ന്യൂഡല്‍ഹി: ഭാരതത്തിന്റെ മണ്ണില്‍ ചോരപ്പുഴ ഒഴുക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ഒരുക്കിയ വന്‍ പദ്ധതി തകര്‍ത്ത് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലും കേന്ദ്ര ഏജന്‍സികളും. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ക്ക് ചരടുവലിച്ച ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ ഷബീര്‍ അഹമ്മദ് ലോണാണ് ഡല്‍ഹി അതിര്‍ത്തിയില്‍ വച്ച് പിടിയിലായത്. ജമ്മു കാശ്മീരിലെ കംഗന്‍ ശ്രീനഗര്‍ സ്വദേശിയായ ഷബീറിനെ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് വലയിലാക്കിയത്.

നേരിട്ടുള്ള ആക്രമണങ്ങളില്‍ ഇന്ത്യ കനത്ത തിരിച്ചടി നല്‍കുന്നതോടെ പാകിസ്ഥാന്‍ ഇപ്പോള്‍ ബംഗ്ലാദേശിനെ താവളമാക്കുകയാണ്. പാകിസ്ഥാന്റെ പങ്ക് ലോകത്തിന് മുന്നില്‍ മറച്ചുവെക്കാന്‍ ബംഗ്ലാദേശ് പൗരന്മാരെയും ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവരെയും ചാവേറുകളാക്കാനായിരുന്നു ഷബീറിന് ലഭിച്ച നിര്‍ദ്ദേശം. ഇതിനായി പ്രത്യേക റിക്രൂട്ട്മെന്റ് ചാനലുകള്‍ തന്നെ ഇയാള്‍ ബംഗ്ലാദേശില്‍ തുടങ്ങിയിരുന്നു.

സാധാരണക്കാരനല്ല പിടിയിലായ ഷബീര്‍ അഹമ്മദ് ലോണ്‍. ലഷ്‌കര്‍ തലവന്‍മാരായ ഹാഫിസ് സയീദ്, സാക്കി ഉര്‍റഹ്‌മാന്‍ ലഖ്വി എന്നിവരുമായി നേരിട്ട് ബന്ധമുള്ള ഇയാള്‍ മുസാഫറാബാദിലെ ഭീകരവാദ ക്യാമ്പുകളില്‍ നിന്ന് ഉന്നത പരിശീലനം സിദ്ധിച്ചയാളാണ്. 2007-ല്‍ ഡല്‍ഹിയില്‍ വച്ച് എകെ-47 തോക്കുകളും ഗ്രനേഡുകളുമായി ഇയാള്‍ പിടിയിലായിരുന്നു. 2018 വരെ തിഹാര്‍ ജയിലില്‍ കഴിഞ്ഞ ഷബീര്‍, ജാമ്യത്തിലിറങ്ങിയ ശേഷം ബംഗ്ലാദേശിലേക്ക് കടക്കുകയായിരുന്നു.

ജയിലില്‍ നിന്നിറങ്ങിയ ശേഷം ലഷ്‌കര്‍ ശൃംഖലകള്‍ പുനര്‍നിര്‍മ്മിക്കുകയും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമായിരുന്നു ഇയാളുടെ പ്രധാന പണി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹിയിലും ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലഷ്‌കര്‍ ബന്ധമുള്ള സ്ലീപ്പര്‍ സെല്ലുകളെ സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഷബീറിലേക്കും അന്വേഷണം എത്തിയത്. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ ഇയാളുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ടോ എന്ന് ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്.