ആലപ്പുഴ: മോഷണ പരമ്പര തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ആലപ്പുഴയില്‍ കുറുവാ സംഘത്തിന് സൈ്വര്യ വിഹാരം. ആഴ്ചകളായി ആലപ്പുഴയുടെ പല പ്രദേശങ്ങളിലും കുറുവാ സംഘം ഭീതി പരത്തിയിരിക്കുകയാണ്. എന്നാല്‍ മോഷ്ടാക്കളെ കുറിച്ച് ഒരു തുമ്പ് പോലും ഉണ്ടാക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ വ്യാഴാഴ്ചയും മോഷണത്തിനായി കുറുവസംഘമെത്തി. മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിച്ച യുവാവിന് പരിക്കേറ്റു.

പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പ്ലാംപറമ്പില്‍ വിപിന്‍ ബോസിന് (26) ആണ് കുറുവാ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റത്. കുറുവസംഘം തന്നെയാണ് മോഷണത്തിനു പിന്നിലെന്ന് ഏതാണ്ടു വ്യക്തമായിട്ടുണ്ട്. മോഷ്ടാവ് തമിഴിലാണ് സംസാരിച്ചതെന്നും വിപിന്‍ പറഞ്ഞു. കളര്‍കോട് ചിന്മയ സ്‌കൂളിനു സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹോട്ടലില്‍നിന്നു ഭക്ഷണം വാങ്ങുന്നതിനായി വീടിനു പുറത്തേക്കിറങ്ങിയ വിപിന്‍ തെരുവുവിളക്കിന്റെ വെട്ടത്തില്‍ എന്തോ ആളനക്കം കണ്ടു. എന്താണെന്ന് അറിയാന്‍ അടുത്തേക്കു ചെന്നപ്പോഴാണ് ബര്‍മൂഡ ധരിച്ച്, മുഖം തോര്‍ത്തുകൊണ്ടു മൂടിയനിലയില്‍ ഒരാള്‍ ഓടാന്‍ ശ്രമിക്കുന്നതു കണ്ടത്.

അപ്പോഴാണ് കുറുവാ സംഘമാകാം എന്ന് വിപിന്‍ ഓര്‍ത്തത്. ആറാംവാര്‍ഡില്‍ ബുധനാഴ്ചയും കുറുവസംഘം മോഷണംനടത്തിയിരുന്നു. ഇതോടെ കളരിപ്പയറ്റു പരിശീലകനാായ വിപിന്‍ മോഷ്ടാവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമംനടത്തി. എന്നാല്‍, ശരീരം മുഴുവന്‍ എണ്ണയിട്ടു വന്നിരുന്നതിനാല്‍ മോഷ്ടാവിനെ പിടിത്തംകിട്ടിയില്ല. കൈയിലെ ഇടിവള ഉപയോഗിച്ചു മൂക്കിനിടിച്ചു. ഇതേസമയം, മോഷ്ടാവിന്റെ മുഖത്തെ തോര്‍ത്ത് അഴിയുകയും വിപിന്‍ ആളെ വ്യക്തമായി കാണുകയും ചെയ്തു. മൂക്കില്‍നിന്നു ചോരവന്നതോടെ മോഷ്ടാവ് തമിഴില്‍ എന്തൊക്കെയോ പറയുകയും പോക്കറ്റില്‍നിന്നു കല്ലുപോലെ ഒരു ആയുധമെടുത്തു മുഖത്തിടിച്ച് അതിവേഗം മതില്‍ചാടി രക്ഷപ്പെട്ടു.

ആക്രമണത്തില്‍ വിപിന്റെ ചുണ്ടിനു നിസ്സാര പരിക്കേറ്റു. മോഷ്ടാവ് വിപിന്‍ വിളിച്ചറിയിച്ചതനുസരിച്ച് പുന്നപ്ര പോലീസും സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. മതിലിനപ്പുറം ഒരേക്കര്‍ പറമ്പിലൂടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഈ വഴിയിലൂടെ കുറച്ചുദൂരം നായയും മണംപിടിച്ചു സഞ്ചരിച്ചു. പോലീസ് വാഹനത്തില്‍ വിപിനെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സനല്‍കി. പോലീസ് ശേഖരിച്ചുവെച്ച കുറുവസംഘത്തിന്റെ ചിത്രങ്ങളും വിപിനെ കാണിച്ചു. ഇതില്‍ ഒരു ചിത്രം മോഷ്ടാവുമായി സാമ്യമുള്ളതാണെന്നു വിപിന്‍ തിരിച്ചറിഞ്ഞു. രേഖാചിത്രം വരയ്ക്കാന്‍ വിവരങ്ങള്‍ നല്‍കും.

ഇതിനിടെ മോഷ്ടാവെന്നു സംശയിച്ച് തമിഴ്‌നാട് തെങ്കാശി സ്വദേശിയെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ നിരപരാധിയാണെന്നു ബോധ്യപ്പെട്ടതോടെ വിട്ടയച്ചു. കുറുവ സംഘത്തെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി രൂപവത്കരിച്ച ഏഴംഗ സ്‌ക്വാഡിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. വിപിനുമായി മല്‍പ്പിടിത്തം നടത്തുന്നതിനിടയില്‍ മോഷ്ടാവിനു മൂക്കിനേറ്റ മുറിവ് സാരമായതിനാല്‍ ചികിത്സയ്ക്കായി ഏതെങ്കിലും ആശുപത്രികളെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രികള്‍ക്കും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുന്നപ്ര പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിലും ജില്ലാ പോലീസിന്റെ നേതൃത്വത്തിലും പട്രോളിങ് ശക്തമാക്കി. വ്യാഴാഴ്ച രാത്രിയില്‍ വിപിനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. പകല്‍ ആക്രിപെറുക്കല്‍, തുണിവില്‍ക്കല്‍ പോലെ ചെറിയ ജോലിയൊക്കെ ചെയ്തുനടക്കുന്നതിനാല്‍ പ്രതികളെ പെട്ടെന്നു തിരിച്ചറിയാന്‍പാടാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.