കുന്ദമംഗലം: സൗഹൃദം സ്ഥാപിച്ച് യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി പണം തട്ടിയ കേസില്‍ രണ്ട് യുവതികളടക്കം മൂന്നുപേര്‍ പിടിയില്‍. മാവേലിക്കര സ്വദേശിനി ഗൗരിനന്ദ (20), തിരൂരങ്ങാടി സ്വദേശിനി അന്‍സിന (28), ഇവരുടെ ഭര്‍ത്താവ് മുഹമ്മദ് ഹഫീഫ് (30) എന്നിവരെയാണ് കോഴിക്കോട് മാനാഞ്ചിറയ്ക്ക്് സമീപത്തുവെച്ച് കുന്ദമംഗലം എസ്‌ഐ നിതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സംഭവത്തില്‍ ഹണിട്രാപ്പാണ് നടന്നതെന്നാണ് പോലീസ് ഭാഷ്യം.

പരാതിക്കാരന്റെ രാമനാട്ടുകരയിലെ കടയില്‍വെച്ച് ഇയാളുമായി സൗഹൃദം സ്ഥാപിച്ച യുവതി വെള്ളിയാഴ്ച വൈകീട്ടോടെ ഇയാളെ മടവൂരിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെവെച്ച് ബലമായി നഗ്നഫോട്ടോ എടുത്തു. ഭീഷണിപ്പെടുത്തി ഫോണ്‍ തട്ടിയെടുത്ത് ഗൂഗിള്‍ പേ വഴി 1,35,000 രൂപ മറ്റൊരു പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചു. വീണ്ടും സഹൃത്തിന്റെ ഗൂഗിള്‍ പേ വഴി 10,000 രൂപയും കൈവശപ്പെടുത്തി.

നഗ്നവീഡിയോ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടു. ഇവിടെനിന്ന് രക്ഷപ്പെട്ട യുവാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ ലൊക്കേഷന്‍ കോഴിക്കോട് മാനാഞ്ചിറയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

കുന്ദമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ എസ്. കിരണിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ നിധിന്‍, എസ്സിപിഒ വിപിന്‍, സിപിഒ നീതു എന്നിവര്‍ ചേര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം മൂവരെയും കോടതിയില്‍ ഹാജരാക്കി. മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.