കോഴിക്കോട്: താമരശേരിയില്‍ സഹപാഠികളായ വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയുടെ അച്ഛനേയും പ്രതി ചേര്‍ത്തേക്കും. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നല്‍കിയത് ഇയാളെന്ന വിലയിരുത്തലിലാണ് ഈ നീക്കം. പ്രതികളുടെ വീട്ടില്‍ നിന്ന് ഇന്നലെ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ സാധിക്കുകയുളളൂവെന്ന് ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജു അറിയിച്ചു. ഇയാള്‍ക്ക് രാഷ്ട്രീയ-ഗുണ്ടാ ബന്ധങ്ങള്‍ ഉണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതികളില്‍ ഒരാളുടെ പിതാവ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്. മൂന്ന് പ്രതികളും താമരശ്ശേരി സ്‌കൂളില്‍ നേരത്തെ ഉണ്ടായ സംഘര്‍ഷങ്ങളിലെ പ്രധാനികളാണെന്നും പുറത്തുവന്നിട്ടുണ്ട്.

'ഷഹബാസിനെ ആക്രമിച്ചതിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. കുട്ടികള്‍ എന്ന നിലയില്‍ ആയിരുന്നില്ല ഇവര്‍ നടത്തിയ ഗൂഢാലോചന. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ എല്ലാം പിടിയിലായിട്ടുണ്ട്. ഗൂഢാലോചനയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കുകയാണ്. പ്രധാന പ്രതിയുടെ അച്ഛന്‍ ക്രിമിനല്‍ കേസില്‍ പെട്ടിട്ടുണ്ട്. കൊലപാതക കുറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അറസ്റ്റിലായവരുടെ മനോനില പരിശോധിക്കേണ്ടതുണ്ട്'- കെ ഇ ബൈജു പറഞ്ഞു.

അതിനിടെ കേസില്‍ അറസ്റ്റിലായവരെ പരീക്ഷ എഴുതിപ്പിക്കുന്ന നിലപാട് സ്വീകരിച്ചതിനെ വിമര്‍ശിച്ചിരിക്കുകയാണ് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍. 'കുറ്റാരോപിതരായ പ്രതികളെ പരീക്ഷ എഴുതിപ്പിക്കരുതായിരുന്നു. പരീക്ഷ എഴുതിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. കുറ്റാരോപിതന്റെ പിതാവിന് ക്വട്ടേഷന്‍ ബന്ധങ്ങള്‍ ഉണ്ട്. സ്വാധീനം ഉപയോഗിച്ച് അവര്‍ രക്ഷപ്പെടരരുത്.ഇത് ഞങ്ങള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി'- അദ്ദേഹം പ്രതികരിച്ചു.

അവര്‍ പരീക്ഷ എഴുതുന്നത് അംഗീകരിക്കാന്‍ ആകില്ല. പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇഖ്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അവരെ വേണമെങ്കില്‍ അടുത്തവര്‍ഷം പരീക്ഷ എഴുതിക്കാമായിരുന്നു. നീതിപീഠത്തിനും സംവിധാനങ്ങള്‍ക്കും വിലയില്ലാത്ത സ്ഥിതി വരും. കുറ്റാരോപിതന്റെ പിതാവിന് കൊട്ടേഷന്‍ രാഷ്ട്രീയ ബന്ധമുണ്ട്. സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടരുത്. ഞങ്ങള്‍ക്ക് മകന്‍ പോയി. ഇനി ഒരു രക്ഷിതാവിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഇഖ്ബാല്‍ പറഞ്ഞു.

കുറ്റാരോപിതരെ പരീക്ഷ എഴുതിപ്പിക്കുന്നതില്‍ രാവിലെ കെഎസ്യുവും എംഎസ്എഫും വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകരും പൊലീസുമായി ബലപ്രയോഗം നടന്നു. ഇതിനുപിന്നാലെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ ഇന്നലെ ജുവനൈല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് അതിനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു.

ആദ്യം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെയാണ് പരീക്ഷയെഴുതിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ഈ തീരുമാനം മാറ്റിയത്. പിന്നീട് കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ജുവനൈല്‍ ഹോമില്‍ തന്നെ അവരെ പരീക്ഷ എഴുതിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചത്.

അതേ സമയം പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷന്‍, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണ്. ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്റെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്.

തലയോട്ടി തകര്‍ന്നാണ് ഷഹബാസിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരുള്‍പ്പെടെയുള്ളവരാണ് ഷഹബാസിനെ ആക്രമിച്ചതെന്ന് പിതാവ് ഇക്ബാലും പറഞ്ഞിരുന്നു. 5 പേരെ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഷഹബാസിനെ കൊല്ലുമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറയുന്ന കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ടിപി വധക്കേസ് പ്രതിപ്പട്ടികയിലുള്ള ടികെ രജീഷിനൊപ്പമാണ് ഇയാളുള്ളത്. ഈ ചിത്രം എപ്പോഴാണ് എടുത്തതെന്ന കാര്യം വ്യക്തമല്ല. ഈ സംഭവത്തിന് ക്വട്ടേഷന്‍ സംഭവവുമായി ബന്ധമുണ്ടെന്നും അക്രമം നടക്കുമ്പോള്‍ കുട്ടിയുടെ പിതാവും ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്നെന്ന ഷഹബാസിന്റെ പിതാവിന്റെ ആരോപണത്തെ ബലപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ വീട്ടില്‍ ഇന്ന് നടത്തിയ റെയ്ഡിലാണ് പ്രധാന പ്രതിയുടെ വീട്ടില്‍ നിന്ന് ഷഹബാസിനെ അടിക്കാന്‍ ഉപയോഗിച്ച ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടില്‍ ആദ്യം ആളുണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാരെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റല്‍ തെളിവുകളായ മൊബൈല്‍ ഫോണ്‍, ലാപ് ടോപ് എന്നിവയും പിടിച്ചെടുത്തു. റിമാന്റിലായ അഞ്ച് വിദ്യാര്‍ത്ഥികളുടേയും വീട്ടില്‍ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്.