തളിപ്പറമ്പ്: ഒരു പോക്‌സോ കേസില്‍ പ്രതിയായിരിക്കവേ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റം ആവര്‍ത്തിച്ചതു കൊണ്ടാണ് തളിപറമ്പിലെ മദ്രസ അധ്യാപകനെ 187 വര്‍ഷം തടവും 10.9 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. സ്വര്‍ണമോതിരം നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് ഉദയഗിരിയിലെ കക്കാട്ട് വളപ്പില്‍ ഹൗസില്‍ മുഹമ്മദ് റാഫിയെ (39) ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷ വിധിച്ചത്.

ഏഴുവകുപ്പുകളിലായാണ് ശിക്ഷ. പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 50 വര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. മറ്റു വിവിധ വകുപ്പുകളിലാണ് 137 വര്‍ഷം തടവും 5.9 ലക്ഷം രൂപയും ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 50 വര്‍ഷമാണ് തടവില്‍ കഴിയേണ്ടത്. മുന്‍പ് 11 കാരിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്ക് 26 വര്‍ഷം ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷാ കാലയളവിനിടെ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് 16 കാരിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടി ഏഴാം തരത്തില്‍ പഠിക്കുമ്പോഴാണ് പീഡനത്തിനിരയായത്. ഇത് വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പത്താംതരം പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് സമയത്ത് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് മൂന്നുവര്‍ഷം മുന്‍പ് നടന്ന പീഡനവിവരമറിയുന്നത്. അപ്പോഴേക്കും മുഹമ്മദ് റാഫി വളപട്ടണം പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ശിക്ഷയനുഭവിച്ചുവരികയായിരുന്നു.

2020-ല്‍ ലോക് ഡൗണ്‍ തുടങ്ങിയതുമുതല്‍ 2021 ഡിസംബര്‍ വരെയുള്ള നാളുകളിലായിരുന്നു പീഡനം. വിവരം പുറത്തുപറഞ്ഞാല്‍ ശപിക്കുമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പഴയങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍. സന്തോഷ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രൊസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.