- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങള്‍ എന്നും വഴക്കാണെന്നും പൈശാചിക ഉപദ്രവമുണ്ടെന്നും പറഞ്ഞാണ് സജീര്‍ വന്നത്; സമാധാനത്തിന് വേണ്ടി ഒരു മന്ത്രം എഴുതികൊടുത്തു; തകിട് ജപിച്ച് നല്‍കി'; യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച മീന്‍കറിയൊഴിച്ച സംഭവത്തില്‍ മന്ത്രവാദം നടത്തിയെന്ന് സമ്മതിച്ച് ഉസ്താദ്
'ഞങ്ങള്‍ എന്നും വഴക്കാണെന്നും പൈശാചിക ഉപദ്രവമുണ്ടെന്നും പറഞ്ഞാണ് സജീര്‍ വന്നത്
കൊല്ലം: ആയൂരില്‍ മന്ത്രവാദത്തിന് തയ്യാറാകാതിരുന്ന യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച മീന്‍ കറി ഒഴിച്ച കേസില്‍ മുസ്ലിയാരുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ഇവരുടെ കുടുംബപ്രശ്‌നം തീര്‍ക്കാന്‍ ചില മന്ത്രങ്ങള്‍ ചൊല്ലി തകിട് ജപിച്ചു നല്‍കിയിരുന്നു എന്നാണ് മുസ്ലിയാര്‍ വെളിപ്പെടുത്തിയത്. മന്ത്രവാദം നടത്തിയെന്ന് ഏരൂര്‍ സ്വദേശി സുലൈമാനാണ് വെളിപ്പെടുത്തിയത്. തകിട് ജപിച്ചു നല്‍കി എന്നും കുടുംബ പ്രശ്‌നങ്ങള്‍ മാറ്റാന്‍ മന്ത്രം ചൊല്ലികൊടുത്തെന്നും സുലൈമാന്‍ പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും സുലൈമാന്‍ പറഞ്ഞു.
ആറ് മാസം മുന്‍പ് ഇരുവരും തന്നെ കാണാന്‍ എത്തിയതായാണ് സുലൈമാന്‍ പറയുന്നത്. പിന്നീട് പ്രതി സജീര്‍ തനിച്ചാണ് എത്തിയത്. കുടുംബത്തിലെ വഴക്ക് മാറ്റിതരണമെന്ന് അഭ്യര്‍ഥിച്ചു. 'ഞങ്ങള്‍ എന്നും വഴക്കാണെന്നും പൈശാചിക ഉപദ്രവമുണ്ടെന്നും പറഞ്ഞാണ് സജീര്‍ വന്നത്. അവരുടെ സമാധാനത്തിന് വേണ്ടി ഒരു മന്ത്രം എഴുതികൊടുത്തു. പ്രാര്‍ഥനകള്‍ മാത്രമാണ് ഞാന്‍ പറഞ്ഞുകൊടുക്കാറ്,' സുലൈമാന്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരില്‍ സജീര്‍ ഭാര്യ റജിലയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചത്. ഉസ്താദ് നിര്‍ദ്ദേശിച്ച ആഭിചാരക്രിയയ്ക്ക് കൂട്ടു നില്‍ക്കാത്തതാണ് കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. ഭാര്യയുടെ ശരീരത്തില്‍ സാത്താന്റെ ശല്യം ഉണ്ടെന്ന് പറഞ്ഞ് നാളുകളായി റജിലയെ സജീര്‍ അക്രമിക്കുന്നത് പതിവായിരുന്നു.
തുടര്‍ന്ന് മന്ത്രവാദി ജപിച്ച് നല്‍കിയ ചരടുകള്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. മുടിയഴിച്ചിട്ട് മന്ത്രവാദ കര്‍മ്മങ്ങള്‍ നടത്താന്‍ റജിലയെ നിര്‍ബന്ധിച്ചു. വഴങ്ങാതിരുന്നതോടെ അടുക്കളയില്‍ തിളച്ച് കിടന്ന മീന്‍ കറി റജിലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ റജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി ആദ്യം ആയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അഞ്ചലിലെ ആശുപത്രിയിലും എത്തിച്ചു. റജില ചികിത്സയില്‍ തുടരുകയാണ്. അക്രമത്തിന് ശേഷം ഒളിവില്‍ പോയ സജീറിനായി അന്വേഷണം തുടരുകയാണ്.




