കണ്ണൂര്‍: കണ്ണൂര്‍ പന്നേന്‍പാറയില്‍ നടുറോഡില്‍ വയോധികയുടെ മാല പൊട്ടിച്ച് കടന്ന മോഷ്ടാവ് പിടിയില്‍. നാറാത്ത് സ്വദേശി ഇബ്രാഹിമിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മോഷ്ടിച്ചത് മുക്കുപണ്ടമായിരുന്നു. പന്നേന്‍പാറയിലെ കാര്‍ത്യായനി വീട്ടിലേക്ക് വരുന്നതിനിടെയാണ് അതിക്രമം നേരിട്ടത്. ഏറെ നേരം പിന്തുടര്‍ന്ന ശേഷമായിരുന്നു പ്രതിയുടെ ആക്രമണം എന്ന് കാര്‍ത്യായനി പറയുന്നു. പള്ളിക്കുന്ന് പന്നേന്‍പാറക്കടുത്ത് ഫുള്‍ഡിറോഡില്‍ ഇന്നലെ പട്ടാപ്പകലാണ് സ്‌കൂട്ടറിലെത്തിയ കള്ളന്‍ ഇവരെ മാല പൊട്ടിച്ചെടുത്തത്.

'റെയില്‍വേയില്‍ ജോലി ചെയ്യുന്ന ഗംഗന്റെ വീടേതാണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞ് എനിക്കറിയില്ലെന്ന്. എന്റെ പിന്നാലെ വന്നു. എന്റെ പിന്നാലെ വന്ന് വീണ്ടും വീണ്ടും ഇത് തന്നെ ചോദിച്ചു. എന്തിനാ എന്നോട് തന്നെ ചോദിക്കുന്നത് നിനക്ക് വേറെ ആണുങ്ങളോട് ചോദിച്ചുകൂടെ എന്ന് ഞാന്‍ പറഞ്ഞു. അതിനിടെ അയാള്‍ മാല പൊട്ടിച്ചു. ഓന്‍ കണ്ണുമിഴിക്കുന്നത് എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്... പേടിച്ചിട്ട് ഇന്നലെ ഉറക്കം വന്നില്ല. വീട്ടിലെ കുട്ടികള്‍ വരെ പേടിച്ചുപോയി' -മാധ്യമപ്രവര്‍ത്തകരോട് ഇത് പറയുമ്പോഴും പന്നേന്‍പാറയിലെ കാര്‍ത്ത്യായനിയുടെ ഭീതി വിട്ടുമാറിയിട്ടില്ല.

'പെട്ടെന്ന് എന്റെ കഴുത്തീന്ന് മാല പൊട്ടിച്ചു. ഞാന്‍ നിലത്തുവീണു. എണിക്കാന്‍ പറ്റാതായി, ആളുകള്‍ വന്നാണ് എന്നെ രക്ഷിച്ചത്. വീണപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ പറ്റാതായി. സ്വര്‍ണം പോലെ തന്നെ തോന്നും, മുക്കുപണ്ടമായിരുന്നു അത്. അവന് നല്ലോണം കിട്ടണം.' അതിക്രമത്തിനിരയായ കാര്‍ത്യായനി പറയുന്നു. അതിക്രമത്തിന്റെ നടുക്കം കാര്‍ത്യായനിക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല.

സംഭവത്തില്‍ നാറാത്ത് സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ ഇബ്രാഹിം (41)നെ ടൗണ്‍ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. കാര്‍ത്ത്യായനിയുടെ കഴുത്തിലുണ്ടായിരുന്ന മുക്കുമാലയാണ് ഇയാള്‍ കവര്‍ന്നത്. കണ്ണൂരില്‍ നിന്നും പള്ളിക്കുന്നില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു കാര്‍ത്ത്യായനി. ഇവരെ സ്‌കൂട്ടര്‍ യാത്രക്കാരനായ പ്രതി പിന്തുടര്‍ന്നാണ് മാലപൊട്ടിച്ചത്. വീഴ്ചയില്‍ മുട്ടിന് പരിക്കേറ്റ കാര്‍ത്ത്യായനിയെ സ്ഥലത്തെത്തിയ പൊലീസാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

സമീപത്തെ വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ അനുരൂപ്, ഷൈജു, നാസര്‍, റമീസ്, മിഥുന്‍, സനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.