- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലര്‍ച്ചെ രണ്ടുമണി വരെ ഹോസ്റ്റലില്‍ കൂട്ടുകാര്‍ക്കൊപ്പം പഠിച്ചു; 11 മണിയോടെ ഭക്ഷണം കഴിക്കാന്‍ മാത്രം പുറത്തിറങ്ങി; 19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആള്; മുറിയുടെ പൂട്ട് തകര്‍ത്ത് തുറക്കുമ്പോള്‍ വെക്യുറോണിയം ബ്രോമൈഡിന്റെ സിറിഞ്ചും വയലുകളും അരികില്‍; യുപിയില്‍ മലയാളി ഡോക്ടര്‍ അഭിഷോയുടെ മരണത്തില്‍ ദുരൂഹത
യുപിയില്‍ മലയാളി ഡോക്ടര്‍ അഭിഷോയുടെ മരണത്തില്‍ ദുരൂഹത
തിരുവനന്തപുരം : യുപിയിലെ ഗൊരഖ്പൂരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ മലയാളി ഡോക്ടര്‍ അഭിഷോയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പഠനത്തില്‍ ഏറെ മിടുക്കനായ മകന്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും കുടുംബത്തിലില്ലെന്ന് ഡോ. അഭിഷോയുടെ അച്ഛന്‍ ഡേവിഡ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
വരുന്ന 19 ന് നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പി ജി വിദ്യാര്‍ത്ഥിനിയായ ഭാര്യ നിമിഷയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് വരാന്‍ ഇരുന്നത്. മെഡിക്കല്‍ കോളേജുകളില്‍ ജോലി സമ്മര്‍ദം മൂലം പലരും വിഷമിക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും അഭിഷോയുടെ മരണത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
തിരുവനന്തപുരം പാറശ്ശാല പാലൂര്‍കോണം സ്വദേശിയായ അഭിഷോ ഡേവിഡാണ് ( 32) മരിച്ചത്. മൂന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും അനസ്‌തേഷ്യ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടറുമായിരുന്നു ഡോക്ടര്‍.
താമസിക്കുന്ന മുറിക്കുള്ളിലാണ് അഭിഷോയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ നിന്ന് മരുന്ന് കുത്തിവെച്ച നിലയിലുള്ള സിറിഞ്ച് അടക്കം കണ്ടെത്തിയിട്ടുണ്ട്. ജനറല്‍ അനസ്‌തേഷ്യക്ക് അനുബന്ധമായി നല്‍കാറുള്ള ന്യൂറോ മസ്‌കുലര്‍ ബ്ലോക്കിങ് ഏജന്റായ വെക്യുറോണിയം ബ്രോമൈഡിന്റെ സിറിഞ്ചും വയലുകളുമാണ് പൊലീസ് കണ്ടെത്തിയത്. വെന്റിലേറ്ററി സഹായത്തോടെയല്ലെങ്കില്‍ വെക്യുറോണിയം ബ്രോമൈഡ് ഉള്ളില്‍ ചെന്നാല്‍ മൂന്നുമിനിറ്റിനകം പേശികളുടെ ചലനശേഷി നഷ്ടപ്പെടുകയും മരണം സംഭവിക്കുകയും ചെയ്യാം.
ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നാണ് ബന്ധുക്കളെ അറിയിച്ചത്. അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ താമസ സ്ഥലത്തെത്തിയത്. മുറി പൂട്ടിയ നിലയിലായിരുന്നു. മുറിയുടെ പൂട്ടു തകര്‍ത്ത് അകത്തു കയറിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമാകും. ഒരു വര്‍ഷം മുന്‍പാണ് വിവാഹം കഴിഞ്ഞത്. മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് സഹപാഠികളും പറയുന്നത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. മുറിയില്‍ എത്തിയപ്പോള്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നിലവില്‍ അഭിഷോയുടെ കുടുംബം ഗോരഖ്പൂരില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മുറിയില്‍ നിന്ന് അമിതമായി മരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് ഗോരക്പൂര്‍ സിറ്റി എസ്പി അറിയിച്ചു. ഇതുവരെ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
വെള്ളിയാഴ്ച ഡോ. അഭിഷോ കൃത്യസമയത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ് കുമാര്‍ ഒരു ജീവനക്കാരനെ പരിശോധിക്കാന്‍ അയച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഹോസ്റ്റല്‍ മുറി അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ആവര്‍ത്തിച്ച് മുട്ടി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് ജീവനക്കാരന്‍ ഡോ. കുമാറിനെ വിവരമറിയിച്ചു. തുടര്‍ന്ന് അദ്ദേഹം മറ്റുള്ളവര്‍ക്കൊപ്പം ഹോസ്റ്റലിലെത്തി. വാതില്‍ ബലമായി തുറന്നപ്പോള്‍ ഡോ. ഡേവിഡ് തന്റെ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. 'സ്വാഭാവിക മരണമാണോ അതോ ആത്മഹത്യയാണോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് ഡോ. സതീഷ് കുമാര്‍ പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ അഭിഷോ അസ്വസ്ഥനായിരുന്നതിന്റെയോ, അസ്വാഭാവിക പെരുമാറ്റത്തിന്റെയോ സൂചന ലഭിച്ചിരുന്നില്ല. ഡോക്ടറുടെ സുഹൃത്തുക്കളും ഇക്കാര്യം ശരിവച്ചു. സെപ്റ്റംബറിലെ അവസാന പരീക്ഷയ്ക്കായി പഠിക്കുകയായിരുന്നു അഭിഷോയെന്ന് ഡോ.സതീഷ് കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി ഹോസ്റ്റലിലെ കൂട്ടുകാര്‍ക്കൊപ്പം പുലര്‍ച്ചെ രണ്ടുമണി വരെ പഠിച്ചിരുന്നു. ഇടയ്ക്ക് രാത്രി 11 മണിയോടെ ഭക്ഷണം കഴിക്കാന്‍ മാത്രമാണ് പുറത്തിറങ്ങിയത്. ഡോക്ടറുടെ ലാപ്‌ടോപ്പ് പൊലീസ് ഡിജിറ്റല്‍ അനാലിസിസ് നടത്തി വരികയാണ് കഴിഞ്ഞ രണ്ടുദിവസമായി ഡോക്ടര്‍ കുടുംബത്തിന് ചില ഇമെയിലുകള്‍ അയച്ചിരുന്നതായും പറയുന്നു. ഇവ ഫോറന്‍സിക് പരിശോധന നടത്തി വരികയാണ്.