അടൂര്‍: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് എരുവേശി തുരുത്തേല്‍ വീട്ടില്‍ അഖില്‍ അശോകന്‍ (27) ആണ് പിടിയിലായത്. ആട് വില്‍പ്പന സംബന്ധിച്ച് സമൂഹമാധ്യമത്തില്‍ മൊബൈല്‍ നമ്പര്‍ പോസ്റ്റ് ചെയ്തതിനുശേഷമാണ് യുവതിയുമായി പരിചയം തുടങ്ങിയത്. ഭര്‍ത്താവ് മരിച്ച യുവതിയുമായി സ്ഥിരം ഫോണ്‍ ബന്ധം പുലര്‍ത്തി, വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി അടൂരിലെത്തി ലൈംഗിക ബന്ധം സ്ഥാപിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഇതിനിടെ യുവതി ഗര്‍ഭിണിയായി. ഗര്‍ഭം അലസിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അഖില്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് യുവതി അടൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐമാരായ സുനില്‍ കുമാര്‍, രാധാകൃഷ്ണന്‍, സീനിയര്‍ സിപിഒ ശ്രീജിത്ത്, സിപിഒമാരായ എസ്.ഒ. ശ്യാംകുമാര്‍, ആര്‍. രാജഗോപാല്‍, രാഹുല്‍ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യനില ഗുരുതരമായതിനാല്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.