ഹൈദരാബാദ്: മഹാരാഷ്ട്രയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി സ്വന്തം മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. നാന്ദേഡ് ജില്ലയിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് തൻ്റെ ഇരട്ട പെൺമക്കളിൽ ഒരാളായ പ്രാച്ചിയെ തെലങ്കാനയിലെ നിസാമാബാദിൽ വെച്ച് കനാലിൽ മുക്കിക്കൊന്നത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്ത മഹാരാഷ്ട്രയിലെ നിയമം മറികടക്കാനായിരുന്നു ഈ ക്രൂരകൃത്യം.

പാണ്ഡുരംഗന് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമുൾപ്പെടെ മൂന്ന് മക്കളാണുള്ളത്. അടുത്ത ആറ് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്ന ഇയാൾക്ക്, നിലവിലെ നിയമം മൂലം അത് സാധിക്കുമായിരുന്നില്ല. തുടക്കത്തിൽ ഒരു മകളെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് ദത്തെടുക്കാൻ നൽകുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും അത് നടന്നില്ല. തുടർന്നാണ് ഇരട്ടകളിലൊരാളായ പ്രാച്ചിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഒരാളുടെ സഹായത്തോടെ പ്രാച്ചിയെ തെലങ്കാനയിലെ നിസാമാബാദിലുള്ള നിസാംസാഗർ കനാലിൽ എത്തിച്ച് മുക്കിക്കൊല്ലുകയായിരുന്നു. കനാലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ചിത്രം വാട്ട്സ്ആപ്പ് വഴി വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രചരിപ്പിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ മുഖേദ് താലൂക്കിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു.

പാണ്ഡുരംഗനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. സംശയം തോന്നിയ പോലീസ് ഇയാളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കുകയും ടവർ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തതിലൂടെ ഇയാൾ തെലങ്കാനയിൽ പോയതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ച ഗണേഷ് ഷിൻഡെ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷിൻഡെ നിലവിൽ പഞ്ചായത്ത് അംഗമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം നിറവേറ്റുന്നതിനായി സ്വന്തം മകളെ കൊലപ്പെടുത്താൻ തയ്യാറായ ഈ സംഭവം സമൂഹത്തിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.