കോതമംഗലം: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക്. യുവതിയുടെ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് അന്വേഷണസംഘം ശേഖരിക്കും. കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തി വിവരങ്ങള്‍ തേടും. പെണ്‍കുട്ടിക്ക് റമീസില്‍ നിന്ന് മര്‍ദ്ദനം ഏറ്റുവെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ വ്യക്തമാകും.

പെണ്‍കുട്ടിയുടെ കൂടുതല്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് വിശദമായ മൊഴി പോലീസിനെ രേഖപ്പെടുത്തും. റമീസിന്റെ മാതാപിതാക്കളെ ഉള്‍പ്പെടെ ഉടന്‍ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനും അന്വേഷണ സംഘത്തില്‍ നിന്നും നീക്കമുണ്ട്. റിമാന്‍ഡില്‍ ആയ റമീസ് കസ്റ്റഡി അപേക്ഷ അടുത്തദിവസം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.

കേസില്‍ റമീസിന്റെ മാതാപിതാക്കളും പ്രതികളായേക്കും. അതേസമയം, റമീസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് ആലോചനയില്‍ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകള്‍ക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം റമീസിന്റെ അവഗണനയാണെന്ന് പൊലീസ് പറയുന്നു. മതം മാറാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ റമീസ് അവഗണിച്ചു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ പെണ്‍കുട്ടി വിളിച്ചിട്ടും റമീസ് ഫോണ്‍ എടുത്തില്ല.

ഇതോടെ ഫോണിലൂടെ താന്‍ മരിക്കാന്‍ പോവുകയാണെന്ന് റമീസിന് പെണ്‍കുട്ടി വെള്ളിയാഴ്ചയാണ് മെസ്സേജ് അയച്ചു. പോയി മരിച്ചോളാന്‍ റമീസ് പറഞ്ഞു. രജിസ്റ്റര്‍ വിവാഹം കഴിച്ച് വാടക വീട്ടിലേക്ക് താമസം മാറ്റാമെന്ന് പറഞ്ഞെങ്കിലും റമീസ് അവഗണിച്ചു. ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിച്ചു.

പെണ്‍കുട്ടിക്ക് റമീസിനോട് കടുത്ത പ്രണയമായിരുന്നുവെന്നും പൊലീസ് പറയുന്നു. റമീസിന്റെ ഫോണ്‍ വിവരങ്ങള്‍ പെണ്‍കുട്ടിക്ക് ്അറിയാമായിരുന്നു. റമീസ് ഇന്റര്‍നെറ്റ് വഴി അന്യസ്ത്രീകളുമായി സെക്‌സ് ചാറ്റ് നടത്തിയതിന്റെ വിവരങ്ങളും കിട്ടിയിരുന്നു. ഇതും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായെന്നും പൊലീസ് വ്യക്തമാക്കി. റമീസിനായി ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ തീരുമാനം. റമീസിന്റെ ഫോണ്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചു.

ടിടിസി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കച്ചുവെന്നതടക്കം വകുപ്പുകളാണ് റമീസിനെതിരെ ചുമത്തിയിട്ടുള്ളത്.റമീസിന്റെ ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. ഇന്നലെ കോതമംഗലം പൊലീസ് കസ്റ്റഡിയില്‍ എടുത്ത റമീസ് ചോദ്യം ചെയ്യലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ എല്ലാം സമ്മതിച്ചു. ഇരുവരും തമ്മില്‍ നടന്ന വാട്‌സ്അപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ നിരത്തിയായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍.

ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സഹോദരന്‍ ബേസിലിന്റെയും അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കയാണ്. റമീസിനും കുടുംബത്തിനുമെതിരേ ഗുരുതരമായ ആരോപണങ്ങളടങ്ങിയ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നിരുന്നു. റമീസും കുടുംബവും മതം മാറാന്‍ നിര്‍ബന്ധിച്ചതായും മതം മാറാന്‍ താന്‍ തയാറാണെന്ന് പറഞ്ഞെങ്കിലും പിന്നേയും റമീസും കുടുംബവും തന്നോട് ക്രൂരത തുടര്‍ന്നുവെന്നുമടക്കമുള്ള കാര്യങ്ങളാണ് പെണ്‍കുട്ടി തന്റെ ആത്മഹത്യാക്കുറിപ്പിലൂടെ ആരോപിക്കുന്നത്. ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങളുടെ വാട്സാപ് ചാറ്റുകളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെയും മതംമാറ്റത്തിന്റെയും കാര്യം ഈ ചാറ്റുകളിലുണ്ട്.

ആലുവയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന കാലത്താണ് ഇരുവരും ഇഷ്ടത്തിലാകുന്നത്. ഏതാനും വര്‍ഷം മുന്‍പാണ് റമീസിന്റെ കുടുംബം ആലങ്ങാട് പാനായിക്കുളം ഭാഗത്തു താമസം തുടങ്ങിയത്. ഇറച്ചിവെട്ടാണ് പിതാവ് റഹീമിന്റെ ജോലി. പലയിടങ്ങളിലായി ഇറച്ചി സ്റ്റാളുകളുണ്ട്. ഇടയ്ക്ക് റമീസും ഇറച്ചി വെട്ടാന്‍ പോകാറുണ്ടായിരുന്നു. കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും നാട്ടുകാര്‍ പറയുന്നു. ടിടിസി വിദ്യാര്‍ഥിനിയും റമീസും തമ്മില്‍ ഇഷ്ടത്തിലായതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ ഇടപെട്ട് വിവാഹാലോചന നടത്തിയിരുന്നു.

എന്നാല്‍, വിവാഹം നടക്കണമെങ്കില്‍ മതം മാറണമെന്നു റമീസിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് ടിടിസി വിദ്യാര്‍ഥിനിയുടെ അമ്മയും സഹോദരനും പറയുന്നത്. മതംമാറാന്‍ സമ്മതമാണെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചേരാനെല്ലൂരിലെ ലോഡ്ജില്‍ വച്ച് അനാശാസ്യ പ്രവൃത്തിക്ക് റമീസ് പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന്, മതം മാറാന്‍ സാധിക്കില്ലെന്നും റജിസ്റ്റര്‍ വിവാഹം കഴിക്കാമെന്നും വിദ്യാര്‍ഥിനി നിലപാടെടുത്തിരുന്നു. ഇക്കാര്യം ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. റമീസിനു മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നു നാട്ടുകാര്‍ പറയുന്നുണ്ട്.

റജിസ്റ്റര്‍ വിവാഹം കഴിക്കാനാണെന്നു പറഞ്ഞാണ് സുഹൃത്തിന്റെ വീട്ടില്‍നിന്നു റമീസ് വിദ്യാര്‍ഥിനിയെ വിളിച്ചു കൊണ്ടു പോയതെന്ന് അമ്മ പറയുന്നു. എന്നാല്‍ തന്റെ വീട്ടിലേക്കാണ് റമീസ് കൊണ്ടുപോയത്. വിവാഹം കഴിക്കണമെങ്കില്‍ മതംമാറണമെന്നായിരുന്നു സുഹൃത്തായ റമീസിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധമെന്നും ഇതിനിടെ രജിസ്റ്റര്‍വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോവുകയും എന്നാല്‍ റമീസിന്റെ വീട്ടില്‍ കൊണ്ടുപോവുകയും മതം മാറാനായി നിര്‍ബന്ധിക്കുകയുമായിരുന്നു

'ഇമ്മോറല്‍ ട്രാഫിക്കിങ്ങിന് റമീസിനെ പിടിച്ചത് ക്ഷമിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന് എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. മതം മാറില്ല എന്ന് പറഞ്ഞ എന്നെ രജിസ്റ്റര്‍ മാരേജ് ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചിറക്കി കൊണ്ടുപോയതിനു ശേഷം അവന്റെ വീട്ടില്‍ എത്തിക്കുകയും മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയുകയും ചെയ്തു. മതം മാറാന്‍ താന്‍ തയാറാണെന്ന് പറഞ്ഞെങ്കിലും പിന്നേയും റമീസും കുടുംബവും തന്നോട് ക്രൂരത തുടര്‍ന്നു. ചെയ്ത തെറ്റിന് കുറ്റബോധമോ എന്നോട് സ്നേഹമോ കണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി' ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

വീട്ടിലെത്തിയ ഉടന്‍, മതം മാറണമെന്നും ഇതിനായി പൊന്നാനിയില്‍ പോകാന്‍ വാഹനം തയാറാണെന്നും റമീസ് പറഞ്ഞെന്നും സമ്മതിക്കാത്തതുകൊണ്ട് മര്‍ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും ടിടിസി വിദ്യാര്‍ഥിനി പറഞ്ഞതായി സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ സഹോദരനെ വിളിക്കുമെന്നു പറഞ്ഞപ്പോഴാണ് തുറന്നു വിട്ടതെന്നും വിദ്യാര്‍ഥിനി പറഞ്ഞതായി അമ്മ പറയുന്നു. റമീസിന്റെ കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം ഈ സമയം വീട്ടിലുണ്ടായിരുന്നെന്നും പറഞ്ഞിരുന്നു. അവിടെനിന്നു തിരിച്ചു വന്ന ശേഷവും മതംമാറ്റം അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് റമീസ് നിരന്തരം ടിടിസി വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയിരുന്നതായി പൊലീസ് പറയുന്നു.