ആലപ്പുഴ: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും വീടു നിര്‍മിക്കാന്‍ അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഗൃഹനാഥനോട് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയിരുന്നെന്നു പൊലീസ്. പലകാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ വീട് നിര്‍മ്മാണം വൈകിപ്പിച്ചതായാണ് ആരോപണം. ഇതില്‍ മനംനൊന്താണ് ആത്മഹത്യ. സംഭവത്തില്‍ പട്ടണക്കാട് പഞ്ചായത്ത് ഓഫിസിലെ രണ്ടു വിഇഒമാരെ ഇന്നലെ പട്ടണക്കാട് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു.

മേനാശേരി ചൂപ്രത്ത് സിദ്ധാര്‍ഥനാണ്(74) കഴിഞ്ഞ ദിവസം പട്ടണക്കാട് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷമാണ് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയത്. പിന്നാലെ സിദ്ധാര്‍ഥന്റെ ഭാര്യ ജഗദമ്മ പട്ടണക്കാട് പൊലീസില്‍ പരാതി നല്‍കി. ഓണത്തിനു തൊട്ടുമുന്‍പു പഞ്ചായത്ത് ഓഫിസിലെത്തിയ തന്നോടും ഭര്‍ത്താവിനോടും ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതാണു ആത്മഹത്യയ്ക്കു കാരണമെന്നു പരാതിയില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം മനോവേദനയുണ്ടാക്കിയതായി പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലും സൂചിപ്പിച്ചിരുന്നു.

തുടര്‍ന്നാണ് ആരോപണവിധേയരായ വിഇഒമാരെ പൊലീസ് വിളിപ്പിച്ചത്. ഇരുവരെയും ഒറ്റയ്ക്കും ഒന്നിച്ചും ഇരുത്തി വിവരങ്ങള്‍ ചോദിച്ചു. പഞ്ചായത്തുമായി കരാര്‍ വയ്ക്കുകയും നിര്‍മാണം തുടങ്ങാന്‍ തയാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടും അനുമതി നല്‍കാഞ്ഞത് എന്തുകൊണ്ടെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പഞ്ചായത്തുകാര്‍ പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പാലിച്ചെങ്കിലും അനാവശ്യമായി വീടു നിര്‍മ്മാണം വൈകിക്കുക ആയിരുന്നു. അതേസമയം വീടു നിര്‍മാണം വൈകിക്കുന്ന നടപടികളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണു വിവരം.

രേഖകള്‍ പൊലീസ് വിശദമായി പരിശോധിക്കും. മോശം പെരുമാറ്റത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാകുമോ എന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടും. ഇന്നലെ വൈകിട്ടു വരെ പൊലീസ് ഇരുവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പരാതിക്കാരിയില്‍നിന്നും അയല്‍ക്കാരില്‍നിന്നും മൊഴിയെടുത്തു. രേഖകളും മൊഴികളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു പട്ടണക്കാട് സ്റ്റേഷന്‍ ഓഫിസര്‍ കെ.എസ്.ജയന്‍ പറഞ്ഞു.