ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാനാവാതെ കൂട്ടുകാരിക്കും കുടുംബത്തോടും ഒപ്പം കഴിഞ്ഞിരുന്ന യുവതിക്കും പിഞ്ചു കുഞ്ഞിനും ദാരുണാന്ത്യം. ഉത്തരാഖണ്ഡ് സ്വദേശിയായ യുവതിയേയും കൂട്ടുകാരിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനേയുമാണ് യുവതിയുടെ ലിവിംഗ് പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ മജ്‌നു കാ തിലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവിനൊപ്പമായിരുന്നു കൊല്ലപ്പെട്ട യുവതി താമസിച്ചിരുന്നത്. യുവതിയും യുവാവും രഹസ്യ വിവാഹം കഴിച്ച് കഴിയുകയായിരുന്നുവെന്നും ഒരു വര്‍ഷം മുന്‍പുണ്ടായ കുഞ്ഞിനെ വേണ്ടെന്ന് വച്ചതിന് പിന്നാലെ ഇവരുവര്‍ക്കുമിടയില്‍ തര്‍ക്കം പതിവായിരുന്നെന്നുമാണ് ബന്ധു പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. വഴക്ക് പതിവായതിന് പിന്നാലെ കൂട്ടുകാരിക്കൊപ്പം താമസം തുടങ്ങിയ യുവതി കൂട്ടുകാരിയുടെ കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്നും ബന്ധു പറയുന്നു.

ഇരുവരും തമ്മില്‍ തര്‍ക്കം പതിവാകുകയും പങ്കാളിയുടെ മര്‍ദ്ദനം സഹിക്കാതെ വരികയും ചെയ്തതോടെയാണ് യുവതി കൂട്ടുകാരിക്കും കുടുംബത്തോടൊപ്പം താല്‍ക്കാലികമായി താമസിച്ചിരുന്നത്. കൂട്ടുകാരിയും ഭര്‍ത്താവും ജോലിക്ക് പോയ സമയത്ത് വീട്ടിലുണ്ടായിരുന്നത് ഉത്തരാഖണ്ഡ് സ്വദേശിനിയുടെ കൂട്ടുകാരിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മാത്രമായിരുന്നു. കൂട്ടുകാരി മൂത്ത മകളെ സ്‌കൂളില്‍ നിന്ന് ഉച്ചയോടെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയും യുവതിയേയും കാണുന്നത്. കഴുത്ത് അറുത്ത നിലയിലാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതിയുടെ ഭര്‍ത്താവായിരുന്ന യുവാവാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്. കാമുകിയുടെ കൂട്ടുകാരിയുടെ കുടുംബത്തിന്റെ ദിനചര്യ അറിയാമായിരുന്ന യുവാവ് വീട്ടുകാര്‍ ജോലിക്ക് പോയ സമയത്ത് മുന്‍ പങ്കാളിയേയും കൂട്ടുകാരിയുടെ കുഞ്ഞിനേയും ആക്രമിച്ചുവെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ യുവാവ് ആത്മഹത്യാ ശ്രമം നടത്തി പരാജയപ്പെട്ട യുവാവ് ഒളിവില്‍ പോയതായാണ് പൊലീസ് വിശദമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.