- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ റാഗിങ് നടന്ന സംഭവം; റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റി; കോളേജ് പ്രിന്‍സിപ്പാളിനും അസി. പ്രൊഫസറിനും സസ്പെന്ഷന്; ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം
കോട്ടയം: കോട്ടയം ഗാന്ധി നഗര്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ റാഗിങ് നടന്ന സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്തു. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി, അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി. മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
കേസില്‍ പരാതിക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. റാഗിംഗിന് കാരണം പിറന്നാള്‍ ആഘോഷത്തിന് പണം നല്‍കാതിരുന്നതാണെന്നാണ് പരാതിക്കാര്‍ നല്‍കിയിരിക്കുന്ന മൊഴി. ഡിസംബര്‍ 13ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
കോട്ടയം ഗാന്ധി നഗര്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ ശരീരത്തില്‍ കുത്തി, മുറിവിലും കാലിലും വായിലും ലോഷന്‍ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേല്‍പ്പിക്കുന്നതും കാണാന്‍ സാധിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയേഴ്‌സ് ഉപദ്രവിച്ചത്. റാഗിങില്‍ കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്നു പൊലീസ് പരിശോധിച്ചു വരികയാണ്.
മൂന്ന് മാസത്തിലേറെ നീണ്ട അതിക്രൂരമായ റാഗിംഗാണ് ഗാന്ധിനഗര്‍ നഴ്സിംഗ് കോളേജില്‍ നടന്നത്. ഫെബ്രുവരി 9നും സമാന രീതിയില്‍ റാഗിംഗ് നടന്നിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ഹോസ്റ്റല്‍ വാര്‍ഡന്റെ മൊഴിയില്‍ സംശയമുള്ളതായി പൊലീസ് വ്യക്തമാക്കി. രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നാണ് വാര്‍ഡന്റെ മൊഴി. ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കും. കേസില്‍ അഞ്ച് വിദ്യാര്‍ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ നഴ്‌സിങ് കോളേജിലെ രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ഥികളായ സാമുവല്‍ ജോണ്‍സണ്‍, ജീവ എന്‍. എസ്, കെ. പി രാഹുല്‍രാജ്, സി. റിജില്‍ജിത്ത്, വിവേക് എന്‍. പി എന്നിവരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
റാഗിംഗ് നിരോധന നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കേസെടുത്തതിന് പിന്നാലെ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.