്ള യാത്രയെക്കുറിച്ച് അവള്‍ അവസാനമായി എഴുതിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതെല്ലാം തകര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍ ഓഫ് മെഡിസിന്‍(എം.ഡി) പരീക്ഷയില്‍ ഒന്നാമതായി സ്വര്‍ണ മെഡല്‍ നേടാനായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നത്. ഇക്കാര്യം ഡയറിക്കുറിപ്പില്‍ അവസാന കുറിപ്പായി അവള്‍ എഴുതിവെച്ചിരുന്നു. കൊല്ലപ്പെടും മുമ്പ് എഴുതിയ ഡയറിക്കുറിപ്പിനെക്കുറിച്ച് പിതാവ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മകള്‍ നന്നായി പഠിക്കുമായിരുന്നു. അവളെ ഒരു ഡോക്ടറായി കാണാന്‍ കുടുംബം ഒരുപാട് പ്രയാസം നേരിട്ടു. അവളുടെ ലക്ഷ്യത്തിലെത്താന്‍ വേണ്ടി അവളും പ്രയത്‌നിച്ചു. 10-12 മണിക്കൂറോളം ദിവസവും അവളുടെ സ്വപ്നത്തിലേക്ക് എത്തിച്ചേരാന്‍ വേണ്ടി അവള്‍ പരിശ്രമിച്ചു. എന്നാല്‍ എല്ലാം തകര്‍ന്നിരിക്കുന്നു- പിതാവ് പറഞ്ഞു.

ബംഗാളിലെ ആര്‍.കെ. കര്‍ മെഡിക്കല്‍ കോളേജില്‍ പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെടുന്നത്. നിരവധി മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു മാതാപിതാക്കളെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ ബംഗാളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്. അതിക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

അതേസമയം വനിതാ ഡോക്ടറെ ഉപദ്രവിച്ച് കൊലപ്പെടുത്താന്‍ സഞ്ജയ് റോയിക്ക് ഒറ്റയ്ക്ക് കഴിയുമോ എന്നതാണ് സംഭവവുമായി ബന്ധപ്പെട്ട പ്രധാനസംശയം. അരമണിക്കൂറിനുള്ളില്‍ ഒരാള്‍ ഒറ്റയ്ക്ക് ഇതെല്ലാം എങ്ങനെ ചെയ്തുവെന്നതും ചോദ്യമാണ്. മാത്രമല്ല, അരമണിക്കൂറോളം ഉപദ്രവിച്ചിട്ടും വനിതാ ഡോക്ടര്‍ നിലവിളിക്കുന്നത് ആശുപത്രി കെട്ടിടത്തിലുണ്ടായിരുന്ന മറ്റാരും കേട്ടില്ലേ എന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു. ഇതിനിടെയാണ് സംഭവത്തെക്കുറിച്ച് സംശയങ്ങളുയര്‍ത്തുന്ന ഒരു ഓഡിയോ ക്ലിപ്പും പ്രചരിക്കുന്നത്.

കൊലപാതകം നടന്ന ആര്‍.കെ. കര്‍ മെഡിക്കല്‍ കോളേജിലെ ഇന്റേണും മറ്റൊരു ആശുപത്രിയില പി.ജി. ട്രെയിനി ഡോക്ടറും തമ്മിലുള്ള ഫോണ്‍സംഭാഷണമെന്ന പേരിലാണ് ഈ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് മറ്റുസ്ഥിരീകരണങ്ങളൊന്നുമില്ല. വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പി.ജി. ഡോക്ടര്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതും ആര്‍.കെ. കര്‍ ആശുപത്രിയിലെ ഇന്റേണ്‍ ഇതുസംബന്ധിച്ച് വിശദീകരിക്കുന്നതുമാണ് ഓഡിയോ ക്ലിപ്പിലുള്ളത്. കേസില്‍ അറസ്റ്റിലായ സഞ്ജയ് റോയി ബലിയാടാണെന്നും ഇതെല്ലാം തങ്ങള്‍ മറന്നുപോകണമെന്നാണ് അധികൃതരുടെ ആവശ്യമെന്നുമാണ് ഇയാള്‍ സംഭാഷണത്തില്‍ പറയുന്നത്.

ഒരാള്‍ മാത്രം ഉപദ്രവിച്ചാല്‍ സംഭവിക്കുന്ന മുറിവുകളല്ല വനിതാ ഡോക്ടറുടെ ശരീരത്തിലുണ്ടായിരുന്നത്. കുറഞ്ഞത് രണ്ടോ അല്ലെങ്കില്‍ മൂന്നുപേരോ അവരെ ഉപദ്രവിച്ചിരിക്കാമെന്നും ഇവര്‍ പറയുന്നുണ്ട്. ആരെയാണ് സംശയമെന്ന് ചോദിച്ചപ്പോള്‍ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു വിദ്യാര്‍ഥിയെ സംശയമുണ്ടെന്നും അയാളെ സംരക്ഷിക്കാനായി പലകളികളും നടക്കുന്നുണ്ടെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു. അതേസമയം, ഈ ഓഡിയോ ക്ലിപ്പില്‍ വസ്തുതയില്ലെന്നും ഇത്തരം അഭ്യൂഹങ്ങള്‍ ചെവികൊള്ളരുതെന്നുമായിരുന്നു സിറ്റി പോലീസ് കമ്മീഷണര്‍ വിനീത് ഗോയലിന്റെ പ്രതികരണം.

വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.കെ. കര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരേ പ്രതിഷേധം ശക്തമാകാന്‍ മറ്റൊരു കാരണം കോളേജില്‍നിന്ന് ഡോക്ടറുടെ വീട്ടിലേക്ക് വിവരമറിയിച്ച് വന്ന ഒരു ഫോണ്‍ കോളായിരുന്നു. വനിതാ ഡോക്ടറുടെ പിതാവിനെ സംഭവം അറിയിച്ചപ്പോള്‍ 31 വയസ്സുള്ള മകള്‍ ആത്മഹത്യ ചെയ്തെന്നായിരുന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍ ഫോണിലൂടെ പറഞ്ഞിരുന്നത്. ഇത് എന്തിനുവേണ്ടിയെന്നതാണ് പ്രധാനചോദ്യം. ഡോക്ടറുടെ കൊലപാതകം മറച്ചുവെയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമം നടത്തിയെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഈ സംഭവം.

നെഞ്ചുരോഗ വിഭാഗത്തിലെ അസി. സൂപ്രണ്ടാണ് വനിതാ ഡോക്ടറുടെ പിതാവിനെ വെള്ളിയാഴ്ച രാവിലെ ഫോണില്‍ വിളിച്ചത്. മകള്‍ ആത്മഹത്യചെയ്തെന്നായിരുന്നു ഫോണ്‍സന്ദേശം. എന്നാല്‍, ആശുപത്രിയില്‍ എത്തിയപ്പോള്‍ അര്‍ധനഗ്‌നയായി മുറിവേറ്റനിലയിലാണ് പിതാവ് മകളുടെ മൃതദേഹം കണ്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ വിളിച്ചയാള്‍ പേര് പറഞ്ഞിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

മകളുടെ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ തങ്ങളെ ആദ്യം മൃതദേഹം കാണിക്കാന്‍ തയ്യാറായില്ലെന്ന് വനിതാ ഡോക്ടറുടെ അമ്മയും മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. കാലുപിടിച്ച് യാചിച്ചിട്ടും മകളെ കാണാന്‍ അനുവദിച്ചില്ലെന്നും ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൃതദേഹം കാണാന്‍ സമ്മതിച്ചതെന്നും അമ്മ പറഞ്ഞു.