- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നഴ്സിങ് കോളജിലെ റാഗിങ്; മൂന്നുമാസം നീണ്ട റാഗിങ് പരമ്പരയിലെ വിശദ വിവരങ്ങള്‍ ചോദിച്ചറിയണം; അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണം; മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ്; കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി
കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ ഗവ. നേഴ്‌സിങ് കോളേജിലെ റാഗിങ് കേസില്‍ പ്രതികളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനായി മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ്. പ്രതികളെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി. കോളേജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ് നടത്തിയ അഞ്ച് പ്രതികളെയും കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ഥികളായ സാമുവല്‍ ജോണ്‍സണ്‍, ജീവ എന്‍. എസ്, കെ. പി രാഹുല്‍രാജ്, സി. റിജില്‍ജിത്ത്, വിവേക് എന്‍. പി എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്.
മൂന്നുമാസം നീണ്ട റാഗിങ് പരമ്പരയിലെ വിശദ വിവരങ്ങള്‍ പ്രതികളില്‍ നിന്ന് ചോദിച്ചറിയണം. ഇതിനായി അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്നാണ് ഗാന്ധിനഗര്‍ പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയിലെ ആവശ്യം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. പുറത്തുവന്ന വീഡിയോ ദൃശ്യത്തിലുള്ള, ഇരയായ വിദ്യാര്‍ഥിയുടെ കേസില്‍ മറ്റ് അഞ്ച് ജൂനിയര്‍ വിദ്യാര്‍ഥികളെ സാക്ഷികളാക്കിയിട്ടുണ്ട്.
സംഭവത്തില്‍ നഴ്‌സിങ് എജുക്കേഷന്‍ വിഭാഗവും കൂടുതല്‍ പരിശോധനകള്‍ നടത്തും. കോളേജിലെ അധ്യാപകരില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നഴ്‌സിങ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്‍ നടത്തുക. പ്രതികളായ അഞ്ചു വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം വിലക്കാന്‍ നഴ്‌സിങ് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. അഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുള്ള അധ്യാപകന്‍ എന്നിവരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സര്‍ക്കാര്‍ നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ ശരീരത്തില്‍ കുത്തി, മുറിവിലും കാലിലും വായിലും ലോഷന്‍ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേല്‍പ്പിക്കുന്നതും കാണാന്‍ സാധിക്കുന്ന വീഡിയോയാണ് കേസിലെ പ്രധാന തെളിവ്. രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയേഴ്സ് ഉപദ്രവിച്ചത്.