പത്തനംതിട്ട: പത്തനംതിട്ടയില്‍ 61കാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യയെ ഇതിന് പ്രേരിപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പൊലീസ് കണ്ടെത്തി. ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്ക് 40 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. ഇത് തീര്‍ക്കാനായി ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് വായ്പയെടുത്തുവെന്നും പൊലീസ് കണ്ടെത്തി.

മൂന്നുദിവസം മുമ്പ് ഒരു ലക്ഷം രൂപ ലതയോട് വായ്പ ചോദിച്ചിരുന്നു. ഇത് നല്‍കാതെ വന്നതിനെ തുടര്‍ന്ന് മാലയും വളകളും പണയം വെക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെയാണ് വീട്ടില്‍ അതിക്രമിച്ചു കയറി ആഭരണങ്ങള്‍ കവര്‍ന്നശേഷം വീടിന് തീ കൊളുത്തിയത്. ഭാര്യയുടെ ഓഹരി ട്രേഡിംഗിനെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന് അറിയില്ലായിരുന്നു. കോയിപ്രം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആണ് ഭര്‍ത്താവ്.

വ്യാഴാഴ്ച വൈകിട്ടാണ് ലതയുടെ വീടിനാണ് തീപിടിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയ സുമയ്യ കെട്ടിയിട്ട ശേഷം ഭീഷണിപ്പെടുത്തുകയും സ്വര്‍ണാഭരണം കവരുകയും തീയിടുകയും ചെയ്‌തെന്നാണ് ലതയുടെ മൊഴി. ലതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ സുമയ്യയുടെ സ്വാന്നിധ്യം ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും പൊലീസ് പറഞ്ഞിരുന്നു. ലതയുടെ വീടും സുമയ്യ താമസിക്കുന്ന ക്വട്ടേഴ്‌സും പൊലീസ് സീല്‍ ചെയ്തു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ഇതിനിടെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.

പൊലീസ് സ്റ്റേഷന് തൊട്ടുപിറകിലാണ് ലതയുടെ വീട്. സ്റ്റേഷന്‍ വളപ്പിലാണ് ക്വട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ദേഹത്ത് പൊള്ളലേറ്റ നിലയില്‍ വസ്ത്രങ്ങളില്ലാതെ ലത പൊലീസ് സ്റ്റേഷനിലേക്ക് ഓടി വരുകയായിരുന്നു. പൊലീസ് ആണ് ലതയെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ലതയുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. മല്ലപ്പള്ളി പഞ്ചായത്ത് 11-ാം വാര്‍ഡിലെ ആശപ്രവര്‍ത്തകയാണ് കീഴ്വായ്പൂര് പോലീസ് സ്റ്റേഷനുസമീപം പുളിമല വീട്ടില്‍ സാമസിക്കുന്ന ലതാകുമാരി.

സുമയ്യ തന്നെ സമീപിക്കുകയും ആഭരണങ്ങള്‍ ഊരിവാങ്ങുകയും ചെയ്തു. പിന്നീട് ബലം പ്രയോഗിച്ച് കെട്ടിയിട്ട ശേഷം വീടിന് തീവെക്കുകയായിരുന്നുവെന്നാണ് ലതയുടെ മൊഴി. കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല, കൈയില്‍ കിടന്ന ഓരോ പവന്‍ വരുന്ന മൂന്ന് വളകള്‍, വിരലിലെ ആറ് ഗ്രാം തൂക്കമുള്ള മോതിരം എന്നിവ നഷ്ടപ്പെട്ടുവെന്നാണ് ലത പറയുന്നത്. കീഴ്വായ്പൂര് ജനസേവാകേന്ദ്രം ഉടമ രാമന്‍കുട്ടി വീട്ടില്‍ ഇല്ലായിരുന്നു. മകള്‍ വിദേശത്താണ്.

കീഴ്വായ്പൂര് എസ്.ഐ. രാജേഷ്, മല്ലപ്പള്ളി ആശുപത്രിയിലെത്തി മൊഴിയെടുത്തു. പഞ്ചായത്ത് അംഗം രോഹിണി ജോസും ഉണ്ടായിരുന്നു. തിരുവല്ലയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് തീ കെടുത്തിയത്.